വിശുദ്ധിയുടെ വ്രതം

  Posted on: July 9, 2013 9:51 pm | Last updated: July 9, 2013 at 9:51 pm

  ramazan 1ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് വ്രതം. പൂര്‍വ്വ സമുദായത്തിനുപോലും നിര്‍ബന്ധമാക്കപ്പെട്ട കാര്യം. സ്വഭാവ ശുദ്ധിക്കും ആരോഗ്യ സുരക്ഷിതത്വത്തിനും വേണ്ടി മത നിര്‍ദ്ദേശം. സഹജീവികളുടെ ജീവിതഗതികള്‍ അനുഭവിച്ചറിയാന്‍ ഒരു സുവര്‍ണാവസരം. അനുഭവിച്ചറിയാന്‍ തന്നെ വിവിധ ഋതുക്കളിലായും കൊണ്ട് ചാന്‍സ്. ഉഷ്ണകാലാവസ്ഥയിലെ സ്ഥിരവാസികളുടെ നിത്യജീവിതം ഭൂമധ്യരേഖാവാസിക്ക് അവിടെ ഉഷ്ണ കാലാവസ്ഥയില്‍ റമളാന്‍ എത്തുമ്പോള്‍ അറിയാന്‍ കഴിയുന്നു. ഇങ്ങനെ ലോകത്തെങ്ങുമുള്ള പട്ടിണിപാവങ്ങളുമായും വിവിധ മേഖലകളിലെ ജനതതിയുമായും ധനികരെ കോര്‍ത്തിണക്കുന്ന ബൃഹത് പദ്ദതി. അല്ലാഹു പറയുന്നു.
  ”വിശ്വാസികളെ നിങ്ങളുടെ പൂര്‍വ്വികരുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലിലും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവാന്‍വേണ്ടി.” (അല്‍ബഖറ183)

  അപ്പോള്‍ വ്രതം വെച്ചിരിക്കുന്നത് സൂക്ഷിക്കാന്‍ വേണ്ടിയാണ്. നാം എന്തിനെ സൂക്ഷിക്കണം ഒന്ന്: നരകത്തെ, രണ്ട്: ദോഷങ്ങളെ. രണ്ടാമത്തെതിനെ സൂക്ഷിക്കുക വഴി ഒന്നാമത്തേതിനെ സൂക്ഷിക്കുന്നതിലെത്തിച്ചേരും അപ്പോള്‍ വ്രതമെടുക്കാത്തവര്‍ക്ക് ദോഷങ്ങളെ സൂക്ഷിക്കാന്‍ കഴിയില്ല. എന്ന് ഇതില്‍നിന്ന് വരുന്നു. ശരിയാണ്, റമളാന്‍ വ്രതമില്ലാത്ത സമൂഹങ്ങള്‍ ഭൂമിയില്‍ ധാരാളമുണ്ടല്ലോ.

  മുസ്ലീംകളാവട്ടെ, റമളാന്‍ വ്രതവും മറ്റ് അനേകം വ്രതങ്ങളുമുള്ളവരാണ്. എന്നാല്‍ ആയിരം മുസ്‌ലിം വീടുകളും ആയിരം ക്രിസ്ത്യന്‍ വീടുകളുമുള്ള ഒരു പഞ്ചായത്തില്‍ ഒരു വര്‍ഷത്തിനകം സംഭവിക്കുന്ന കുറ്റകൃത്യങ്ങളുടെ സംഖ്യ പരിശോധിക്കണം. മതങ്ങള്‍ പറയുന്ന കുറ്റകൃത്യങ്ങളെല്ലാം രാഷ്ട്രം കുറ്റക്കാരായി കാണുന്നവയുടെ തന്നെ എണ്ണം പരിശോധിച്ചുകളയാം. മുസ്‌ലിം സമൂഹം എണ്ണത്തില്‍ പിന്നിലായിട്ടാണ് കാണുക. മനുഷ്യനില്‍ കുടികൊള്ളുന്ന കുറ്റവാസന തിളച്ചുമറിയുന്നത് ഒരു കൊല്ലക്കാലത്തേക്ക് നിയന്ത്രിക്കുവാന്‍ ഒരു മാസത്തെ ഉപവാസം മുസ്‌ലിംകളെ സഹായിക്കുന്നു എന്നതാണ് ഈ എണ്ണക്കുറവിന് കാരണം. നബി(സ) പറയുന്നു:
  ‘വ്രതം ഒരു കവചമാണ്’ ആകയാല്‍ (വ്രതമെടുക്കുന്നവന്‍) അശ്ലീലം പറയരുത്. വിവരക്കേട് പ്രവര്‍ത്തിക്കരുത്. ഒരാള്‍ തന്നോട് പൊരുതാന്‍ വരികയോ തെറിപറയുകയോ ചെയ്താല്‍ ഞാന്‍ വ്രതമെടുത്തവനാണെന്ന് (ആദ്യം മനസ്സില്‍ രക്ഷയില്ലെങ്കില്‍ നാവുകൊണ്ട്) പറഞ്ഞേക്കണം. (ബുഖാരി)

