Connect with us

Kerala

16 യു പി സ്‌കൂളുകള്‍ ഹൈസ്‌കൂളായി ഉയര്‍ത്തും

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് കീഴില്‍ 2011-12ല്‍ അനുവദിച്ച 16 യു പി സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2010-11ല്‍ അനുവദിച്ച 36 യു പി സ്‌കൂളുകളില്‍ 35 എണ്ണം ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയിരുന്നു. കാസര്‍കോട് കുറ്റിക്കോട് ഹൈസ്‌കൂളും തുടങ്ങി. ഇവിടങ്ങളിലേക്ക് 288 പുതിയ തസ്തികകള്‍ അനുവദിച്ചു. 252 തസ്തികകളുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ഭാഷാധ്യാപകര്‍ക്കുള്ള ശേഷിക്കുന്ന തസ്തികകളുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച ആസ്തി ബാധ്യതാ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥതല സമിതിയെ നിയോഗിക്കുന്നത്. കോളജിലെ ജീവനക്കാരുടെ വിവരങ്ങള്‍, നടത്തിക്കൊണ്ടുപോകുന്നതിന് വരുന്ന ബാധ്യതകള്‍, സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, അധിക ജീവനക്കാരുടെ വിവരം തുടങ്ങിയ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് സമിതി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ ചെയര്‍മാനും എറണാകുളം ജില്ലാ കലക്ടര്‍ ഷെയ്ഖ് പരീത് കണ്‍വീനറുമായ സമിതിയില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയ്, സഹകരണ സെക്രട്ടറി ഗോപാല മേനോന്‍, കൊച്ചിന്‍ മെഡിക്കല്‍ കോളജിന്റെ ചുമതല വഹിക്കുന്ന ഡോ.ജിംദ് റഹ്മാന്‍ എന്നിവര്‍ അംഗങ്ങളാണ്. പരിയാരം മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതാ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ നൂറ് സീറ്റിലേക്ക് ഈ വര്‍ഷം തന്നെ പ്രവേശനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കാനും കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസിന് കെട്ടിടം നിര്‍മിക്കാനും 9.72 ആര്‍ സ്ഥലം വിട്ടുകൊടുക്കും. മലബാര്‍ സിമെന്റ്‌സിലെ നോണ്‍ മാനേജ്‌മെന്റ് സ്റ്റാഫിന്റെ വേതനം 2011 ഫെബ്രുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കും. തിരുവനന്തപുരം കവടിയാര്‍ പാലസ് പാര്‍ക്കില്‍ സ്വാമി വിവേകാനന്ദന്റെ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചു. അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ എല്ലാ വിഭാഗങ്ങളിലുമായി 84 തസ്തികകളും തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ 20 തസ്തികകളും സൃഷ്ടിക്കും. നെടുമങ്ങാട് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ സാഹചര്യത്തില്‍ 12 പുതിയ തസ്തികകള്‍ അനുവദിക്കും. ബ്രഹ്മപുരം, കോഴിക്കോട്, കണ്ണൂര്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകളില്‍ ഖരമാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ക്ക് ഇന്‍സിനറേഷന്‍ തെര്‍മല്‍ ഗ്യാസിഫിക്കേഷന്‍ അല്ലെങ്കില്‍ പ്ലാസ്മ ഗ്യാസിഫിക്കേഷന്‍ ഉപയോഗിക്കുന്ന പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി.

Latest