Connect with us

Kerala

മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ക്കിടെ മാണി എന്‍ എസ് എസ് ആസ്ഥാനത്ത്‌

Published

|

Last Updated

കോട്ടയം: സംസ്ഥാന സര്‍ക്കാറില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ ഹൈക്കമാന്‍ഡ് അഴിച്ചുപണി നടത്തുമെന്ന വാര്‍ത്തകള്‍ക്കിടെ മന്ത്രി കെ എം മാണി എന്‍ എസ് എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെരുന്നയിലെത്തിയ മാണി നാല്‍പ്പത് മിനുട്ട് നേരം ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ വരുത്തിയേക്കാവുന്ന ഇളക്കിപ്രതിഷ്ഠ അടക്കമുള്ള കാര്യങ്ങളും സുകുമാരന്‍ നായരുമായി മാണി ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു.
സോളാര്‍ വിവാദവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും പെട്ടിത്തെറിയുടെ വക്കിലെത്തിയ സാഹചര്യത്തിലാണ് തിരക്കിട്ട് മന്ത്രിസഭാ പുനഃസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുത്തത്. മന്ത്രിസഭാ പുനഃസംഘടനാ കാര്യങ്ങളില്‍ എന്‍ എസ് എസിന്റെ നിലപാട് അറിയുക എന്ന ദൗത്യവുമായാണ് കെ എം മാണി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മാണിയുടെ സന്ദര്‍ശനം.
ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ഒറ്റപ്പെട്ട ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തത്സ്ഥാനത്ത് നിന്ന് മാറ്റുമെന്ന ശ്രുതി പരക്കെയുണ്ട്. എന്‍ എസ് എസുമായി അകന്നുകഴിയുന്ന തിരുവഞ്ചൂരിനെ ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റുമ്പോള്‍ പകരം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആഭ്യന്തര വകുപ്പിന്റെ ചുമതല നല്‍കി മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. എന്നാല്‍, ചെന്നിത്തലക്കെതിരെയും ശക്തമായ നിലപാട് കൈക്കൊണ്ടിരിക്കുന്ന എന്‍ എസ് എസ് നേതൃത്വത്തിന് ഇക്കാര്യത്തിലുള്ള സമീപനം മുന്‍കൂട്ടി അറിയുക എന്ന ദൗത്യവും മാണിക്കുണ്ടെന്നാണ് കരുതുന്നത്.
നിയമസഭാ സമ്മേളനത്തിനു ശേഷം മന്ത്രിസഭാ പുനഃസംഘടന നടത്തുന്നതിനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ നടന്നുകഴിഞ്ഞു. അതേസമയം, നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും ഇരുവരും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്ത വേളകളിലും എന്‍ എസ് എസ് നേതൃത്വവുമായി ആശയവിനിമയം നടത്താറുണ്ടെന്ന് മന്ത്രി കെ എം മാണി പറഞ്ഞു. കോണ്‍ഗ്രസിലും സര്‍ക്കാറിലും ഉണ്ടായിരിക്കുന്ന തര്‍ക്കത്തിന് മധ്യസ്ഥത വഹിക്കാന്‍ എന്‍ എസ് എസില്ലെന്ന് ജി സുകുമാരന്‍ നായരും വ്യക്തമാക്കി.