Connect with us

Kannur

ശ്രീകണ്ഠപുരം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു

Published

|

Last Updated

ശ്രീകണ്ഠപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്നു ശ്രീകണ്ഠപുരം, പയ്യാവൂര്‍, ചെങ്ങളായി, മലപ്പട്ടം മേഖലകള്‍ ഒറ്റപ്പെട്ടു. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
ചെങ്ങളായി കൊവ്വപ്പുറത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന 60 കുടുംബങ്ങളെ തളിപ്പറമ്പ് തഹസില്‍ദാറുടെ നിര്‍ദേശാനുസരണം മാറ്റി പാര്‍പ്പിച്ചു. ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂളിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഇരിക്കൂറില്‍ പെടയങ്ങോടില്‍ രണ്ടു വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. ശ്രീകണ്ഠപുരം സെന്‍ട്രല്‍ ജംഗ്ഷന്‍, ടൗണ്‍ എന്നിവിടങ്ങളിലെ പത്തു കടകളില്‍ വെള്ളം കയറി. കടകളിലെ സാധനങ്ങള്‍ നശിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്നു മിക്കവാറും കടകളിലെയും സാധനങ്ങള്‍ ഇന്നലെ രാത്രി തന്നെ ഉടമകള്‍ മാറ്റിയിരുന്നു. ശ്രീകണഠപുരം മാര്‍ക്കറ്റ് പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ബസ് സ്റ്റാന്‍ഡിലും വെള്ളം കയറിയി. പരിപ്പായി-ശ്രീകണ്ഠപുരം റോഡില്‍ വെള്ളം കയറിയിതിനെ തുടര്‍ന്നു ശ്രീകണഠപുരം പോലീസ് സ്‌റ്റേഷനും ഒറ്റപ്പെട്ട നിലയിലാണ്. ഇരിക്കൂറില്‍ പെരുമണ്ണില്‍ ഇന്നു പുലര്‍ച്ചെ റോഡിലേക്കു കൂറ്റന്‍ മരം കടപുഴകി വീണ് ഇരിട്ടി റൂട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.നെടുവള്ളൂര്‍ പൂഞ്ഞിടുക്ക് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ഗതാഗതം നിലച്ചു. ചേടിച്ചേരി, ചൂളിയാട്, അടുവാപ്പുറം വയലുകള്‍ വെള്ളത്തിനടിയിലായി.
ചെങ്ങളായി, പരിപ്പായി, മടമ്പം, കൂട്ടുമുഖം, പൊടിക്കളം, കണ്ടകശേരി റോഡുകളില്‍ വെള്ളം കയറി. മയ്യില്‍, മലപ്പട്ടം, പയ്യാവൂര്‍ മേഖലകളിലേക്കും വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. കൊയ്യം, പെരുന്തലേരി, മുങ്ങം, പെരിങ്കോന്ന് എന്നിവിടങ്ങളിലെ വയലുകളില്‍ വെള്ളം കയറി. മലപ്പട്ടത്തെ കൊവ്വന്തല, കൊളന്ത, പേക്കിന്‍കൂട്ടം, കാപ്പാട്ടുകുന്ന് വയലുകളും വെള്ളത്തിനടിയിലാണ്. വയലുകളിലെ വാഴ, മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിച്ചു. ഉളിക്കല്‍ കാലാങ്കിയില്‍ ഉരുള്‍പെട്ടിയതിനെ തുടര്‍ന്നു ബ്ലാത്തൂര്‍, കണ്ടകശേരി പാലം വെള്ളത്തിനിടയിലായി. പയ്യാവൂരിലെ ചതുരമ്പുഴ, പൈസക്കരി, വണ്ണായിക്കടവ്, കരിമ്പങ്കണ്ടി, മടക്കന്‍ പുളകള്‍ കരകവിഞ്ഞൊഴുകി. പാലങ്ങള്‍ വെള്ളത്തിനടിയിലാണ്. വൈദ്യുതി തൂണുകളും തകര്‍ന്നിട്ടുണ്ട്.

Latest