Connect with us

Articles

ഇത് രാഷ്ട്രീയ നിരാശയില്‍ നിന്നുണ്ടായ ഗൂഢാലോചന

Published

|

Last Updated

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നിരാശയില്‍ നിന്നുണ്ടായ ഗൂഢാലോചനയാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട നീക്കങ്ങള്‍. ഈ കേസില്‍ എന്നെ ബന്ധപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സത്യത്തെ പൂര്‍ണമായി തമസ്‌കരിച്ചു കൊണ്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. ഗൂഢാലോചന നടത്തുന്നത് ആരാണെന്ന കാര്യത്തില്‍ ആര്‍ക്കും തെറ്റിദ്ധാരണ വേണ്ട. പ്രതിപക്ഷം തന്നെയാണത്. അതിനു മുന്നില്‍ മുട്ടുമടക്കാന്‍ ഉദ്ദേശിക്കുന്നില്ല. സോളാര്‍ കേസില്‍ ഞാന്‍ ആദ്യം പറഞ്ഞതു മുതല്‍ ഇന്നു വരെ ഒരു കാര്യം പോലും മാറ്റിപ്പറഞ്ഞിട്ടില്ല. നിയമസഭയില്‍ പല തവണ ഇതേക്കുറിച്ച് ഒരേ കാര്യം തന്നെയാണ് പറഞ്ഞത്. ചില ചാനലുകളില്‍ ഞാന്‍ വാക്കുകള്‍ മാറ്റിപ്പറഞ്ഞതായി വാര്‍ത്തകള്‍ വരുന്നുണ്ട്. പത്ത് ദിവസം ഒരേ വിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടന്നു. അന്നെല്ലാം ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇന്നും പറയാനുള്ളത്. അപ്പോഴെല്ലാം പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാരിന്റെ പ്രഥമ പരിഗണന ഈ ക്രിമിനല്‍ കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നതാണ്. സോളാര്‍ കേസില്‍ ഫലപ്രദമായ അന്വേഷണം പുരോഗമിക്കുകയാണ്.
സി ബി ഐ അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ എന്തിനാണ് പ്രതിപക്ഷം എതിര്‍ത്തത്? അന്വേഷണത്തെ അട്ടിമറിക്കാനാണെന്നായിരുന്നു അവരുടെ ആക്ഷേപം. അതിന്റെ അര്‍ഥം, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അവര്‍ തൃപ്തരാണെന്നാണ്. അന്വേഷണം ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കും. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അതിന് ശേഷം പ്രതിപക്ഷത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തുറന്ന മനസ്സോടെ അംഗീകരിക്കാം.
മുഖ്യമന്ത്രിയെ വന്നുകണ്ടതിന്റെ വിശ്വാസത്തിലാണ് തനിക്ക് പണം നഷ്ടപ്പെട്ടതെന്ന് ശ്രീധരന്‍ നായര്‍ക്ക് പരാതിയുണ്ടെങ്കില്‍ അദ്ദേഹം ആദ്യം വരേണ്ടത് എന്റെയടുത്തേക്കായിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ട് ചെയ്ത കാര്യത്തില്‍ തനിക്ക് പണം പോയെന്ന് പരാതി പറയാമായിരുന്നു. എന്നാല്‍ അദ്ദേഹം പിന്നീട് എന്നെ കാണാന്‍ ശ്രമിച്ചിട്ടേയില്ല. എന്റെയടുത്ത് വരാന്‍ ധാര്‍മിക സാഹചര്യം ഇല്ലായിരുന്നു എന്നല്ലേ ഇതില്‍ നിന്ന് കരുതേണ്ടത്? മാര്‍ച്ച് മൂന്നിന് പരാതിക്കാരന്‍ ഈ കേസിലെ പ്രതികള്‍ക്ക് അഭിഭാഷകന്‍ മുഖേന അയച്ച ആര്‍ബിട്രേഷന്‍ നോട്ടീസില്‍ എന്നെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. എന്നെ കാണാന്‍ വരുന്നതിന് മുമ്പ്, അതായത് 2012 ജൂണ്‍ 22ന് ഈ പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തി ജൂണ്‍ 25ന് എം ഒ യു ഒപ്പ് വെക്കുകയും 40 ലക്ഷത്തിന്റെ ചെക്കുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ആ നോട്ടീസിലുണ്ട്. അന്ന് ഈ കേസിന് യാതൊരു രാഷ്ട്രീയ സാഹചര്യവുമില്ല, ഇതിന്റെ പ്രാധാന്യം ആര്‍ക്കും അറിയുകയുമില്ല. പിന്നീടാണ് പത്തനംതിട്ട കോടതിയില്‍ ശ്രീധരന്‍ നായര്‍ ഹരജി നല്‍കുന്നത്. ആ ഹരജി തയാറാക്കിയ ശേഷം “മുഖ്യമന്ത്രിയുടെയും” എന്ന വരി മുകളില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ നല്‍കുന്ന പരാതിയില്‍ ആരെങ്കിലും കാഷ്വലായി പേര് എഴുതിച്ചേര്‍ക്കുമോ?