  വ്രതം നരകത്തിനെതിരെയുള്ള രക്ഷാകവചമാണെന്ന് നബി(സ) ആദ്യം പറഞ്ഞുവെക്കുന്നു. നരകത്തിലേക്ക് മനുഷ്യനെ പിടിച്ചുവലിക്കുന്ന പ്രധാന കാര്യങ്ങള്‍ മനുഷ്യര്‍ക്കിടയിലെ കുറ്റകൃത്യങ്ങളും വിവരം കെട്ട പ്രവര്‍ത്തികളുമാണെന്ന് തുടര്‍ന്ന് നബി(സ) സൂചിപ്പിക്കുന്നു. ശരിയാണ് നമുക്ക് ഇന്ത്യന്‍ ജയിലുകളില്‍ കയറിയിറങ്ങാം. പരസ്പരമുള്ള വഴക്കിന്റെയും വിവരക്കേടിന്റെയും പേരിലാണ് 99% പേരും അവിടെ എത്തിയതെന്ന് കണ്ടെത്താന്‍ കഴിയും. ഇന്ത്യയിലെ മുസ്‌ലിംകളുടെ ജനസംഖ്യാനുപാതികമായി ജയില്‍ പുള്ളികള്‍ക്കിടയില്‍ മുസ്‌ലിംകളെ കണ്ടെത്താനാവില്ല. അശ്ലീലക്കാരെയും വിവരക്കേട് കാട്ടുന്നവരെയും അവര്‍ക്കിടയില്‍ കുറച്ചുകൊണ്ടുവരുവാന്‍ അവരുടെ വ്രതം സഹായിച്ചു എന്നതാണ് കാരണം.

  ഒരാള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അയാളില്‍ ലൈംഗിക വികാരത്തിന് നിയന്ത്രണം വന്നിട്ടില്ല എന്നാണ് തെളിയുന്നത്. കൃത്യമായി വ്രതമെടുത്തവന് നിയന്ത്രിത വികാരമേ ഉണ്ടാകുകയുള്ളൂ. നിയന്ത്രിത വികാരക്കാരനില്‍ നിന്ന് ലൈംഗിക കുറ്റകൃത്യം ഉണ്ടാവുകയില്ല എന്നതുറപ്പാണല്ലോ.
  ലിംഗത്തിന്റെ താല്‍പര്യമാണ് സെക്‌സ്. ആ മേഖലയില്‍ നിയന്ത്രണമില്ലാതാവുമ്പോള്‍ ലൈംഗിക കുറ്റകൃത്യമായി. അതുപോലെ പ്രധാനമായും വയറിന്റെ താല്‍പര്യമാണ് സമ്പത്ത്. വയറിന്റെ താല്പര്യത്തിന് നിയന്ത്രണം വേണം. ഈ നിയന്ത്രണം ശീലിക്കുന്നു; വ്രതത്തിലൂടെ. വയറിനെ നിയന്ത്രിക്കുന്നതിലൂടെ ചെയ്യുന്നത് വയറിന്റെ താല്‍പര്യമായ സമ്പത്തിന്റെ കാര്യത്തില്‍ നിയന്ത്രണ ശീലം വരുത്തുകയാണ്. അഥവാ സാമ്പത്തിക കുറ്റകൃത്യം ഒഴിവാക്കിപ്പിക്കുക. പ്രഭാതം തൊട്ട് പ്രദോഷം വരെ വയറ്റിലേക്ക് എന്തു ചെല്ലുന്നതും അപകടകരം എന്ന ബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിലൂടെ മതം ചെയ്യുന്നത് വയറ്റിലേക്കടുപ്പിക്കുന്ന എന്തിനെക്കുറിച്ചും അടുപ്പിക്കാമോ അടുപ്പിച്ചുകൂടേ എന്നിങ്ങനെയുള്ള ഒരു വിചിന്തന ശീലം സമൂഹത്തില്‍ സ്ഥിരമാവുന്നതോടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നാട്ടില്‍നിന്ന് അപ്രത്യക്ഷമാവുന്നു. ലിംഗത്തിനും വയറിനും നിയന്ത്രണം വെക്കാതെ അവയെ കയറൂരിവിടുന്ന സമൂഹത്തില്‍ അന്യന്റെ നേരെ നീളുന്ന ക്രിമിനല്‍ കൈകളുടെ എണ്ണവും വര്‍ദ്ധമാനമായ തോതിലായിരിക്കും. അഥവാ ലിംഗത്തിന്റെയും വയറിന്റെയും തളര്‍ച്ച കൈകളുടെയും തളര്‍ച്ചയാണ്. ലിംഗത്തിന്റെയും വയറിന്റെയും തേര്‍വാഴ്ച കൈകളുടെ അരാജകത്വമാണ്. ജയില്‍പ്പുള്ളികളില്‍ 99% അവിടെയെത്തിയത് ലിംഗത്തിന്റെയോ സമ്പത്തിന്റെയോ (വയറിന്റെ താല്‍പര്യം) കൈകളുടെയോ (ക്രിമിനല്‍ കേസ്) പേരിലായിരിക്കും. ഇങ്ങനെ മൂന്നാലൊരു വകുപ്പില്‍ കുറ്റവാളികളായവരെ പരിശോധിക്കുമ്പോള്‍ മുസ്‌ലിംകളുടെ എണ്ണം കുറഞ്ഞു കാണുന്നു. ഇവിടെയാണ് വ്രതത്തിലെ സാമൂഹ്യ പരിഷ്‌ക്കരണ മുഖം തെളിയുന്നത്. നമുക്ക് ഒന്നു കൂടി നബി വചനം വായിക്കാം.

