Connect with us

National

ഉത്തരാഖണ്ഡില്‍ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ യു പിയിലെ നദികളില്‍

Published

|

Last Updated

ലക്‌നോ: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ ഒലിച്ചുപോയവരുടെ മൃതദേഹങ്ങള്‍ അയല്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലെ നദികളില്‍ നിന്ന് കണ്ടെത്തി. മൂന്നാഴ്ച മുമ്പാണ് ഉത്തരാഖണ്ഡില്‍ കനത്ത മഴയും പ്രളയവും ഉണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ എണ്‍പതിലധികം മൃതദേഹങ്ങളാണ് യു പിയില്‍ വിവിധ ജില്ലകളിലെ നദികളില്‍ നിന്ന് കണ്ടെത്തിയത്.
കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. യു പിയിലെ നദികളില്‍ പലതും കരകവിഞ്ഞൊഴുകുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ, ശക്തമായ മഴ വീണ്ടും തുടങ്ങിയിട്ടുണ്ട്. അലഹബാദ്, മീറത്ത്, ബിജ്‌നൂര്‍, മുറാദാബാദ്, നറോറ, മുസഫര്‍നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പലതും അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. ലിംഗനിര്‍ണയം നടത്താന്‍ മാത്രമേ സാധിക്കുന്നുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡി എന്‍ എ പരിശോധന നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങളും അറിയിച്ചു. ഉത്തരാഖണ്ഡിലും കനത്ത മഴ തുടങ്ങിയതിനാല്‍ നദികളില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവ ഒഴുകിയെത്താന്‍ സാധ്യതയുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കുന്നുണ്ട്.
ഇത് വളരെ പ്രയാസം നിറഞ്ഞ പണിയായിരുന്നുവെന്ന് ഉത്തര്‍ പ്രദേശ് ഐ ജി. ആര്‍ കെ വിശ്വകര്‍മ പറഞ്ഞു. പിലിഭിത്ത്, ഭുലന്ദ്ശഹര്‍, ഭഗ്പത്, സമ്പാല്‍, ഹാപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ വളരെയേറെ അഴുകിയ നിലയിലായിരുന്നു. ഉത്തരാഖണ്ഡിലേക്ക് അയച്ച യു പി പോലീസ് സംഘം ഹരിദ്വാറില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവയുടെ ഡി എന്‍ എ പരിശോധന നടത്തി. വസ്ത്രങ്ങള്‍, വാച്ചുകള്‍, കാലുറ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ജോലി സ്ഥലത്തെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചിട്ടുണ്ട്. ഹരിദ്വാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ അത്ര പഴകിയിട്ടില്ല. പടിഞ്ഞാറന്‍ യു പിയിലൂടെ ഒഴുകുന്ന മിക്ക നദികളും ഉത്തരാഖണ്ഡില്‍ നിന്നാണ് വരുന്നത് എന്നതിനാല്‍ മൃതദേഹങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നദിക്കരയില്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേജ മണ്ട, ഝൂസി, സൈദാബാദ് എന്നിവിടങ്ങളില്‍ നിന്ന് 17ഉം നരോറ, അനൂപ്ശഹര്‍, ഗാഢ് മുക്തേശ്വര്‍ എന്നിവിടങ്ങളില്‍ നിന്ന് 13ഉം മൃതദേഹങ്ങള്‍ കണ്ടെത്തി. വന്‍തോതില്‍ മണ്ണടിഞ്ഞ നിലയിലാണ് ഇവ. ചിലതില്‍ അസ്ഥികൂടം മാത്രമേയുള്ളൂ. നദികളില്‍ ജലനിരപ്പ് കുറഞ്ഞാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ കണക്ക് പ്രകാരം 4700 പേരെയാണ് പ്രളയത്തില്‍ കാണാതായത്.

Latest