പരാതി തീര്‍പ്പില്‍ ‘സുതാര്യകേരള’ത്തിന് വന്‍ മുന്നേറ്റം

Posted on: July 10, 2013 1:02 am | Last updated: July 10, 2013 at 1:02 am

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര പരിപാടിയുടെ ഭാഗമായി രൂപവത്കരിച്ച സുതാര്യകേരളം ജില്ലാതല ഓഫീസുകളില്‍ കോഴിക്കോട് വന്‍ മുന്നേറ്റം കൈവരിച്ചു. സംസ്ഥാനത്ത് ഇതിനകം ഏറ്റവും കൂടുതല്‍ പരാതികള്‍ സ്വീകരിച്ചും മിക്കതിലും പരിഹാരം കണ്ടെത്തിയും ജില്ലാതല സെല്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാതല അവലോകനത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നും പരാതി പരിഹരിക്കുന്നത് സംബന്ധിച്ച പുരോഗതി ജില്ലാ കലക്ടര്‍ സി എ ലതയുടെ നേതൃത്വത്തില്‍ വിലയിരുത്തി. മുന്തിയ പരിഗണനയോടെ പരാതികള്‍ തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ ജാഗ്രത കാട്ടണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ 300ഓളം വരുന്ന പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍കാരുടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം ചെയ്യാന്‍ 26 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. പെന്‍ഷന്‍ തുക ഇന്നലെ വിതരണം തുടങ്ങി. കേരള ടെക്‌സ്റ്റൈല്‍ കോര്‍പറേഷന്റെ കീഴിലുള്ള മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്ലില്‍നിന്ന് 2003ല്‍ സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ പിരിഞ്ഞുപോയ 207 തൊഴിലാളികളില്‍ 164 പേര്‍ക്കുള്ള അഞ്ച് ലക്ഷം രൂപ ആറ് മാസത്തിനകം കൊടുത്തുതീര്‍ക്കുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ സുതാര്യകേരളത്തെ അറിയിച്ചതായി നോഡല്‍ ഓഫീസര്‍ കൂടിയായ പബ്ലിക് റിലേഷന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ പി വിനോദ് അറിയിച്ചു. 155 തൊഴിലാളികള്‍ക്കും ഒമ്പത് ജീവനക്കാര്‍ക്കുമുള്ള തുകയാണ് ഇപ്രകാരം നല്‍കുക. അര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കുന്നതില്‍ കാലതാമസം വരുന്നതായി കാണിച്ച് അരക്കിണര്‍ കീരംപള്ളി കെ പി ശിവശങ്കരന്‍ സുതാര്യകേരളം ജില്ലാതല സെല്ലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയില്‍ നിന്ന് വായ്പയെടുക്കുകയും മാരകരോഗത്തിന് അടിമപ്പെടുകയും ചെയ്ത പാലാഴി പാലാപറമ്പത്ത് കെ രാമചന്ദ്രന്റെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ ആശ്വാസ് 2012 പദ്ധതി പ്രകാരം വേഗത്തില്‍ നടപടി കൈക്കൊള്ളാന്‍ സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സ്റ്റിയറിംഗ് സമിതി മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചതായി ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.
കക്കോടി ബൈപ്പാസ് നിര്‍മാണത്തിന് 125 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ക്ക് മുമ്പാകെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി, മഠത്തില്‍ അബൂബക്കര്‍ ഹാജി നല്‍കിയ പരാതിയിന്മേല്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വെളിപ്പെടുത്തി. ആ പ്രദേശത്തെ വാഹന ട്രാഫിക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ ഒഴിവാക്കാന്‍ ബൈപ്പാസ് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
കുറ്റിയാടി പുഴയുടെ ഇടതുകര ഇടിയുന്നത് പ്രതിരോധിക്കാന്‍ 430 മീറ്റര്‍ നീളത്തില്‍ 120 ലക്ഷം രൂപയുടെ തീര സംരക്ഷണഭിത്തി നിര്‍മാണത്തിന് ഫണ്ട് ലഭ്യമാകുന്ന മുറക്ക് പ്രവൃത്തി ഏറ്റെടുക്കുമെന്ന്, ആവള സ്വദേശി മുഹമ്മദ് ശാഫിയുടെ ഹര്‍ജിക്കുള്ള മറുപടിയായി ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു.
ബാലുശ്ശേരി റേഞ്ചില്‍ കൈരളി റോഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ഷോപ്പ് എത്രയും വേഗത്തില്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഉറപ്പുനല്‍കി. ഉചിതമായ കെട്ടിടം ലഭിക്കുന്ന മുറക്ക് ഷോപ്പ് മാറ്റി സ്ഥാപിക്കാന്‍ ബീവറേജസ് കോര്‍പറേഷന്‍ സമ്മതിച്ചിട്ടുണ്ട്. മദ്യവിരുദ്ധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി എ കൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കുട്ടികള്‍ വേണ്ടത്രയില്ലാത്തതിനാല്‍ മലാപറമ്പ് എ യു പി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നീക്കമുണ്ടെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്നും ആ വിധത്തില്‍ യാതൊരു നിര്‍ദേശവും പരിഗണനയിലില്ലെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
സുതാര്യകേരളം ജില്ലാതല ഓഫീസില്‍ രണ്ട് മാസത്തിനകം അഞ്ഞൂറിലധികം പരാതികള്‍ ലഭിച്ചതായി നോഡല്‍ ഓഫീസര്‍ പറഞ്ഞു. പരാതി തീര്‍പ്പാക്കാന്‍ മിക്ക വകുപ്പുകളും നല്ല സഹകരണമാണ് നല്‍കുന്നതെന്നും സാധാരണക്കാരയ ഒട്ടേറെ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതായും അദ്ദേഹം അറിയിച്ചു. കോ-ഓര്‍ഡിനേറ്റര്‍ കെ ആര്‍ ജുബീഷ്, കെ കിഷോര്‍ കുമാര്‍, സജീവന്‍ മേച്ചേരി എന്നിവരാണ് ഓഫീസ് ചുമതല നിര്‍വഹിക്കുന്നത്.