  വ്രതം കവചമാണ്. അതെ വ്രതമാണ് ക്രമസമാധാന പാലന പോലീസ്. കണ്ണീര്‍വാതകം, തോക്ക് എന്നിവയാണല്ലോ അരാജകത്വത്തിനെതിരെ പോലീസിന്റെ രക്ഷാകവചം. എന്നാല്‍ സമൂഹമധ്യത്തില്‍ അവയെക്കാള്‍ പ്രവര്‍ത്തന പവര്‍ ഉള്ള ക്രമസമാധാന യന്ത്രമായി ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത് വ്രതത്തെയാണ്.

  ഗവണ്‍മെന്റ് വിവരങ്ങളനുസരിച്ച് നിരക്ഷരര്‍ (അജ്ഞര്‍) കൂടുതലുള്ള ജില്ലയാണ് മലപ്പുറം. അപ്പോള്‍ ശരാശരി കണക്കെടുക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ വിവരക്കേട് കൂടുതലായിരിക്കണം. എന്നാല്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ജയിലില്‍ കയറി അവിടങ്ങളിലെ തടവു പുള്ളികളെ പരിശോധിക്കുക. സാക്ഷരത കൂടുതലുണ്ടെന്ന് പറയുന്ന ജില്ലയിലെ പുള്ളികള്‍ എണ്ണത്തില്‍ കൂടുതലായും നിരക്ഷരരെന്ന് വിളിക്കുന്ന മലപ്പുറം ജില്ലക്കാര്‍ എണ്ണത്തില്‍ കുറഞ്ഞും കാണാം. ഗവണ്‍മെന്റ് പറയുന്ന വിവരമല്ല വിവരം. അവര്‍ പറയുന്ന വിവിരക്കേടല്ല വിവരക്കേട്. ലിംഗം കൊണ്ടും വയറുകൊണ്ടും (സാമ്പത്തിക തലത്തില്‍) കൈകൊണ്ടും ചെയ്ത് കൂട്ടുന്നത് ഗവണ്‍മെന്റ് പറയുന്ന, വിവരം ആര്‍ജ്ജിച്ചവരാണ്. മുസ്‌ലിം ജില്ല അത്ര ചെയ്തുകൂട്ടുന്നില്ല. കണ്ണീര്‍ വാതകമാണോ, തോക്കാണോ ഈ ജില്ലയെ രക്ഷിച്ചത്. അല്ല മറിച്ച്, ഇസ്‌ലാം ക്രമസമാധാന യന്ത്രമായി ഉയര്‍ത്തിക്കാട്ടിയ വ്രതം അവര്‍ക്ക് രക്ഷാകവചമാവുകയായിരുന്നു.

  സാമൂഹ്യ പശ്ചാത്തലം

  സിവില്‍ ക്രിമിനല്‍ കേസുകള്‍ സമൂഹത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്. സമൂഹത്തിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലോക നായകന്‍ ഗുണദോഷിക്കുന്നത് കാണുക. ”കളവ് പറയുന്നതും തദനുസൃതമായി പ്രവര്‍ത്തിക്കുന്നതും ഒരാള്‍ ഒഴിവാക്കുന്നില്ലെങ്കില്‍ അയാള്‍ ഭക്ഷണം ഒഴിവാക്കുന്നതിലും കുടി ഒഴിവാക്കുന്നതിലും അല്ലാഹുവിന് ആവശ്യമില്ല.” (ബുഖാരി) ആഹാര പാനീയങ്ങള്‍ക്ക് നിയന്ത്രണം വരുത്തിയതിന് പിന്നില്‍ കൈകളുടെയും നാവിന്റെയും നിയന്ത്രണം കൂടി ഉദ്ദേശ്യമുണ്ട് എന്നാണ് ഈ ഹദീസ് തെളിയിക്കുന്നത്. ചാറ്റല്‍ മഴ തലക്ക് തട്ടിയതിനാല്‍ ജലദോഷവും പനിയും പിടിപ്പെട്ട ഒരാളെ വിശ്രമജീവിതത്തിന് റസ്റ്റ് ഹൗസിലാക്കി . പക്ഷേ, ആ കെട്ടിടത്തിന് ചോര്‍ച്ചയുണ്ടായിരുന്നു എന്ന് സങ്കല്പിക്കുക. ബെഡ്ഡില്‍ കിടക്കുന്നവന്റെ തലക്ക് ചോര്‍ച്ച മൂലം നനവെത്തുന്നു. എങ്കില്‍ ചികിത്സയില്‍ ഡോക്ടര്‍ക്ക് ഒട്ടും താല്പര്യം ഉണ്ടാവില്ല. ഇതുപോലെയാണ് കളവ് പറയുന്നതും തദനുസൃതം പ്രവര്‍ത്തിക്കുന്നതും ഒഴിവാക്കാന്‍ പ്രതിരോധ നടപടിയായും ചികിത്സയായും വ്രതം വെച്ചിരിക്കുന്നത്. ഈ രോഗമുള്ള സമൂഹം തകരുമെന്ന് ഇസ്‌ലാം മതം ദര്‍ശനം ചെയ്യുന്നു. ആ തകര്‍ച്ചയാണ് ക്രിമിനല്‍ കേസുകളുടെ പാതാളത്തില്‍ സമൂഹാംഗങ്ങളെ കൊണ്ടെത്തിക്കുന്നത്. ആകയാല്‍ ഈ രോഗം വെച്ച് പൊറുപ്പിച്ചുകൂടാ. മുളയിലേ നുള്ളണം. പോരാ. വരും മുമ്പ് പ്രതിരോധിക്കണം. വന്നത് ഉടന്‍ ചികിത്സിച്ചു മാറ്റണം. ഇതാണ് ഇസ്‌ലാമില്‍ സോഷ്യല്‍ തെറാപ്പി. ജലദോഷത്തിന് വിശ്രമകേന്ദ്രത്തില്‍ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മഴ നനയുന്നതുപോലെയാണ് വ്രതമെടുത്ത് തിന്മ ചെയ്യുന്നത്. ജലദോഷം സുഖപ്പെട്ട ശേഷവും ചാറ്റല്‍ മഴ ഏല്‍ക്കരുത്. വീണ്ടും രോഗിയാവും. അതുപോലെ റമളാന്‍ വ്രതമെടുത്ത ശേഷം ഇതര മാസങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. അങ്ങനെ ഏര്‍പ്പെടുന്നതിനെതിരെയുള്ള പരിശീലനമാണ് വ്രതം. രോഗവിമുക്ത സമൂഹമാണ് പരിഷ്‌കൃത ഗവണ്‍മെന്റിന്റെ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കുന്നതിന് മറ്റുമതങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

