മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു

Posted on: July 7, 2013 8:33 pm | Last updated: July 7, 2013 at 8:33 pm

അല്‍ ഐന്‍: സനാഇയ്യയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റിനു എതിര്‍വശം മൂന്ന് ഇരുനില കെട്ടിടങ്ങളാണ് കത്തിനശിച്ചത്. ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെയിന്റു കടക്കാണ് ആദ്യം തീപിടിച്ചത്. ഇത് മറ്റു കെട്ടിടങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു തീപിടുത്തം. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അബൂസാല ഗ്യാരേജ്, ടെക്‌നോ സ്റ്റോര്‍, ശാഫി ഇലക്‌ട്രോണിക്‌സ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ പൂര്‍ണമായും ഭാഗികമായും കത്തി നശിച്ചു. തീപടര്‍ന്നുപിടിക്കുന്നതിനു മുമ്പ് ഗ്യാരേജിലുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റാന്‍ കഴിഞ്ഞത് നഷ്ടത്തിന്റെ തോത് കുറക്കാനായി. പത്തനംതിട്ട സ്വദേശി ജയിംസിന്റെ സലും ഹാര്‍ഡ്‌വെയറും കത്തിനശിച്ചു.
തീപിടുത്തത്തിനിടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് ജനങ്ങളില്‍ ആശങ്കയുളവാക്കി. കെട്ടിടങ്ങളുടെ താഴത്തെ നിലകളില്‍ കടകളും ഗ്യാരേജും മുകളിലത്തെ നിലയില്‍ താമസ കേന്ദ്രങ്ങളുമായിരുന്നു. തീപിടുത്ത സമയത്ത് താമസക്കാരും തൊഴില്‍ സ്ഥാപനങ്ങളിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സിവില്‍ ഡിഫന്‍സിന്റെ അഞ്ച് ഫയര്‍ എഞ്ചിനുകള്‍ എത്തി വൈകുന്നേരം ഏഴോടെ തീ തീ നിയന്ത്രണ വിധേയമാക്കി. സിവില്‍ ഡിഫന്‍സിന്റെ സമയോചിത ഇടപെടല്‍ കാരണം സമീപത്തെ 300 ഓളം പേര്‍ പണിയെടുക്കുന്ന അബായ ഷോപ്പിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.