Connect with us

Editorial

പിന്നെയും നുഴഞ്ഞു കയറ്റം

Published

|

Last Updated

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് അതിക്രമം. തന്ത്രപ്രധാന മേഖലയായ ലഡാക്കിലെ ചുമാറില്‍ നുഴഞ്ഞുകയറിയ ചൈനീസ് സേന ഇന്ത്യ സ്ഥാപിച്ച പ്രതിരോധ ബങ്കറുകളും, നിരീക്ഷണ ക്യാമറകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തുകയുണ്ടായി. ഏപ്രില്‍ മാസത്തില്‍ ചൈന അതിക്രമച്ചു കടന്നതും ഇതേ മേഖലയിലായിരുന്നു. 1962ലെ ഇന്ത്യാ-ചൈന യുദ്ധവേളയില്‍ ചെറുവിമാനങ്ങള്‍ ഇറങ്ങുന്നതിനായി ഇന്ത്യ നിര്‍മ്മിച്ച ദൗലത് ബേഗ് ഓള്‍ഡിയിലെ എയര്‍സ്ട്രിപ്പിന് സമീപ പ്രദേശമാണിത്. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന എയര്‍സ്ട്രിപ്പ് 2008-ലാണ് വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയത്തിലുള്ള ഈ വിമാനത്താവളം വലിയ ഭീഷണിയായാണ് കാണുന്നത്.
ജൂണ്‍ 17 നാണ് പുതിയ കൈയേറ്റം നടന്നത്. അന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി ചൈനയിലായിരുന്നതിനാല്‍ അധികൃതര്‍ ഈ വിവരം പുറത്തു വിടാതിരിക്കുകയായിരുന്നു. ആന്റണിയുടെ ചൈനാ സന്ദര്‍ശനം വന്‍വിജയമായിരുന്നുവെന്നാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സൈനിക സഹകരണം ശക്തിപ്പെടുത്താനും അതിര്‍ത്തിയില്‍ സംയുക്ത സമാധാന ദൗത്യങ്ങള്‍ക്കും ആന്റണിയുടെ സന്ദര്‍ശനം വഴിയൊരുക്കിയതായി ചൈനീസ് അധകൃതര്‍ പ്രസ്താവനയുമിറക്കി. ഇതിലൂടെ ബീജിംഗ് ഇന്ത്യന്‍ ജനതയെ കബൡപ്പിക്കുകയായിരുന്നുവെന്നാണ് കൈയേറ്റ വാര്‍ത്ത ബോധ്യപ്പെടുത്തുന്നത്.
എന്നാല്‍ ഈ കൈയേറ്റവും ഇന്ത്യയുടെ പ്രതിഷേധവും ഒത്തുകളിയാണെന്നും ഏപ്രിലിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച ഒത്തുതീര്‍പ്പില്‍ ചുമാറില്‍ നിന്ന് ഇന്ത്യന്‍ സേന പിന്മാറണമെന്നും ഇന്ത്യ സ്ഥാപിച്ച ബങ്കറുകള്‍ പൊളിച്ചു മാറ്റണമെന്നും വ്യവസ്ഥപ്പെടുത്തിയിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അതിര്‍ത്തിയില്‍ ചൈനക്ക് റോഡ് മാര്‍ഗം എത്തിപ്പെടാനാകാത്ത മേഖലയാണ് ചുമാര്‍. ഇന്ത്യക്കാണെങ്കില്‍ ഇവിടെ അതിര്‍ത്തി വരെ റോഡുണ്ട്. അതിര്‍ത്തിയിലെ മറ്റെല്ലാ പ്രദേശങ്ങളിലേക്കും ചൈന റോഡ് നിര്‍മിക്കുകയോ റോഡ് നിര്‍മാണം ആരംഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും ചുമാറിലേക്ക് അവര്‍ക്ക് വ്യോമമാര്‍ഗം മാത്രമേയുള്ളു. റോഡ് നിര്‍മാണമാണ് പുതിയ കൈയേറ്റത്തിലൂടെ ചൈന ലക്ഷ്യമിടുന്നതെന്ന സന്ദേഹവുമുയര്‍ന്നിട്ടുണ്ട്.
