ക്ഷേമനിധി ഓഫീസറുടെ വിവേചന നിലപാട്: തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

Posted on: July 6, 2013 6:51 am | Last updated: July 5, 2013 at 10:52 pm

കാസര്‍കോട്: ഒരു വിഭാഗം തൊഴിലാളി യൂണിയനുകളോട് മമതയും മറ്റൊരു വിഭാഗത്തോട് ശത്രുതയും പുലര്‍ത്തി തൊഴിലാളി ക്ഷേമ നടപടികളില്‍ വ്യത്യസ്ത മുഖം പ്രകടിപ്പിക്കുന്ന ജില്ലാ ക്ഷേമനിധി ഓഫീസറുടെ നയം തിരുത്തിയില്ലെങ്കില്‍ ശക്തമായ തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എസ് ടി യു നിര്‍ബന്ധിതമാകുമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.
മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് യഥാര്‍ത്ഥ തൊഴിലാളികള്‍ക്കുപോലും ക്ഷേമനിധി അംഗത്വം നിഷേധിക്കുകയാണ് നിലവിലെ ജില്ലാ ഓഫീസറെന്ന് യോഗം കുറ്റപ്പെടുത്തി.
ശക്തമായ മഴയിലും കാറ്റിലും കൃഷി നാശവും വീട് നാശവും നേരിട്ടവര്‍ക്ക് ആവശ്യമായ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഹസൈനാര്‍ തളങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന എസ് ടി യു വൈസ് പ്രസിഡണ്ട് എ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി പി കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.