ജെ എല്‍ ടി മേഖലയില്‍ 45 കോടിയുടെ റോഡ് വികസന പദ്ധതികളുമായി ആര്‍ ടി എ

Posted on: July 7, 2013 8:36 pm | Last updated: July 7, 2013 at 8:36 pm

ദുബൈ: ജെ എല്‍ ടി(ജുമൈറ ലെയ്ക് ടവേഴ്‌സ്) മേഖലയില്‍ മേല്‍പ്പാലങ്ങളും തുരങ്കങ്ങളും ഉള്‍പ്പെടെ 45 കോടിയുടെ റോഡ് വികസന പദ്ധതികള്‍ പുരോഗമിക്കുന്നതായി ആര്‍ ടി എ. ജെ എല്‍ ടി മേഖലയിലെ റോഡ് വികസന പദ്ധതിയുടെ മൂന്നാം ഘട്ടമാണ് പുരോഗമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവിടെ 75 ശതമാനം പദ്ധതി പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിരിക്കയാണ്.
ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തികള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കുമെന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ ആര്‍ ടി എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ വ്യക്തമാക്കി. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ആര്‍ ടി എ ചെയര്‍മാനോട് വിശദീകരിച്ചു. ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി ആക്ടിംഗ് സി ഇ ഒ നബീല്‍ മുഹമ്മദ് സാലിഹും ചെയര്‍മാനെ സന്ദര്‍ശനത്തില്‍ ്അനുഗമിച്ചു.
ശൈഖ് സായിദ് റോഡിനെയും സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന ജെ എല്‍ ടിയിലെ സമാന്തര റോഡുകളുടെ നിര്‍മാണങ്ങളും ഇതില്‍ ഉള്‍പ്പെടും.
പദ്ധതിയുടെ ഭാഗമായി ഏഴു പാലങ്ങളും ശൈഖ് സായിദ് റോഡിനെയും മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന തുരങ്കവും ഉള്‍പ്പെടും. എമിറേറ്റില്‍ ആര്‍ ടി എ ഏറ്റെടുക്കുന്ന ഏറ്റവും വലിയ സമാന്തര റോഡ് വികസന പദ്ധതികളില്‍ ഒന്നാണിത്. ഇറ്റാലിയന്‍ കമ്പനിയായ ടോഡിനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജെ എല്‍ ടിയിലേക്ക് വരുന്നതും ഇവിടെ നിന്നും പോകുന്നതുമായ റോഡുകളിലെ തിരക്കിന് പരിഹാരമുണ്ടാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിളക്ക് സ്ഥാപിക്കല്‍, സിഗ്നല്‍ ബോര്‍ഡുകള്‍ വെക്കല്‍, നടപ്പാതയുടെ പ്രവര്‍ത്തികള്‍, ട്രാഫിക് ഡൈവേര്‍ഷന്‍ തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങളും തകൃതിയായി നടന്നുവരികയാണ്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഈസ്‌റ്റേണ്‍ കോറിഡോറില്‍ ഗതാഗതം സുഖമമാക്കാന്‍ സാധിക്കുമെന്നാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്.