സാമൂഹിക സുരക്ഷാമിഷന്‍ പ്രവര്‍ത്തനം ജില്ലയില്‍ വ്യാപിപ്പിക്കും

Posted on: July 6, 2013 6:00 am | Last updated: July 5, 2013 at 10:49 pm

കല്‍പ്പറ്റ: രോഗികള്‍, വൃദ്ധര്‍, അനാഥര്‍, അവിവാഹിതര്‍ തുടങ്ങിയവര്‍ക്ക് ആരോഗ്യ, സാമ്പത്തിക, സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന വൈവിധ്യമാര്‍ന്ന പദ്ധതികള്‍ സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലയില്‍ വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ ലെയ്‌സണ്‍ ഓഫീസര്‍ നാനാക്കല്‍ മുഹമ്മദ് പദ്ധതികള്‍ ജനപ്രതിനിധികള്‍ക്കും ഉദേ്യാഗസ്ഥര്‍ക്കും പരിചയപ്പെടുത്തി. ബി പി എല്‍-എ പി എല്‍ വ്യത്യാസമില്ലാതെ അപേക്ഷിക്കുന്നവര്‍ക്കെല്ലാം സഹായം ലഭിക്കും എന്നതാണ് സാമൂഹ്യ സുരക്ഷാമിഷന്റെ പദ്ധതികളുടെ സവിശേഷത.
18 വയസ്സിന് താഴെയുള്ള ഗുരുതര രോഗം ബാധിച്ച കുട്ടികള്‍ക്ക് താലോലം പദ്ധതിയിലൂടെയും ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ക്യാന്‍സര്‍ സുരക്ഷാ പദ്ധതിയിലൂടെയും പൂര്‍ണ്ണമായും സൗജന്യ ചികിത്സ ലഭിക്കും. ജന്മനാ ബധിതരും മൂകരുമായ കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വിയും സംസാരശേഷിയും ലഭ്യമാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം. നഗരസഭാ പരിധിയിലുള്ള 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സുരക്ഷയാണ് വയോമിത്രം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ക്ലിനിക്കുകളിലെ പരിശോധനയും മരുന്നും ലാബോറട്ടറി ടെസ്റ്റും ഇവര്‍ക്ക് സൗജന്യമാണ്. നട്ടെല്ല് തകരാറിലായി കിടപ്പിലായവര്‍ക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് പാരാപ്ലീജിയ സെന്റര്‍.
പൂര്‍ണമായും ശയ്യാവലംബരായി വീടുകളില്‍ കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന വേറിട്ട പദ്ധതിയാണ് ആശ്വാസകിരണം. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ അനുവദിക്കുക. സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം ലഭിക്കും. അവിവാഹിതരായ അമ്മമാര്‍ ഏറെയുള്ള വയനാട്ടില്‍ നിന്നും ആകെ 50 അപേക്ഷകള്‍ മാത്രമാണ് ഈ പദ്ധതിയില്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. അച്ഛനോ അമ്മയോ ഇല്ലാത്ത കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ താമസിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. എല്‍ പി സ്‌കൂള്‍ കുട്ടികള്‍ക്ക് 300 രൂപയും യു പി,ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് 500 രൂപയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 750 രൂപയും ബിരുദവിദ്യാര്‍ഥികള്‍ക്ക് 1000 രൂപയും പ്രതിമാസം ലഭിക്കും.
പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രതേ്യക ക്യാമ്പുകളില്‍ അംഗവൈകല്യമുള്ളവര്‍ക്ക് തത്സമയം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കുട്ടികളിലെ സ്വഭാവവ്യതിയാനം തടയാനും സാമൂഹ്യ ഉത്തരവാദിത്വം വര്‍ധിപ്പിക്കാനും ലക്ഷ്യംവെച്ച് ഒ.ആര്‍.സി. പദ്ധതിയും നടപ്പിലാക്കുന്നു. നഗരങ്ങളിലുള്ള നിരാലംബര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഹംഗര്‍ ഫ്രീ സിറ്റി. സാമൂഹ്യ ക്ഷേമവകുപ്പിന്റെ കെയര്‍ ഹോമുകളിലെ അന്തേവാസികള്‍ക്ക് പരിചരണം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിചാരകരെയും സാമൂഹ്യ സുരക്ഷാമിഷനാണ് നിയമിക്കുന്നത്.
സര്‍ക്കാര്‍ സഹായത്തിനപ്പുറം ഭീമമായ തുകകള്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായതിനാല്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തിന്റെ നിശ്ചിത ശതമാനം സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കണമെന്ന് ലെയ്‌സണ്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ദേവകി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.