  എന്നാല്‍ ഇസ്‌ലാമിന് അതിന്റെ വിവിധങ്ങളായ പദ്ധതികള്‍ മൂലം (കൂട്ടത്തിലൊരു പദ്ധതിയാണ് വ്രതം.) ഇതിന് കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതി വിജയത്തെക്കുറിച്ച് ഉറച്ച വിശ്വാസമുണ്ടായിരുന്ന നബി(സ) അവിടുത്തെ പ്രബോധനത്തിന്റെ ആദ്യ നാളുകളില്‍ ദൃഢമായി പ്രവചിച്ചു. ”എന്റെ ഈ പ്രസ്ഥാനം വിജയം കാണുക തന്നെ ചെയ്യും. എത്രത്തോളമെന്നാല്‍ സ്വന്‍ആഅ് മുതല്‍ ഹളര്‍മൗത് വരെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് തന്റെ ആട്ടിന്‍ പറ്റത്തിന് നേരെ വരുന്ന ചെന്നായകളെയല്ലാതെ ഭയപ്പെടേണ്ടതുണ്ടാവില്ല.” അതായത് കുറ്റവാസനയുടെ വിഷപ്പല്ല് അടര്‍ത്തപ്പെട്ട ഒരു സമൂഹമായിരിക്കും അവിടെ താമസിക്കുന്നത് എന്ന് സാരം.

  വികസനത്തിന്റെ അടിക്കല്ല്

  വ്രതത്തിന്റെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ പതിയുന്ന ഒരു രംഗമാണ് അത് ധനികനെയും നിര്‍ധനരെയും കൂട്ടിയിണക്കുന്നു എന്നത്. നിര്‍ധനന്റെ സദാ അനുഭവം വിശപ്പിന്റെ തായിരിക്കും. വിശപ്പിന്റെ വിളിയാണ് ലോകത്തെ പുരോഗമിക്കുമ്പോള്‍ സഹായിക്കുന്നത്. വിശപ്പ് അധ്വാനത്തിന് മനമില്ലാമനസ്സോടെയാണെങ്കിലും നിര്‍ബന്ധിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ, തൊഴിലാളികളുടെ വിശപ്പാണ് ഒരു റയില്‍വെ ലൈനിനെ യാഥാര്‍ത്ഥ്യമാക്കുന്നത്. ലക്ഷങ്ങളുടെ വിശപ്പാണ് ഒരു എയര്‍പോട്ടിനെ പ്രസവിക്കുന്നത്. അപ്പോള്‍ വികസനത്തിന്റെ അടിക്കല്ല് വിശപ്പാണ്