ചെങ്ങന്നൂരില്‍ പോലീസിന് മൊഴിനല്‍കിയപ്പോഴും്യൂഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ശ്രീധരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആ മൊഴിയിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. എന്റെ ഓഫീസിലെ ക്ലര്‍ക്കായിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസിലെ ഗൂഢാലോചന ആരംഭിച്ചത്. എന്നെയും കൂടി ഉള്‍പ്പെടുത്തുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ മോഹം. ഇതിന്റെ ഭാഗമായാണ് കോടതിയില്‍ നല്‍കിയ 164ാം വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്.
ഏതു വിഷയത്തിലായാലും സത്യം കണ്ടെത്തി ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. വാര്‍ത്തയും അതിനെക്കുറിച്ചുള്ള നിഷേധവും നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, വാര്‍ത്ത ബുദ്ധിമുട്ടുണ്ടാക്കിയ വ്യക്തിയുടെ പ്രശ്‌നങ്ങള്‍ നിഷേധക്കുറിപ്പില്‍ തീരില്ല. അതുകൊണ്ട് വാര്‍ത്തയുടെ മറുവശം എന്തെന്ന് പരിഗണിക്കണം. ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കുന്നതില്‍ തെറ്റില്ല. പക്ഷേ, നല്‍കുന്ന വാര്‍ത്തകളിലെ സത്യങ്ങളും ജനങ്ങളെ അറിയിക്കണം. ആരാണ് കുറ്റക്കാരന്‍ എന്ന് കണ്ടെത്തി പരിമിതിക്കുള്ളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ അത് ചെയ്യണം. എന്നെ സഹായിക്കണമെന്ന് പറയുന്നില്ല. പറഞ്ഞാലും നിങ്ങള്‍ അത് ചെയ്യില്ലെന്ന് എനിക്കറിയാം. എങ്കിലും സത്യം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതയുണ്ടെന്ന കാര്യം മാധ്യമങ്ങള്‍ മറക്കരുത്. ഉമ്മന്‍ ചാണ്ടിയെന്ന വ്യക്തിക്കെതിരെയുള്ള വിമര്‍ശ ങ്ങളല്ല മാധ്യമങ്ങള്‍ നടത്തുന്നതെന്ന് എനിക്കറിയാം. ഞാനിരിക്കുന്ന കസേരക്ക് നേരെയുള്ള വിമര്‍ശങ്ങളാണ്. ഓരോ സ്ഥാനത്ത് ഇരിക്കുമ്പോഴും ആ പദവികള്‍ക്കെതിരെയുള്ള വ്യത്യസ്ത വാര്‍ത്തകളാകും ഉണ്ടാകുക.
എന്റെ കുടുംബത്തെ പോലും അപമാനിക്കുന്ന രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്റെ മകന് അമേരിക്കയിലുള്ള ഏതോ കമ്പനിയുടെ ഷെയര്‍ ഉണ്ടെന്നും സി ഇ ഒ ആണെന്നുമാണ് ബി ജെ പിയുടെ നേതാവ് പറഞ്ഞത്. മാധ്യമങ്ങള്‍ ഇതിന്റെ സത്യം പുറത്തുകൊണ്ടുവരണം. ഞാന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ഉണ്ടായിരുന്ന സ്വത്തുവിവരമൊക്കെ നിയമപരമായി അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളെ അറിയിക്കാനായി വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും വ്യത്യാസമുണ്ടായിട്ടുണ്ടെങ്കില്‍ മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.
