Connect with us

Kannur

യന്ത്രവത്കൃത പരിശോധനാ സംവിധാനം നടപ്പാക്കും: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

Published

|

Last Updated

കണ്ണൂര്‍: കേരളത്തിലെ വാഹന ആര്‍ സി ബുക്കുകള്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഡിജിറ്റലൈസ് ചെയ്യുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആധുനികവത്കരണത്തില്‍ കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഏറെ മുന്നിലാണ്. ഇതിനകം 70 ശതമാനവും കമ്പ്യൂട്ടര്‍വത്കരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ആര്‍ സി ഡിജിറ്റിലൈസേഷന് വേണ്ടി ഐ ടി സെക്രട്ടറി വഴി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വാഹന അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കാന്‍ ബ്രീത്ത് അനലൈസര്‍ സംവിധാനം തുടങ്ങും. അമിത വേഗം, മൊബൈല്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, ഓവര്‍ ലോഡിംഗ്, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ചുവന്ന ലൈറ്റുകളുടെ ദുരുപയോഗം എന്നിവ കണ്ടെത്തി ഉടന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വകുപ്പ് ചേര്‍ത്തല മുതല്‍ മണ്ണുത്തി വരെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മണ്ണുത്തി മുതല്‍ മഞ്ചേശ്വരം വരെ ക്യാമറ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നാല് കിലോമീറ്റര്‍ ഇടവിട്ടാണ് ക്യാമറകള്‍ സ്ഥാപിക്കുക. അനധികൃത ഡ്രൈവിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹന ഉടമക്ക് അപ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ വഴി പിഴയടക്കാനുള്ള സന്ദേശം നല്‍കുന്ന വിധത്തിലാണ് സംവിധാനമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. അശ്രദ്ധമായി വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. അമിത വേഗം പരിശോധിക്കാനായി സംസ്ഥാനത്തെ 17 ആര്‍ ടി ഒമാര്‍ക്കും നാല് റീജ്യനല്‍ ഓഫീസുകള്‍ക്കും ഇന്റര്‍സെപ്ടര്‍ നല്‍കും.
അഴിമതി തടയുന്നതിന്റെ ഭാഗമായി ആര്‍ ടി ഒ, ജോയിന്റ് ആര്‍ ടി ഓഫീസുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ വരാതെ തന്നെ 27 സര്‍വീസുകള്‍ കമ്പ്യൂട്ടര്‍ വഴി ലഭ്യമാക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.