  സ്വര്‍ഗത്തില്‍ വികസന പ്രവര്‍ത്തനം മനുഷ്യന്‍ നടത്തേണ്ടതില്ല. അതുകൊണ്ട് അവിടെ മനുഷ്യന് വിശപ്പുമില്ല. ഇത് ഭൂമിയാണ്. സ്വര്‍ഗ്ഗമല്ല. നേരത്തേ ഒരുക്കിവെച്ചിട്ടില്ല വികസിത മുഖം. വികസിപ്പിച്ചെടുക്കണം. അതിന് ശക്തമായ പ്രേരണവേണം. തടുക്കാന്‍ കഴിയാത്ത തള്ളല്‍. അതത്രെ വിശപ്പിന്റെ വിളി. വെയിലും മഞ്ഞും ചൂടും പുകയും ആ വിളിയില്‍ തോറ്റുകൊടുക്കുന്നു. ഇവിടെ വികസനം ജനിക്കുകയും ചെയ്യുന്നു. എന്നാല്‍, എല്ലാവരും ദരിദ്രരായാല്‍ പറ്റില്ല. നല്ലൊരു വിഭാഗം ജനങ്ങള്‍ ധനികരായിരിക്കണം. ഇവര്‍ക്ക് പക്ഷേ, ഭൂരിപക്ഷത്തിന്റെ ശാരീരികാവസ്ഥ അറിയാതെ പോവരുത്. ദരിദ്രന്‍ അനുഭവിക്കുന്ന വിശപ്പ് എത്ര രൂക്ഷമാണെന്നും ആ വിളിക്ക് ഉത്തരം ചെയ്തുകൊണ്ട് ഒരു തൊഴിലാളി സമര്‍പ്പിക്കുന്ന അദ്ധ്വാനം എത്ര പരിപാവനമാണെന്നും ധനിക വര്‍ഗ്ഗത്തിന് തിരിച്ചറിയാന്‍ കഴിയണം. ഈ തിരിച്ചറിവ് കേവലം പുസ്തകവായനയി ലൂടെയോ ദര്‍ശനത്തിലൂടെയോ നോക്കികാണലിലൂടെയോ ആയാല്‍ പൂര്‍ണ്ണമാവില്ല. യഥാര്‍ത്ഥ തിരിച്ചറിവുണ്ടാകുന്നത് പട്ടിണി കിടക്കലിലൂടെയടാണ്. ഒരു ദിവസം വ്രതമെടുത്താല്‍ 10 മണിയാവുന്നതോടെ വിശപ്പിന്റെ വിളിയുയര്‍ന്നേക്കും. പിന്നീട് ദീര്‍ഘിച്ച ഒമ്പത് മണിക്കൂറോളം ആ വിളി നാദം തന്നെ. ഉത്തരം നല്‍കപ്പെടാത്ത വിളി. സപ്തനാഡികളും ചെന്ന് കാഹളം മുഴക്കുന്നതായി വ്രതക്കാരനറിയുന്നു. മസിലുകളിലും, സന്ധികളിലും കൊട്ടുന്നത് അയാള്‍ കേള്‍ക്കുന്നു. വയറും തൊണ്ടയും നിലവിളി കൂട്ടുന്നത് അയാള്‍ കേള്‍ക്കുന്നു. ലക്ഷോപലക്ഷം തൊഴിലാളികളുടെ വേദന മാര്‍ക്‌സ് തിരിച്ചറിഞ്ഞത് ഇത്രയും ജീവല്‍സ്പര്‍ശിയായല്ല. മറിച്ച് കരക്ക് നിന്ന് വലിച്ചു കയറ്റാനുള്ള ശ്രമമായിരുന്നു, ഇസ്‌ലാമാവട്ടെ. പുഴയിലേക്ക് എടുത്ത് ചാടിയാണ് മുങ്ങുന്നവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. പുഴയില്‍ വീണവന്‍ നീന്തല്‍ അറിയാത്തതിന്റെ പേരില്‍ കിതയ്ക്കുന്നപോലെ നീന്തലറിഞ്ഞ് രക്ഷിക്കാന്‍ ചാടിയവനും കിതയ്ക്കുന്നു. നനയുന്നു. സാഹസപ്പെടുന്നു. ഒഴുക്കിന്റെ തള്ളല്‍ അറിയുന്നു. എന്നപോലെ പണമില്ലാത്തവന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിശപ്പും ക്ഷീണവും പണമുള്ളവനും അനുഭവിച്ചറിയുന്നു. ഇവിടെ ധനികന്‍ അക്ഷരാര്‍ത്ഥത്തില്‍ നിര്‍ധന കോടികളിലലിയുകയാണ്. വിശപ്പിന്റെ ഒരു കൂട്ട നിലവിളി സൃഷ്ടിച്ചുകൊണ്ട് റമളാനേതര മാസങ്ങളിലെ ഭാഗിക നിലവിളിയിലേക്ക് റമളാന്‍ വ്രതം ജനശ്രദ്ധ തിരിക്കുന്നു. റമളാനേതര മാസങ്ങളില്‍ വിശപ്പിന്റെ നിലവിളിയുണ്ട്. പക്ഷേ, ഭാഗികമാണെന്നു മാത്രം. അഥവാ ദരിദ്ര കോടികള്‍ക്ക് മാത്രം. പക്ഷേ, അവ പണമുള്ളവന്റെ കര്‍ണ്ണ പുടങ്ങളിലെത്തുന്നില്ല. ശ്രദ്ധിക്കപ്പെടാതെ പോവുന്ന നിലവിളി മുതലാളിമാരാല്‍ ശ്രദ്ധിക്കപ്പെടുന്ന താക്കിയാല്‍ മാത്രമേ അവര്‍ പട്ടിണിക്ക് അറുതി വരുത്തുന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയുള്ളൂ. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിവരാന്‍ പട്ടിണി അനുഭവിച്ചവര്‍ക്കേ നിര്‍ബന്ധ ബുദ്ധിയുണ്ടാവുകയുള്ളൂ. ഇത്തരം പദ്ധതികള്‍ കൂടുതലായി നടപ്പാക്കുക വഴി സമൂഹത്തിന്റ രണ്ടംഗങ്ങള്‍ തമ്മില്‍ കൂട്ടി വിളിക്കുകയാണ് ഇസ് ലാമിന്റെ ലക്ഷ്യം. അഥവാ രണ്ടായി നില്‍ക്കെ തന്നെ ഒന്നാവുന്നു. രണ്ട് രണ്ടായിതന്നെ ഒന്നാവുന്ന മഹാപ്രതിഭാസം. ഒരേ ബിന്ദുവില്‍ രണ്ട് ഗ്രൂപ്പുകള്‍ ഐക്യപ്പെടുന്നതോടെ ആ സമൂഹത്തില്‍ വര്‍ഗ്ഗവെറിയില്ല. വര്‍ഗ്ഗ സംഘട്ടനവുമില്ല. മതിലുകളില്ല. അവകാശ സമരവേദികള്‍ക്കാവശ്യമില്ല. ഓരോ പൗരനും പറയുന്നത് ”ഞാനെന്നെ നീ, നീയെന്ന ഞാന്‍” എന്നാണ്. ഇതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ഉച്ചി.

