Connect with us

Wayanad

വയനാട്ടില്‍ ജന്തുജന്യ രോഗങ്ങള്‍ വര്‍ധിക്കുന്നത് ഗൗരവമായി കാണണം: വെറ്ററിനറി സര്‍വകലാശാലയുടെ പഠനം

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടില്‍ ജന്തുജന്യ രോഗങ്ങള്‍ വര്‍ധിക്കുന്നത് ഗൗരവമായി കാണണമെന്ന് കേരള വെറ്ററിനറി സര്‍വകലാശാലയുടെ പഠനം. എലിപ്പനി, ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളാണ് നേരത്തെ വ്യാപകമായിരുന്നെങ്കില്‍ മാന്‍ ചെള്ള്, കുരങ്ങ് രോഗം പോലെ മനുഷ്യ ജീവന് തന്നെ അപകടകരമായ രീതിയിലുള്ള രോഗങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് ജാഗ്രതയോടെ കാണണമെന്ന് സര്‍വകലാശാലയുടെ വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. എട്ടുപേര്‍ക്കാണ് മാന്‍ ചെള്ള് രോഗവും ഒരാള്‍ക്ക് കുരങ്ങു രോഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേയ്ക്കും മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കും പകരുന്ന രോഗങ്ങളെയാണ് ജന്തുജന്യ രോഗങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പേ വിഷബാധ, എലിപ്പനി, പക്ഷിപ്പനി, അടപ്പന്‍, ബ്രൂസെല്ലാ രോഗം, ഡെങ്കിപ്പനി എന്നിവയാണ് ഉദാഹരണങ്ങള്‍. ലോകത്ത് എഴുനൂറ്റി അന്‍പതോളം ജന്തുജന്യ രോഗങ്ങളുള്ളതായാണ് കണക്കാക്കപ്പെടുന്നത്. എലി, കൊതുക്, പട്ടി, പശു, പക്ഷികള്‍, മറ്റു വളര്‍ത്തു മൃഗങ്ങള്‍, വന്യമൃഗങ്ങള്‍ എന്നിവ വഴി മനുഷ്യന് പലവിധ രോഗങ്ങള്‍ പടരാം. ഒപ്പം മനുഷ്യരില്‍ നിന്ന് ക്ഷയം പോലോത്ത വിവിധ രോഗങ്ങള്‍ മൃഗങ്ങള്‍ക്കും പടരാം.
കൃഷിയും മൃഗപരിപാലനവും മുഖ്യതൊഴിലായി സ്വീകരിച്ച വയനാട്ടുകാര്‍ക്ക് മൃഗങ്ങളില്‍ നിന്ന് വേറിട്ടൊരു ജീവിതം സാധ്യമല്ല. അതിനാല്‍ രോഗം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും ഹെല്‍ത്ത് വിഭാഗം മുന്നറിയിപ്പ് നല്‍കി. അതു കൊണ്ട് തന്നെ മനുഷ്യനുമായുള്ള ചികിത്സാ സമ്പ്രദായങ്ങളും മൃഗങ്ങള്‍ക്കുള്ള ചികിത്സാ സമ്പ്രദായങ്ങളും സംയോജിപ്പിച്ച് മുന്‍ കരുതലും ചികിത്സയും ആവശ്യമാണ്. അതിന്റെ ഭാഗമായി ആഗോള തലത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തന രീതിയായ “വണ്‍ ഹെല്‍ത്ത്” എന്ന സങ്കല്‍പനത്തിനും പ്രാധാന്യം വര്‍ധിച്ചു വരുന്നുണ്ട്.
ലോകജന്തു ജന്യ ദിനാചരണത്തോടനുബന്ധിച്ച് പൂക്കോട് കേരള വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി ഉദ്ഘാടനം ചെയ്തു. കോളജ് ഡീന്‍ ഡോ. എ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് നസീര്‍ ആലക്കല്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം എ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗഗാറിന്‍(വൈത്തിരി), സി ടി പുഷ്പലത(വെങ്ങപ്പള്ളി), കെ പി റസീന(പൊഴുതന), റോസ്‌ലി തോമസ്(കണിയാമ്പറ്റ), അനിത(മുട്ടില്‍), ഐ ബി മൃണാളിനി(പൂതാടി), ജോസ് കണ്ടംതുരുത്തി(മുള്ളന്‍കൊല്ലി), എന്‍ ആര്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബിജോയ്, സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് വിക്രം കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. വി കെ വിനോദ്, ഡോ.ജയകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. ഡോ. ബി സുനില്‍ സ്വാഗതവും, ഡോ.പ്രജിത് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റര്‍ മത്സരവും ക്വിസ് മത്സരവും നടത്തി.

Latest