സോളാര്‍ വിവാദം:ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

Posted on: July 10, 2013 1:02 pm | Last updated: July 10, 2013 at 1:31 pm

oommenchandi

തിരുവനന്തപുരം:സോളാര്‍ വിവാദത്തില്‍ താന്‍ ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് ആരോപണത്തിന് മറുപടി പറയുന്നതെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്തു ദിവസവും പ്രതിപക്ഷം പറഞ്ഞത് ഒരേ കാര്യമാണ്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം ജയിക്കും, ഇപ്പോള്‍ രാജിവെച്ചാല്‍ സത്യത്തോടുള്ള അനീതിയാകും. ശ്രീധരന്‍ നായര്‍ക്ക് നഷ്ടം വന്നിട്ടുണ്ടെങ്കില്‍ ആദ്യം വന്ന് കാണേണ്ടത് തന്നെയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.കെ കുരുവുളയുടെ ആരോപണങ്ങളെല്ലാം തെറ്റാണ്. പ്രതിപക്ഷം ഇപ്പോള്‍ രാഷ്ട്രീയ ലാഭമാണ് നോക്കുന്നത്.
പ്രതിപക്ഷത്തിന്റ രാഷ്ട്രീയ ലാഭത്തിന് മുന്നില്‍ മുട്ടുമടക്കില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ കേള്‍ക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജോപ്പനെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് തന്നെ ഇതിന്റെ പേരില്‍ കുടുക്കാന്‍ പ്രതിപക്ഷം മോഹിച്ചത്. മകന്റെ പേരില്‍ വരെ വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ആരോപണം ബ്രേക്കിംഗ് ന്യൂസായി നല്‍കിയ മാധ്യമങ്ങള്‍ അതേക്കുറിച്ചുള്ള സത്യാവസ്ഥ കാഴ്ചക്കാരിലെത്തിക്കാനും ശ്രമിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണത്തിനെതിരെ നിയമ നടപടിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്ത് മാര്‍ഗവും സ്വീകരിച്ച് അധികാരത്തില്‍ താന്‍ കടിച്ച് തൂങ്ങുന്നയാളല്ല താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.