അല്‍ ഗുവൈഫാത്തിലൂടെ 16.5 ലക്ഷം യാത്രക്കാര്‍

Posted on: July 10, 2013 9:15 pm | Last updated: July 10, 2013 at 9:15 pm

അബുദാബി: കഴിഞ്ഞ ആറു മാസക്കാലം 16.5 ലക്ഷം യാത്രക്കാര്‍ ഗുവൈഫാത്ത് അതിര്‍ത്തി ഉപയോഗപ്പെടുത്തിയതായി അബുദാബി പോലീസ്. രാജ്യത്തെ പ്രധാനപ്പെട്ട അതിര്‍ത്തി കേന്ദ്രങ്ങളിലൊന്നാണ് ഗുവൈഫാത്ത്. അതിര്‍ത്തിയിലെ എമിഗ്രേഷന്‍ ഓഫീസ് ഉപയോഗിച്ചവരില്‍ പകുതിയിലധികവും രാജ്യത്തേക്ക് പ്രവേശിച്ചവരാണ്.
വിശുദ്ധ റമസാനില്‍ ഗുവൈഫാത്ത് വഴി കടന്നുപോകാനിരിക്കുന്ന ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുറഞ്ഞ മിനിറ്റുകള്‍ കൊണ്ട് ഒരു യാത്രക്കാരന്റെ രേഖകള്‍ ശരിപ്പെടുത്താന്‍ കഴിവുറ്റ ഉദ്യോഗസ്ഥരെയാണ് അതിര്‍ത്തിയിലെ സേവനങ്ങള്‍ക്ക് നിയമിച്ചിരിക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ വേനലവധി ആരംഭിച്ചതിനാല്‍ രാജ്യത്ത് കുടുംബമായി കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ സ്വദേശങ്ങളിലേക്ക് മടങ്ങാനും രാജ്യത്തുള്ള കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി പുറമെ നിന്നുള്ളവര്‍ രാജ്യത്ത് കടക്കാനും പ്രധാനമായും ഉപയോഗിക്കുന്നത് ഗുവൈഫാത്ത് അതിര്‍ത്തിയാണ്.