Connect with us

International

മുര്‍സിയെ പുറത്താക്കിയ നടപടി അനുചിതം: ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: ഈജിപ്തിലെ മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ സൈനിക നടപടി അനുചിതമെന്ന് ഇറാന്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പുറത്താക്കാനായി സൈന്യം ഇടപെട്ടത് ശരിയായില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈജിപ്തിലെ സംഭവവികാസങ്ങളോട് ഇതാദ്യമായാണ് ഇറാന്‍ ഔദ്യോഗികമായി പ്രതികരിക്കുന്നത്. മുര്‍സിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമം ശക്തമാക്കാന്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും വിദേശകാര്യ വക്താവ് അബ്ബാസ് അറാഗ്ച്ചി പറഞ്ഞു.
ആരാണ് പ്രസിഡന്റാകേണ്ടതെന്ന് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പുകളാകണം. അത് തെരുവിന് വിട്ടു കൊടുക്കരുത്. ഇസ്‌ലാമിസ്റ്റുകള്‍ തളരരുതെന്നും അബ്ബാസ് പറഞ്ഞു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഒരു പരാജയമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
അറബ് വസന്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണവിരുദ്ധ പ്രക്ഷോഭങ്ങളെ 1979ല്‍ തങ്ങളുടെ രാജ്യത്ത് നടന്ന വിപ്ലവത്തിന് സമാനമായാണ് ഇറാന്‍ കാണുന്നത്. എന്നാല്‍ സിറിയയിലെ വിമത പ്രക്ഷോഭത്തെ ഇറാന്‍ പിന്തുണക്കുന്നില്ല. ഈജിപ്തുമായി 1979ല്‍ വിച്ഛേദിക്കപ്പെട്ട നയതന്ത്ര ബന്ധം മുര്‍സി വന്ന ശേഷം പുനഃസ്ഥാപിച്ചിരുന്നു.

Latest