സ്വകാര്യ ആശുപത്രി മാലിന്യങ്ങള്‍ ഇരുപത് കുടുംബങ്ങള്‍ക്ക് ദുരിതമാകുന്നു

Posted on: July 7, 2013 9:05 am | Last updated: July 7, 2013 at 9:05 am

കല്‍പ്പറ്റ: മീനങ്ങാടിയിലെ പി ബി എം ആശുപത്രിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം മൂലം വീടുകളും കിണറുകളും മലിനമാവുന്നതായി പ്രദേശവാസികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മീനങ്ങാടി പഞ്ചായത്തിലെ പതിമൂന്നാംവാര്‍ഡില്‍ നീനാഎസ്റ്റേറ്റില്‍ സ്ഥാപിതമായ പി ബി എം ആശുപത്രിക്ക് പുറകുവശത്തായി നാലും അഞ്ചും സെന്റ് ഭൂമിയില്‍ താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. വിധവകളും അഗതികളും ബുദ്ധിമാന്ദ്യമുള്ളവരും വൃദ്ധകളുമടങ്ങുന്നവരാണ് ഇവിടെ താമസിക്കുന്നതില്‍ ഭൂരിഭാഗവും. മഴ ശക്തമായതോടെ ആശുപത്രിയില്‍ നിന്നും ചീഞ്ഞഴുകിയ പുഴുക്കള്‍ വമിക്കുന്ന മാലിന്യമാണ് ഒഴുകിവരുന്നത്. ഇതുകൂടാതെ ഇതേ ഉടമയുടെ ബില്‍ഡിംഗില്‍ വാടകക്ക് താമസിക്കുന്നവരുടെയും കടകമ്പോളങ്ങളിലെയും ചീഞ്ഞഴുകിയ മാലിന്യങ്ങളും മറ്റ് പ്ലാസ്റ്റിക് ചപ്പുചവറുകളും ഭൂമിക്ക് മുകളിലൂടെ നിരന്നൊഴുകിയും ഭൂമിക്ക് അടിയിലൂടെ പൈപ്പലൈന്‍ വഴിയും വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയെത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനമലിനീകരണനിയന്ത്രണബോര്‍ഡിനും പരിസ്ഥിതി ചെയര്‍മാനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കണമെന്നത് പ്രകാരം പി ബി എം ആശുപത്രി ഉടമപൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടും വിധമുള്ള മാലിന്യപ്ലാന്റെന്ന് വരുത്തി ഭൂമിക്ക് മുകളില്‍ കാണുന്ന മാലിന്യം നിക്ഷേപിക്കുകയാണ്.
24 മണിക്കൂറും ഒഴുകിക്കൊണ്ടിരിക്കുന്ന പൈപ്പുകള്‍ക്ക് ചോര്‍ച്ചയുണ്ട്. കാപ്പിത്തോട്ടത്തിലൂടെ മാലിന്യപ്ലാന്റില്‍ നിന്നും വെള്ളം പമ്പ് ചെയ്യുമ്പോള്‍ കറുത്തവെള്ളം റോഡിലൂടെ നിറഞ്ഞൊഴുകുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. മെയിന്‍ റോഡിന് താഴെ ഭാഗത്തായി പതിറ്റാണ്ടുകള്‍ പഴക്കമുള്ള അമ്പലവും കുളവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ സ്ഥലം പിന്നീട് കുഴിഞ്ഞ് ചിറയായി കിടന്നിരുന്നു. ഈ ചിറയിലേക്ക് ചീഞ്ഞഴുകിയ മാലിന്യങ്ങള്‍ ഉടമ പൈപ്പ് വഴിയും അല്ലാതെയും ഒഴുക്കിവിട്ടുകൊണ്ടിരുന്നത്. ഒരേക്കറില്‍ കൂടുതലുണ്ടായിരുന്ന ഈ ചിറ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിട്ട് നിരത്തി പെട്രോള്‍പമ്പ് സ്ഥാപിച്ചു. ഇതിന് ശേഷം മെയില്‍റോഡിലേതടക്കമുള്ള മാലിന്യങ്ങള്‍ വീട്ടുമുറ്റത്തേക്കും കുടിവെള്ളത്തിലേക്കുമെത്താന്‍ തുടങ്ങിയെന്നും പ്രദേശവാസിയായ എ വിനോദിനി പത്രസമ്മേളനത്തില്‍ പറഞ്ഞു.