ഈജിപ്ത്: അല്‍ബറാദിയെ പ്രധാനമന്ത്രിയായി നിയമിച്ചിട്ടില്ലെന്ന് ഇടക്കാല പ്രസിഡന്റ്‌

Posted on: July 8, 2013 12:46 am | Last updated: July 8, 2013 at 12:46 am

Mohamed ElBaradei to be appointed as Egyptian Prime Ministerകൈറോ: ഈജിപ്തില്‍ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബറാദി നിയോഗിക്കപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് തീരുമാനമായിട്ടില്ലെന്നും ഇടക്കാല പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍. ബറാദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. അല്‍ബറാദി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.
പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് അനുകൂലമായ പ്രക്ഷോഭം നടത്തുന്ന ബ്രദര്‍ഹുഡിന്റെ കടുത്ത വിരോധിയായി അറിയപ്പെടുന്ന ബറാദിക്ക് രാജ്യത്ത് കാര്യമായ ജനസ്വാധീനമില്ലെന്നും വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് അദ്‌ലി മന്‍സൂറുമായി അല്‍ ബറാദി ചര്‍ച്ച നടത്തിയിരുന്നുവെന്നും എന്നാല്‍ ഇത് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നതല്ലെന്നും പ്രസിഡന്റിന്റെ ഉപദേശകന്‍ അഹ്മദ് അല്‍ മുസ്‌ലിമാനി വ്യക്തമാക്കി. അതേസമയം അല്‍ബറാദിയെ തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ബറാദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുര്‍സി വിരുദ്ധ പ്രക്ഷോഭം നടത്തിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വിയോജിപ്പുണ്ട്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. പ്രധാന പ്രതിപക്ഷമായ നൂര്‍ പാര്‍ട്ടി അല്‍ ബറാദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, മുര്‍സി അധികാരത്തില്‍ തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുകയാണ്. കൈറോയിലും അലക്‌സാണ്ട്രിയയിലും ആയിരക്കണക്കിന് ജനങ്ങള്‍ ഒരുമിച്ചു കൂടി. മുര്‍സി വിരുദ്ധ പ്രക്ഷോഭകരും ബ്രദര്‍ഹുഡ് പ്രക്ഷോഭകരും തമ്മില്‍ പലയിടത്തും സംഘര്‍ഷം ഉണ്ടായി.