Connect with us

Editorial

സഭാ സ്തംഭനം ജനാധിപത്യ സ്തംഭനം

Published

|

Last Updated

സോളാര്‍ വിവാദത്തില്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് നിയമസഭ വീണ്ടും നടപടികള്‍ വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരിക്കയാണ്. ശ്രീധരന്‍ നായരുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തിനൊടുവില്‍ ധനകാര്യ ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയാണ് ഈ മാസം 18ന് അവസാനിക്കേണ്ടിയിരുന്ന സഭ ഇന്നലെ പിരിഞ്ഞത്. ജൂണ്‍ 17ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ചേര്‍ന്നത്. എന്നാല്‍ സോളാര്‍ വിവാദം സൃഷ്ടിച്ച പ്രക്ഷുബ്ധാന്തരീക്ഷത്തില്‍ നടപടികളിലേക്ക് പ്രവേശിക്കാന്‍ സഭക്ക് സാധിച്ചില്ല. കഴിഞ്ഞ തവണയും ഇതേ അവസ്ഥയായിരുന്നു. ജൂണ്‍ 17ന് ആരംഭിച്ച സഭ 24-ാംതിയതി വരെ തുടര്‍ന്നെങ്കിലും സോളാര്‍ വിവാദം അന്നും നടപടികള്‍ അലങ്കോലപ്പെടുത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ ധനാഭ്യര്‍ഥനകളെല്ലാം ഒറ്റയടിക്ക് പാസ്സാക്കി ജൂലൈ എട്ടിനു വീണ്ടും കൂടാമെന്ന ധാരണയില്‍ നിര്‍ത്തിവെക്കുകയാണുണ്ടായത്. ജണ്‍ 24ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണമായിരുന്നു സഭ നിര്‍ത്തിവെക്കാനിടയായ ബഹളത്തിന് വഴിവെച്ചത്.
രണ്ട് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണത്തെ തുടര്‍ന്ന് പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മളനവും ഈ വര്‍ഷം സമയത്തിന് മുമ്പേ അവസാനിപ്പിക്കുകയാണുണ്ടായത്. ദേശീയ ഭക്ഷ്യ സുരക്ഷാ ബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍ തുടങ്ങി സുപ്രധാന ബില്ലുകള്‍ പസാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പാര്‍ലിമെന്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ണമായും ബഹളമയമായിരുന്നു. അവിടെയും ധനകാര്യ ബില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഭരണസ്തംഭനം ഒഴിവാക്കാന്‍ ചര്‍ച്ച കൂടാതെ ബില്‍ പാസ്സാക്കാന്‍ പ്രതിപക്ഷം അനുമതി നല്‍കിയത് കൊണ്ടാണ് പാര്‍ലിമെന്റില്‍ ് പ്രസ്തുത ബില്ലുകള്‍ ചുട്ടെടുക്കാനായത്.
നിയമ നിര്‍മാണ സഭകളില്‍ പ്രക്ഷുബ്ധാവസ്ഥയും സ്തംഭനവും നിശ്ചിത സമയത്തിന് മുമ്പേ പിരിയലും ഇന്നൊരു പതിവ് ശൈലിയായി മാറിയിരിക്കുന്നു. നിയമസഭ ചേരാനുള്ളതല്ല പിരിയാനുള്ളതാണ് എന്ന മട്ടിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. അജന്‍ഡകള്‍ പൂര്‍ത്തിയാക്കാനോ സമഗ്രമായ ചര്‍ച്ചകള്‍ നടത്തി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനോ സമീപ കാലങ്ങളിലെ പാര്‍ലിമെന്റ്, നിയമ സഭാ സമ്മേളനങ്ങള്‍ക്കൊന്നും ഭാഗ്യമുണ്ടായിട്ടില്ലെന്നത് ഒരു ദുഃഖസത്യമാണ്. 2010ല്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ഒരു നടപടിയിലേക്കും കടക്കാനാകാതെ പിരിഞ്ഞ ചരിത്രവുമുണ്ടായി. സ്‌പെക്ട്രം അഴിമതി വിവാദത്തില്‍ ജെ പി സി അന്വേഷണം അനുവദിക്കാനാകില്ലെന്ന സര്‍ക്കാറിന്റെ നിലപാടായിരുന്നു അന്ന് സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലിമെന്ററി ചരിത്രത്തില്‍ ആദ്യമായി സഭ പൂര്‍ണമായും സ്തംഭിക്കാനിടയാക്കിയത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറുമായ വി എം സുധീരന്‍ ആലപ്പുഴയില്‍ ഒരു ചടങ്ങില്‍ അഭിപ്രായപ്പെട്ടത് പോലെ ജനാധിപത്യത്തിന്റെ സ്തംഭനമാണ് സഭാനടപടികള്‍ തടസ്സപ്പെടുമ്പോള്‍ സംഭവിക്കുന്നത്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട് നിയമ നിര്‍മാണ സഭകള്‍ക്ക്. സംസ്ഥാനത്ത് ഇപ്പോള്‍ മഴക്കെടുതി, കടല്‍ക്ഷോഭം, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ ജനങ്ങളില്‍ ഗണ്യ വിഭാഗത്തിന്റെയും ജീവിതം ദുരിതപൂര്‍ണമാണ്. ഇത്തരം സുപ്രധാന വിഷയങ്ങളൊന്നും സഭയില്‍ ചര്‍ച്ചക്ക് വന്നതേയില്ല. സഭകള്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ അവസരം സൃഷ്ടിക്കുകയും ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ച നടത്തുകയുമാണ് ജനപ്രതിനിധികളുടെ മുഖ്യബാധ്യത. ഇത്തരം സുപ്രധാന വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് നിസ്സാരവും അപ്രധാനവുമായ വിഷയങ്ങള്‍ പെരുപ്പിച്ചു കാട്ടിയാണ് പലപ്പോഴും സഭയില്‍ അംഗങ്ങള്‍ ബഹളം വെക്കുന്നത്. സഭയുടെ അന്തസ്സും മാന്യതയും കാത്തു സൂക്ഷിക്കാന്‍ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ ബാധ്യതയുണ്ട്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ ഭരണപക്ഷത്തിനും ഭരണപക്ഷത്തെ നേര്‍വഴിക്കു നയിക്കാന്‍ പ്രതിപക്ഷത്തിനുമുള്ള ഭരണഘടനാപരമായ കടമനിര്‍വഹിക്കുമ്പോഴാണ് പാര്‍ലമെന്ററി ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകുന്നത്.പാര്‍ലിമെന്റിന്റെ തുടര്‍ച്ചയായ സ്തംഭനം ഒഴിവാക്കുന്നതിനും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു. നിലവിലുള്ള ചട്ടങ്ങള്‍ ഇതിന് പര്യാപ്തമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സഭകള്‍ നിരന്തരം തടസ്സപ്പെടുകയും സ്തംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശം സജീവമായി ചര്‍ച്ചക്ക് വരേണ്ടതാണ്.

---- facebook comment plugin here -----

Latest