രാഷ്ട്രീയമായി മറുപടി പറയാനില്ലാത്തപ്പോഴാണ് കുടുംബത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുന്നത്. അതില്‍ എനിക്ക് പരിഭവമില്ല. അവര്‍ നിയമസഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്താത്തതാണോ ഞങ്ങളുടെ ബലഹീനത. ഞങ്ങള്‍ വിചാരിച്ചാലും പ്ലക്കാര്‍ഡ് ഉണ്ടാകില്ലേ? അത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മാന്യതയാണ്. പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട മിതത്വമുണ്ട്, മാന്യതയുടെ അതിര്‍വരമ്പുണ്ട്. രാഷ്ട്രീയമായി വിയോജിപ്പുകളുണ്ടായാലും മാന്യതയുടെ അതിര്‍വരമ്പുകള്‍ പാലിക്കണം
മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ കുരുവിളയെ ജയിലില്‍ അടച്ചുവെന്നാണ് ആരോപണം. തെറ്റായ നിലപാട് എടുത്തിട്ടുണ്ടെങ്കില്‍ അതു തുറന്നു കാട്ടണം. യഥാര്‍ഥത്തില്‍, കുരുവിള എന്നെയും കബളിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് ഒരു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കുരുവിള ആദ്യം പരാതി പറഞ്ഞത്. എന്റെ പേര് ദുരുപയോഗം ചെയ്ത സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഞാന്‍ തന്നെ മുന്‍കൈയെടുത്ത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കുരുവിളയുടെ പരാതി ഗൗരവമായാണ് എടുത്തത്.
ഉടന്‍ തന്നെ ഡി ജി പിയെ വിളിച്ചുവരുത്തി, കുരുവിളയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷമാണ് അവരെ വിട്ടയച്ചത്. ഏതാനും ദിവസത്തിന് ശേഷം ഈ പ്രതികള്‍ തന്നെ വന്നു കണ്ടു പൊട്ടിക്കരഞ്ഞു. കുരുവിളയാണ് യഥാര്‍ഥത്തില്‍ തങ്ങളെ കബളിപ്പിച്ചതെന്നും കേസ് നല്‍കുന്നത് തടയാനായി കുരുവിള പരാതി നല്‍കിയതാണെന്നും അവര്‍ പറഞ്ഞു. ഈ പരാതിയും ഞാന്‍ പോലീസിന് കൈമാറി. കുരുവിളക്കെതിരെ അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. അവര്‍ മുഴുവന്‍ തെളിവുകളും നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മണി ചെയിന്‍ സ്ഥാപനത്തിന്റെ ആളാണ് കുരുവിളയെന്ന സത്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഇത്തരം സത്യങ്ങളാണ് മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടേണ്ടത്.
ശ്രീധരന്‍ നായര്‍ എന്നെ സന്ദര്‍ശിച്ച ദിവസത്തെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നാണ് ആവശ്യം. എന്റെ ഓഫീസില്‍ ലൈവ് വെബ്കാസ്റ്റിംഗ് ഉണ്ട്. അത് റെക്കോര്‍ഡ് ചെയ്യപ്പെടുന്നില്ല. കോറിഡോറിലാണ് സി സി ടി വി ക്യാമറയുള്ളത്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് സി സി ടി വി സ്ഥാപിച്ചത്. ഇതിലെ ദൃശ്യങ്ങള്‍ പരമാവധി 14 ദിവസം വരെയേ സൂക്ഷിക്കാറുള്ളൂ. അതിനു ശേഷം തനിയേ ദൃശ്യങ്ങള്‍ “ഡിലിറ്റായി” പോകുന്ന സംവിധാനമാണ് സി സി ടി വിയിലുള്ളത്. ഇത് ഇടതു സര്‍ക്കാഖിന്റെ കാലത്താണ് സെക്രട്ടേറിയറ്റിലും മറ്റും സ്ഥാപിച്ചത്. സെക്രട്ടറിയേറ്റിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ചില സി സി ടി വികളില്‍ ഒമ്പത് ദിവസം മാത്രമേ റിക്കാര്‍ഡ് ചെയ്ത ദൃശ്യങ്ങളുണ്ടാകൂ. മറ്റു ചിലതില്‍ 14 ദിവസവും.
എന്റെ ഓഫീസിലെ വെബ്ക്യാമറയില്‍ ലൈവ് ടെലികാസ്റ്റാണുള്ളത്. റെക്കാര്‍ഡിംഗ് ഇല്ല. റിക്കാര്‍ഡിംഗ് ചെയ്യണമെങ്കില്‍ വളരെ പണച്ചെലവും സാങ്കേതിക മികവും വേണം. അതേസമയം ഈ ലൈവ് ദൃശ്യങ്ങള്‍ പുറത്തുനിന്ന് ആര്‍ക്കും റിക്കാര്‍ഡ് ചെയ്യാനാകും. തന്റെ ഓഫീസിലെ വെബ് ക്യാമറാ ദൃശ്യങ്ങളെക്കുറിച്ച് നിയമസഭക്ക് പുറത്ത് പല ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ബി ജെ പിയിലെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത് 23-ാം തീയതിയിലെ ക്യാമറാ ദൃശ്യം പരിശോധിക്കണമെന്നായിരുന്നു. ഏതായാലും ആ ദിവസം രാവിലെ ആറ് മണിയുടെ വിമാനത്തില്‍ ഞാന്‍ എറണാകുളത്തേക്ക് പോയതിനാല്‍ ഓഫീസിലുണ്ടായിരുന്നില്ല. കോട്ടയത്തെ പരിപാടിക്ക് ശേഷം വൈകുന്നേരമാണ് ഓഫീസിലെത്തിയത്.
