പാക്കിസ്ഥാനില്‍ വധ ശിക്ഷ തിരിച്ചു വരുന്നു

Posted on: July 5, 2013 11:31 pm | Last updated: July 5, 2013 at 11:31 pm

hangഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വധ ശിക്ഷ തിരിച്ചു കൊണ്ടു വരാനുള്ള തീരുമാനമായി. പുതുതായി ഭരണത്തിലേറിയ നവാസ് ശരീഫ് സര്‍ക്കാറാണ് വധശിക്ഷ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ എല്ലാ വധശിക്ഷകള്‍ക്കും പ്രസിഡന്റിന്റെ അനുമതി വേണമെന്ന നിബന്ധന വെക്കുമെന്ന് ദി ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ആസിഫലി സര്‍ദാരിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ഭരിച്ച കാലത്ത് 2008ലാണ് വധശിക്ഷ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. വധശിക്ഷ വിധിക്കപ്പെട്ട കേസുകളില്‍ അവയുടെ ഗൗരവം പുനഃപരിശോധിച്ച ശേഷമാകും ശിക്ഷ നടപ്പാക്കുകയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഉമര്‍ ഹമീദ് പറഞ്ഞു. വധശിക്ഷക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ജൂണ്‍ 30ന് അവസാനിച്ചതോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.
പുതിയ നീക്കം അത്ഭുതപ്പെടുത്തുന്നതെന്നും പിന്നോട്ടുള്ള സഞ്ചാരമാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഏഷ്യാ പസഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ പോളി ട്രസ്‌കോട്ട് പറഞ്ഞു. 8,000 പേര്‍ വധശിക്ഷ വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. എന്നാല്‍ 450 പേരാണ് ഉടന്‍ ശിക്ഷ നടപ്പാക്കേണ്ടവരുടെ പട്ടികയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇതില്‍ തന്നെ പ്രായം കൂടിയവരോടും സ്ത്രീകളോടും സര്‍ക്കാര്‍ ദയ കാണിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.