  മുതലാളി നിര്‍ധനന്റെ വേദനകള്‍ അനുഭവത്തിലൂടെ തിരിച്ചറിയുന്നത് ഇസ്‌ലാമിക സമൂഹത്തില്‍ ഇതര സമൂഹത്തിലുള്ളതിനേക്കാള്‍ കൂടുതലുണ്ടായതു കൊണ്ടാണ് തൊഴിലാളി വര്‍ഗ്ഗത്തിന് മുസ്‌ലിം വീടുകളിലും മുസ്‌ലിം മുതലാളിമാരുടെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതിന് താല്‍പര്യം കൂടുന്നത്. ഒരു തൊഴിലാളിയുടെ വീട്ടില്‍ അയാളുടെ ഭാര്യയും കുട്ടികളും നിത്യമായനുഭവിച്ചു കൊണ്ടിരിക്കുന്നത് ഒരു ബിസിനസ്സ് മേനായ മുസ്‌ലിം റമളാന്‍ മാസത്തില്‍ സ്വന്തം ഭാര്യയിലും കുട്ടികളിലുമായി പരീക്ഷിച്ചുനോക്കുകയാണ്. പരീക്ഷ കഴിയുമ്പോള്‍ അയാള്‍ക്ക് തൊഴിലാളി കുടുംബത്തോട് ആര്‍ദ്രത തോന്നും. ടാറ്റയുടേയും ബിര്‍ളയുടെയും കമ്പനിയില്‍ ജോലി ലഭിക്കുന്നതിനേക്കാളും ഒരു തൊഴിലാളി ഇഷ്ടപ്പെടുന്നത് അറബിയുടെ ഡ്രൈവറാവാനാണ്. അറബി നല്‍കുന്ന ശമ്പളവും ബിര്‍ള ഇന്ത്യയില്‍ നല്‍കുന്ന ശമ്പളവും തുല്യമായാല്‍ പോലും മലയാളി (അയാള്‍ ഹിന്ദുവാണെങ്കില്‍ തന്നയും.) അറബിയെ വിട്ടുപോരില്ല. ഈ പ്രതിഭാസത്തിന്റെ പിന്നിലെ രഹസ്യമെന്ത്? അവിടെയാണ് നാം ഇസ്‌ലാം പട്ടിണി പരീക്ഷ(വ്രതം)യിലൂടെ വിളക്കിയെടുത്ത അറബിയെയും ആ പരീക്ഷ പസ്സാവാത്ത ബിര്‍ള സാബുമാരുടെയും വേര്‍തിരിച്ചറിയുന്നത്. മുസ്‌ലിമാണെന്നതിന്റെ പേരില്‍ മാര്‍വാഡി മനസ്സ് സമ്മതിക്കില്ല. എന്നാല്‍ അറബിയുടെ കാറോടിക്കുന്നതെല്ലാം കേരളത്തിലെ ഗംഗാധരന്‍ മാരാണ്. നോമ്പ് സൃഷ്ടിച്ചെടുത്ത മനുഷ്യച്ചങ്ങല എത്ര സുന്ദരം ! ഭദ്രം!

  റമളാനിലെ പ്രത്യേക നിസ്‌കാരമായ തറാ വീഹിലുമുണ്ട് സാമൂഹ്യകൂട്ട് ഉറപ്പിക്കല്‍ പരിപാടി. 20 റക്അത്ത് തറാവീഹ് കഴിയുമ്പോള്‍ 20 തവണ ജമാഅത്തിലുള്ളവര്‍ പരസ്പരം മുഖത്തു നോക്കി അഭിവാദ്യമര്‍പ്പിച്ചിരിക്കും. മനസ്സിന്റെ അടിത്തട്ടില്‍ നിന്നൂറിവരുന്ന ഈ അഭിവാദ്യത്തില്‍ പറയുന്നത് എന്താണ്? ശാന്തി താങ്കളില്‍ കളിയാടുമാറാവട്ടെ ഇതാണ് ആശംസ. ക്രമസമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന. സമൂഹത്തില്‍ അസ്വാരസ്യങ്ങളില്ലാത്ത ജീവിതത്തിനു വേണ്ടിയുള്ള കൂട്ടകേഴല്‍. പുത്തനാശയക്കാര്‍ക്ക് ക്രമസമാധാനത്തില്‍ വിശ്വാസം കുറവാണ്. അതുകൊണ്ട് അവര്‍ ഈ അഭിവാദത്തിന്റെ എണ്ണം എട്ടാക്കി. അവരെ സൂക്ഷിക്കുക.