ജനങ്ങളാണ് സര്‍ക്കാറിന്റെ ശക്തി, ജനപിന്തുണ നഷ്ടപ്പെട്ട പ്രതിപക്ഷത്തിന്റെ അങ്കലാപ്പാണ് ഇപ്പോഴത്തെ രാഷ്ട്രീയ ഗുഢാലോചനക്കു പിന്നില്‍. നടത്തിയ സമരങ്ങളൊന്നും ക്ലച്ച് പിടിച്ചില്ല. രണ്ട് എം എല്‍ എമാരുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. ആരെങ്കിലും മൂത്രമൊഴിക്കാന്‍ പോയാല്‍ ഭരണം താഴെപ്പോകുമെന്നാണ് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ അതിന് ശേഷം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് ജയിക്കുന്നതാണ് കണ്ടത്. കോണ്‍ഗ്രസും യു ഡി എഫും ഒറ്റക്കെട്ടാണെന്ന് ആ വിജയങ്ങളിലൂടെ ബോധ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷം സമരപരമ്പര തുടങ്ങി. പക്ഷെ, സമരങ്ങളൊന്നും ക്ലച്ച് പിടിച്ചില്ല.
ഇപ്പോഴത്തെ ഗൂഢാലോചനയില്‍ പ്രതിപക്ഷത്തിനല്ലാതെ മറ്റാര്‍ക്കും പങ്കില്ല. അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. ജനങ്ങളോട് ബന്ധമുള്ളതിനാല്‍ അവര്‍ എന്നെ ഭയപ്പെടുന്നു. തിരഞ്ഞെടുപ്പുകളില്‍ ജയം നേടിയതിനാല്‍ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും പേടിക്കുന്നു. ഇപ്പോള്‍ എന്റെ ഓഫീസുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായപ്പോള്‍ ആ അവസരം ഉപയോഗിച്ച് വലിച്ചങ്ങ് താഴെയിടാമെന്നാണ് കരുതിയത്. ആ ഉദ്ദേശ്യം നടക്കാതെ വന്നപ്പോള്‍ വ്യക്തിപരമായി അപമാനിക്കാന്‍ തുടങ്ങി. അതും നടന്നില്ല. സത്യം ജനങ്ങളെ അറിയിക്കുന്നതുവരെ ഏത്ര അപമാനിച്ചാലും പിടിച്ചുനില്‍ക്കും. ഈ ഗൂഢാലോചന രാഷ്ട്രീയമായി നേരിടുക തന്നെ ചെയ്യും.
ഇത്രയും ദിവസം നിയമസഭ നടന്നിട്ട് ജനങ്ങളുടെ എന്തു പ്രശ്‌നമാണ് പ്രതിപക്ഷം ചര്‍ച്ച ചെയ്തത്? വിലക്കയറ്റം, കാലവര്‍ഷം തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തോ? അവര്‍ പറഞ്ഞത് മുഴുവന്‍ സോളാറിനെക്കുറിച്ചാണ്. അതും ചര്‍ച്ച ചെയ്യണം. ജനങ്ങളുടെ പ്രശ്‌നം കഴിഞ്ഞ് ബാക്കിയുള്ള സമയത്ത് ചര്‍ച്ച ചെയ്താല്‍ പോരേ? ജനാധിപത്യത്തിന്റെ ശക്തി ചര്‍ച്ചയും വിയോജിപ്പുമൊക്കെയാണ്. പക്ഷെ, സഭ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്റെത്. അതിന് ഞങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കോണ്‍ഗ്രസിലും യു ഡി എഫിലും ഭിന്നതയുണ്ടെന്ന ചില വാര്‍ത്തകള്‍ വരുന്നുണ്ട്. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായി ഭിന്നതയെന്ന് മറ്റൊന്ന്. എന്നാല്‍ ഇതൊന്നും ശരിയല്ല. സത്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ദൈവഭയം ഉള്ളയാളാണ് ഞാന്‍. ശരി ചെയ്താല്‍ കുഴപ്പമില്ല. തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടുമെന്ന ഭയമെനിക്കുണ്ട്. ഇന്ന് അധികാരത്തില്‍ നിന്ന് ഞാന്‍ മാറിയാല്‍ അത് സത്യത്തോട് കാട്ടുന്ന അനീതിയാണെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
(തയ്യാറാക്കിയത്: കെ എം ബഷീര്‍)

---- facebook comment plugin here -----

Latest