Connect with us

Kerala

നെല്ലിയാമ്പതി വായ്പാ തട്ടിപ്പ് സി ബി ഐ അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി പണയം വെച്ച് എസ്റ്റേറ്റ് ഉടമകള്‍ കോടികള്‍ ബേങ്ക് വായ്പയെടുത്ത സംഭവം സി ബി ഐ അന്വേഷിക്കും. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കേസ് സി ബി ഐ ഏറ്റെടുക്കുന്നത്. കേസ് സി ബി ഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സി ബി ഐയുടെ കൊച്ചി യൂനിറ്റ് ശേഖരിച്ച് കഴിഞ്ഞു.
നിലവില്‍ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണമാണ് സി ബി ഐ ഏറ്റെടുക്കുന്നത്. പൊതുമേഖലാ ബേങ്കുകള്‍ കൂടി ഉള്‍പ്പെട്ട ക്രമക്കേട് ആയതും സി ബി ഐ അന്വേഷണത്തിനുള്ള വഴി തുറന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കെ വിജിലന്‍സിന് കൈമാറിയിരുന്നുവെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുകയായിരുന്നു. വായ്പാ ക്രമക്കേടില്‍ സി ബി ഐ അന്വേഷണം വേണമെന്ന് വനം മന്ത്രിയായിരിക്കെ കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് അംഗീകരിച്ചിരുന്നില്ല.
നെല്ലിയാമ്പതിയിലെ ആറ് എസ്റ്റേറ്റ് ഉടമകള്‍ ചേര്‍ന്ന് പാട്ടഭൂമി പണയം വെച്ച് പതിനാല് കോടി രൂപ വായ്പയെടുത്തുവെന്നാണ് കണ്ടെത്തിയത്. റവന്യൂ വകുപ്പിന്റെ കൈവശ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ രേഖകളുമാണ് വായ്പ സംഘടിപ്പിക്കാനായി നല്‍കിയത്. റവന്യൂ ഉദ്യോഗസ്ഥരും ബേങ്ക് മാനേജര്‍മാരും ഉടമകളുമായി ഒത്തുകളിച്ചാണ് വായ്പ സംഘടിപ്പിച്ചത്.
എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന കാര്യം മറച്ചുവെച്ചാണ് റവന്യൂ ഉദ്യോഗസ്ഥര്‍ രേഖകള്‍ നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. 1995 – 2002 കാലത്താണ് ഇടപാടുകള്‍ നടന്നത്. എസ് ബി ഐ, കെ എസ് ഐ ഡി സി, സ്വകാര്യ ബേങ്കുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം വായ്പയെടുത്തിട്ടുണ്ട്. വ്യവസായ വകുപ്പിന് കീഴിലുള്ള കെ എസ് ഐ ഡി സിയില്‍ നിന്ന് വായ്പ നല്‍കിയത് സംഭവിച്ച് വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സോമസുന്ദരം അന്വേഷണം നടത്തി വരികയാണ്.
ഒരു എസ്റ്റേറ്റിനെതിരെ ബേങ്ക് ജപ്തി നടപടി തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്. വനം വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് നെല്ലിയാമ്പതി പാടഗിരി പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. കേസ് പിന്നീട് വിജിലന്‍സിന് കൈമാറിയെങ്കിലും വനം വകുപ്പിന്റെ ആവശ്യപ്പെട്ടതനുസരിച്ച് ക്രൈം ബ്രാഞ്ചിന് വിടുകയായിരുന്നു.