Connect with us

National

ഉത്തരാഖണ്ഡില്‍ വീണ്ടും കനത്ത മഴ

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ പെയ്തത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. മഴയെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ രുദ്രപ്രയാഗ്, ചമോലി, ഉത്തര്‍ കാശി ജില്ലകളില്‍ ഹെലികോപ്റ്ററുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.
ഉത്തര്‍ കാശിയില്‍ ഭഗീരഥി നദി കരകവിഞ്ഞൊഴുകി. ഇതിനെ തുടര്‍ന്ന്, നദീതീരങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. അടിയന്തര മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രുദ്രപ്രയാഗ് ജില്ലയിലെ കേദാര്‍ഘടിയില്‍ കോപ്റ്റര്‍ പറക്കാത്തതിനെ തുടര്‍ന്ന് ഗ്രാമീണര്‍ക്ക് ഭക്ഷണസാധനങ്ങളടക്കമുള്ള അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ല.
വെള്ളിയാഴ്ച മുതലാണ് വീണ്ടും മഴ പെയ്യാന്‍ തുടങ്ങിയത്. അളകനന്ദ നദിക്കരകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേദാര്‍ഘട്ടില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതും തടസ്സപ്പെട്ടു. കൂട്ട സംസ്‌കാരം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ 71 മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചതെന്ന് ഡി ജി പി സത്യവ്രത് ബന്‍സാല്‍ പറഞ്ഞു. മഴ തുടര്‍ന്നാല്‍, അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വ്യോമമാര്‍ഗം മാത്രം അവലംബിക്കാന്‍ സാധിക്കില്ലെന്നും റോഡുകള്‍ പുനര്‍നിര്‍മിക്കുന്നത് ത്വരിതപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോഡുകളെല്ലാം തകര്‍ന്ന് ഒറ്റപ്പെട്ടിരിക്കുന്ന പിന്നാക്ക ജില്ലയായ ചമോലിയില്‍ ചീഫ് സെക്രട്ടറി സുഭാഷ് കുമാര്‍ സന്ദര്‍ശനം നടത്തി. പതിനഞ്ചാം തീയതിയോടെ റോഡുകള്‍ തുറക്കാന്‍ സാധിക്കണമെന്ന് നിര്‍ദേശം നല്‍കി. സംസ്ഥാന ദുരന്തനിവാരണ മന്ത്രി യശ്പാല്‍ ആര്യ, പിത്തോഗഢ് സന്ദര്‍ശിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ചും നൈനിറ്റാള്‍, പിത്തോഗഢ്, അല്‍മോറ ജില്ലകളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Latest