Connect with us

Malappuram

ദുരിതത്തീമഴയില്‍ അഞ്ചച്ചവിടിയിലെ നാലംഗ കുടുംബം

Published

|

Last Updated

കാളികാവ്: രോഗങ്ങളും പട്ടിണിയുമായി അഞ്ചച്ചവിടിയില്‍ നാലംഗ കുടുംബം ദുരിതമനുഭവിക്കുന്നു. പൂച്ചപ്പൊയിലിലെ കളരിക്കല്‍ ജനാര്‍ദനപ്പണിക്കരുടെ സഹോദരിയും ഭാര്യയുമടങ്ങുന്ന കുടുംബമാണ് ശരീരവും മനസ്സും വേദനയില്‍ കുതിര്‍ന്ന ജീവിതവുമായി കാലം കഴിക്കുന്നത്.
എഴുപത് പിന്നിട്ട ജനാര്‍ദനപ്പണിക്കര്‍ക്ക് ഒട്ടേറെ ശാരീരിക അവശതകളുണ്ട്. ക്യാന്‍സര്‍ ബാധിതനായ പണിക്കര്‍ക്ക് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നതോടെ വീട്ടിനുള്ളില്‍ തന്നെ ഇദ്ദേഹത്തിന് ഒതുങ്ങേണ്ടി വന്നു. ഒരു കണ്ണിന് കാഴ്ചയുമില്ല. ജീവിതം പാടെ തകര്‍ന്നതിനിടയിലാണ് കൂടെ കഴിയുന്ന സഹോദരിയും വികലാംഗയുമായ വിശാലാക്ഷിയും ക്യാന്‍സര്‍ രോഗത്തിന്റെ പിടിയലാവുന്നത്. ജനാര്‍ദനപണിക്കരുടെ ഭാര്യ കാര്‍ത്ത്യായനിയാരുന്നു കൂലിപ്പണിയെടുത്ത് കുടുംബത്തിനെ പോറ്റിയരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷമായി നട്ടെല്ലിന് ക്ഷതമേറ്റതിനാല്‍ കാര്‍ത്ത്യായനി ഇപ്പോള്‍ ഒരു ജോലിയും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായതോടെ ഈ ദരിദ്ര കുടംബം തളര്‍ന്നു.
ഇവരുടെയെല്ലാം ദുരിതം കണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പണിക്കരുടെ മകളുടെ മകന്‍ ബാലസുബ്രമണ്യന് നാട്ടുകാരുടെ മാത്രം സഹായം കൊണ്ട് പഠനം മുന്നോട്ടകൊണ്ട് പോവേണ്ട ഗതികേടാണ്.
പഞ്ചായത്ത് പദ്ധതിയില്‍ ലഭിച്ച കൊച്ചുവീട്ടില്‍ കഴിയുന്ന കുടുംബത്തിന് വിശപ്പടക്കാനും ചികില്‍സക്കുമായി ഒരു വരുമാനവുമില്ല. കാളികാവ് പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ യൂനിറ്റ്, പുറ്റമണ്ണ ബദരിയ റേഷന്‍ പദ്ധതി എന്നിവയില്‍ നിന്നും ലഭിക്കുന്ന സഹയമാണ് ആകെയുള്ള ആശ്രയം.

Latest