  റമളാന്‍

  റമള എന്ന വാക്കിന് സാരം കരിച്ചുകളഞ്ഞു എന്നാണ്. അപ്പോള്‍ മാസം കരിക്കുന്ന മാസമായി. എന്തിനെയാണ് ഈ മാസം കരിച്ചുകളയുന്നത്? മനുഷ്യന്റെ പാപങ്ങളെത്തന്നെ, പതിനൊന്ന് മാസം ചെയ്തുകൊണ്ടിരിക്കുന്ന മുഴുവന്‍ പാപങ്ങളെയും അപ്പപ്പോള്‍ തന്നെ കരിച്ചുകളയേണ്ടതാണ്. ഇനി വല്ലതും അങ്ങനെ കളയാന്‍ ബാക്കി വന്നുവെങ്കില്‍ ഒരു കരിക്കല്‍ യജ്ഞമാസം . യജ്ഞം സജീവമാകണം. എങ്കില്‍ പലവിധ ആനുകൂല്യങ്ങളുമുണ്ട്. ലാഭം ഈ മുദ്രാവാക്യത്തോടെയാണ് റമളാന്‍ കടന്നു വരുന്നത്. എല്ലാ പ്രവൃത്തികള്‍ക്കും വലിയ പ്രതിഫലം. പാപം കരിക്കാന്‍ മുപ്പത് രാവുകള്‍. നരകാര്‍ഹകര്‍ക്ക് മുക്തരാവാന്‍ ഏറെ അവസരം. ‘ഇത്ഖ്’ എന്നാല്‍ മോചനം എന്നാണര്‍ത്ഥം. മുപ്പതു രാവുകളിലും നരകാര്‍ഹരായവരില്‍ നിരവധി പേരെ മോചിപ്പിച്ചുകൊണ്ടിരിക്കുന്നു.

  ഈ ആനുകൂല്യങ്ങള്‍ പിടിച്ചുപറ്റാന്‍ ഓരോ വ്യക്തിയും ശ്രമിക്കണം. അവസരം നഷ്ടപ്പെടുത്തുന്നവര്‍ ബുദ്ധിയില്ലാത്തവരാണ്. സുവര്‍ണ്ണാവസരങ്ങള്‍ നോക്കി നടക്കുകയാണ് സാധാരണ എല്ലാ വ്യക്തികളും. ഇത്രയും വലിയ ഒരു സുവര്‍ണ്ണാവസരം ലഭിച്ചിട്ട് പാഴാക്കികളയുന്നവര്‍ ബുദ്ധിയില്ലാത്തവര്‍ തന്നെ.

  മനുഷ്യന്റെ ദൗര്‍ബല്യങ്ങളേയും ചാപല്യങ്ങളേയും അല്ലാഹു കണക്കിലെടുക്കുന്നുവെന്നാണ് ഇത്തരം ആനുകൂല്യ പ്രഖ്യാപനത്തില്‍ നിന്ന് മനസ്സിലാവുന്നത്. സാഹചര്യത്തിന് അടിമായായി മനുഷ്യരില്‍ നിന്ന് അരുതായ്മകള്‍ വരാം. എന്നാല്‍ ഈ പാകപ്പിഴവുകളുമായി നാളേയിലേക്ക് കടന്നുവരേണ്ട എന്ന് അല്ലാഹു പറയുന്നു. വരും മുമ്പ് അരുതായ്മകളുടെ കെട്ടഴിച്ചുവരണം. നാളേക്ക് കണക്ക് തീര്‍ക്കാന്‍ ഒരു തെറ്റും ബാക്കിവെക്കരുത്. അങ്ങനെ തന്റെ അടിമയെ നോവിപ്പിക്കാന്‍ അവസരമുണ്ടാക്കി വെക്കരുത്. ഇതാണ് അല്ലാഹുവിന്റെ ലൈന്‍. ഇതിന് വേണ്ട പദ്ധതികള്‍ അവന്‍ നടപ്പാക്കുന്നു. എവിടെയെങ്കിലും ഒരു തെറ്റ് പ്രത്യക്ഷ്യപ്പെട്ടുകിട്ടാനും അതിന്റെ പേരില്‍ ശിക്ഷിച്ചു രസിക്കാനും ആര്‍ത്തി പൂണ്ടുനില്‍ക്കുന്ന ധാരാളം യജമാന്‍മാരുണ്ട്. മേലുദ്യോഗസ്ഥരുണ്ട്. എന്നാല്‍ അല്ലാഹു തആലാ ആ സ്വഭാവമുള്ളവനല്ല. അവന്റെ ഗുണം സഹിഷ്ണുതയാണ്. ദാക്ഷിണ്യമാണ്. തന്റെ കീഴിലുള്ളവരെ കുറ്റവിമുക്തരാക്കുന്നതിലാണ് അവന്‍ തൃപ്തനാകുന്നത്. അതിനുള്ള അവസരങ്ങളും വേദികളും അവന്‍ സൃഷ്ടിച്ചുവെക്കുന്നു. വേദികളാണ് മക്കയും പരിസരവും. അവസരമാണ് റമളാനും മറ്റു ചില സമയങ്ങളും.

  വ്രതം ഐഛികവും നിര്‍ബന്ധവും ഉണ്ട്. നിര്‍ബന്ധമായതിനാല്‍ വര്‍ഷം പ്രതി വരുന്നതാണ് റമളാന്‍ വ്രതം. ഇരുപത്തി ഒമ്പത് ദിവസമുള്ള റമളാനും 30 ദിവസമുള്ള റമളാനും കൂലിയുടെ കാര്യത്തില്‍ തുല്യം തന്നെ. നബി(സ)ക്ക് ഒരു വര്‍ഷമേ റമളാന്‍ 30 നോല്‍ക്കാന്‍ ഇടവന്നുള്ളൂ എന്ന് ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  റമളാന്‍ വ്രതം നിഷേധിച്ചവര്‍ മുര്‍തദ്ദാണ്. ഇസ്‌ലാമിക ഭരണത്തില്‍ മടങ്ങുന്നില്ലെങ്കില്‍ വധമാണ് ശിക്ഷ.
  ഒരു കൊല്ലത്തെ 354 ദിവസങ്ങളില്‍ ദിവസം എന്ന നിലക്ക് ഏറ്റവും ശ്രേഷ്ഠമായത് അറഫ ദിനമാണ്. മാസം എന്ന നിലക്ക് ഏറ്റവും ബഹുമതി റമളാനിനാകുന്നു. നബി(സ) പറഞ്ഞു: റമളാന്‍, മാസത്തിനുള്ളിലെ നായകനാണ്.