1962ലെ യുദ്ധാനന്തരം സ്ഥാപിതമായ “യഥാര്‍ഥ നിയന്ത്രണരേഖ” കൃത്യതയില്ലാത്തതും അവ്യക്തവുമായതിനാലാണ് വീണ്ടും വീണ്ടും അതിര്‍ത്തര്‍ക്കങ്ങളും നുഴഞ്ഞു കയറ്റവും സംഭവിക്കുന്നത്. ചൈന ഇതിനകം നിരവധി തവണ അതിര്‍ത്തി ഭേദിച്ചിട്ടുണ്ട്. ഏപ്രിലിലെ നുഴഞ്ഞുകയറ്റം ഒരു യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ പല തവണ നടന്നതാണ്. ചൈനീസ് പ്രധാനമന്ത്രി ലീ കുചിയാംഗിന്റെ
ഈയിടത്തെ ഇന്ത്യാ സന്ദര്‍ശന വേളയിലും എ കെ ആന്റണിയുടെ ചൈനാ സന്ദര്‍ശനത്തിനിടയിലും അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചക്ക് വന്നിരുന്നു. എന്നാല്‍ ധൃതി പിടിച്ചു തീര്‍ക്കാവുന്നതല്ല വ്യക്തമായി നിര്‍ണയിച്ചിട്ടില്ലാത്ത അതിര്‍ത്തി രേഖ. ഇരുഭാഗത്തും വിശാല മനസ്‌കതയും വിട്ടുവീഴ്ചയും പ്രകടിപ്പിച്ചെങ്കില്‍ മാത്രമേ പ്രശ്‌നം പരിഹൃതമാകുകയുള്ളു. എന്നാല്‍ ഇതു സംബന്ധിച്ചു നയതന്ത്ര തലത്തില്‍ സംഭാഷണം തുടര്‍ന്നുകൊണ്ടിരിക്കെ തന്നെ വ്യാപാര, വ്യവസായ, പ്രതിരോധ മേഖലകളിലും സാംസ്‌കാരിക രംഗത്തും കൂടുതല്‍ സഹകരിച്ചു സൗഹൃദം സുദൃഢമാക്കാനുള്ള ശ്രമം സജീവമാക്കാകുന്നതാണ്. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിന്റെയും എ കെ ആന്റണിയുടെയും ചൈനാ സന്ദര്‍ശനവും ലീ കുചിയാംഗിന്റെ ഇന്ത്യാ സന്ദര്‍ശനവും ഈ വിഷയത്തില്‍ പ്രതീക്ഷാനിര്‍ഭരമായ കാല്‍വെയ്പ്പുകളായിരുന്നു.
മാനവ ശേഷിയിലും, പ്രകൃതിവിഭവങ്ങളിലും സാംസ്‌കാരിക മഹിമയിലും സമ്പന്നമാണ് ഇന്ത്യയും ചൈനയും. ഒരുമിച്ചു നിന്നാല്‍ ലോകത്തെ വന്‍ശക്തികളായിത്തീരുന്ന ഈ രാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നു കാണാനാണ് അമേരിക്കയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നത്. ഏഷ്യയില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള നീക്കങ്ങളെ ഇന്ത്യ-ചൈനാ സഹകരണം ദുര്‍ബലപ്പെടുത്തുമെന്ന് അമേരിക്ക ഭയപ്പെടുന്നു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രാജ്യങ്ങളുടെ വളര്‍ച്ചയെയും മുരടിപ്പിക്കും. ഇന്ത്യയും ചൈനയും പ്രതിരോധ മേഖലക്കുള്ള ബജറ്റ് വിഹിതം വര്‍ഷം തോറും കുത്തനെ വര്‍ധിപ്പിക്കുന്നത് അതിര്‍ത്തി പ്രശ്‌നങ്ങളെ ചൊല്ലിയാണ്. വികസന രംഗത്ത് വിനിയോഗിക്കേണ്ട തുകയാണ് ആയുധങ്ങള്‍ വാങ്ങിക്കുട്ടാന്‍ ചെലവിടുന്നത്. ഇതു മനസ്സിലാക്കി അതിര്‍ത്തി തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള വിവേകം ഭരണാധികാരികള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്.

Latest