  ഹിജ്‌റ വര്‍ഷപ്രകാരം ഒമ്പതാമത്തെ മാസമാണ് വിശുദ്ധറമളാന്‍. ഖുര്‍ആനില്‍ അല്ലാഹു തന്നെ ഈ മാസത്തെ പേരെടുത്തു പറഞ്ഞിട്ടുണ്ട്. വ്രതാനുഷ്ഠാനത്തിന്റെ ഈ മാസത്തിന് എന്താണ് അങ്ങനെയൊരു നാമം? റമളാന്‍ എന്നതിന്റെ അര്‍ഥം കരിച്ചുകളയുന്നത് എന്നാണെന്ന് മുമ്പ് പറഞ്ഞുവല്ലോ. ഈ പവിത്രമായ മാസത്തില്‍ പൊറുക്കലിനെ തേടുന്നവരുടെയും ഖേദിച്ചു മടങ്ങുന്നവരുടെയും പാപങ്ങള്‍ അല്ലാഹു കരിച്ചു കളയും. ഈ ആശയത്തെ സൂചിപ്പിക്കുന്ന ഒരു ഹദീസ് അനസ് (റ) നിവേദനം ചെയ്തതായികാണാം.

  അല്ലാഹു പറഞ്ഞതായി നബി (സ) ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ പഠിപ്പിക്കുന്നു. ‘നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നല്‍കുക.’
  ഏറ്റവും നിഷ്‌കളങ്കമായിരിക്കുക എന്നതാണ് വ്രതത്തിന്റെ അന്തസത്ത. മറ്റുള്ള ആരാധനകളില്‍, അവ പരസ്യമായത് കൊണ്ടുതന്നെ റിയാഅ് (ലോകമാന്യം) കടന്നുവരാന്‍ സാധ്യതയുണ്ട്. എന്നാല്‍ വ്രതം അതീവരഹസ്യമാണ്. പ്രത്യക്ഷത്തില്‍ കാണാത്ത വിധം, അല്ലാഹുവും അടിമയും മാത്രമറിയുന്ന പവിത്ര കര്‍മമത്രെ അത്. ഇത് കൊണ്ടാണ് നോമ്പിന്റെ പ്രാധാന്യത്തെ വ്യക്തമാക്കി നോമ്പിന് ഞാനാണ് കൂലി തരികയെന്നും അത് എനിക്കവകാശപ്പെട്ടതാണെന്നും പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ മറ്റെല്ലാ അരാധനകളും അല്ലാഹുവിനു തന്നെയാണ്. അഥവാ ആകണം. അതിനുള്ള പ്രതിഫലം തരുന്നതും അവന്‍ തന്നെ- എന്നിട്ടും അല്ലാഹു വ്രതാനുഷ്ഠാനത്തെ എടുത്തുപറഞ്ഞു. അതിന്റെ കളങ്ക രാഹിത്യവും പ്രാധാന്യവും തന്നെ കാരണം.

  റമളാന്‍ സമാഗതമാവുന്നത് വിശ്വാസികള്‍ക്കെല്ലാം ആനന്ദകരമാണ്. കാരണം അത് പുണ്യങ്ങളുടെ പൂക്കാലമാണ്. ചെയ്യുന്ന ഓരോ നന്‍മക്കും ഉദ്ദേശ്യശുദ്ധിക്കനുസൃതമായി അല്ലാഹു വര്‍ധിത പ്രതിഫലം കനിഞ്ഞേകുന്ന സുവര്‍ണ കാലം. റമളാന്‍ നബി (സ) യുടെ സമുദായത്തിന്റെ മാസമാണെന്ന് പ്രവാചക തിരുമേനി പഠിപ്പിച്ചിണ്ടല്ലോ. റജബ് അല്ലാഹുവിന്റെയും ശഅ്ബാന്‍ തന്റെയും മാസമാണെന്നും അവിടുന്ന് പറഞ്ഞു.

  റമളാനിന്റെ തലേദിവസം നബി (സ) ഒരു മുന്നൊരുക്ക പ്രഭാഷണം നടത്തിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. സല്‍മാനുല്‍ ഫാരിസി (റ) റിപ്പോര്‍ട്ട്: റസൂല്‍ കരീം (സ) പറഞ്ഞു. ജനങ്ങളെ നിങ്ങള്‍ക്കിതാ മഹത്തായ ഒരു മാസം ആഗതമായിരിക്കുന്നു. അനുഗ്രഹീതമായ മാസമാണത്. സുന്നത്തായ ഒരു കാര്യം അതില്‍ ചെയ്താല്‍ മറ്റു മാസങ്ങളില്‍ ഫര്‍ള് ചെയ്ത പോലെയാണ്. ഈ മാസത്തിലെ ഒരു നിര്‍ബന്ധകാര്യം മറ്റു കാലങ്ങളിലെ എഴുപത് ഫര്‍ളുകള്‍ക്ക് തുല്യവുമാണ്. (ബൈഹഖി).