കാലവര്‍ഷക്കെടുതി: ജില്ലയില്‍ നഷ്ടം 10 കോടി കവിഞ്ഞു

Posted on: July 5, 2013 1:43 am | Last updated: July 5, 2013 at 1:43 am

കണ്ണൂര്‍: പെരുമഴയ്ക്ക് ഇന്നലെ താത്കാലിക ശമനമുണ്ടായെങ്കിലും വൈകുന്നേരത്തോടെയെത്തിയ ചുഴലിക്കാറ്റിലും മഴയിലും വീണ്ടും നാശനഷ്ടമുണ്ടായി. ജില്ലയില്‍ ഇതേവരെയുളള മൊത്തം നഷ്ടം 10 കോടി രൂപ കവിഞ്ഞു. 735 വീടുകള്‍ ഭാഗികമായും 20 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 98.172 ഹെക്ടറില്‍ 8,59,35,350 രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായി. ഇതോടെ 11 പേര്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചു. ഒരാളെ കാണാതായി. ചെങ്ങളായി വില്ലേജില്‍ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇക്കഴിഞ്ഞദിവസങ്ങളിലായി മാത്രം മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും 202 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

പലപ്രദേശങ്ങളും വെള്ളത്തിനടയില്‍ തന്നെയായത് ജനജീവിതത്തെ സാരമായി ബാധിച്ചു. പുഴയോര പ്രദേശങ്ങളുള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം വെള്ളമിറങ്ങാത്തത് കനത്ത ദുരിതത്തിനിടയാക്കി. ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശങ്ങളായ ഇരിട്ടി, ചെറുപുഴ, ആലക്കോട്, ചപ്പാരപ്പടവ് മേഖലയിലുള്‍പ്പെടെ പലയിടത്തും യാത്രാസൗകര്യം ഇന്നലെയും തകരാറിലായി. മണ്ണിടിഞ്ഞും മരങ്ങള്‍ വീണും പുഴ-തോട് കരകവിഞ്ഞുമാണ് മിക്കയിടങ്ങളിലും ഗതാഗത തടസമുണ്ടായത്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തതും കണ്ണൂര്‍ ജില്ലയുള്‍പ്പെട്ട വടക്കന്‍ മേഖലയിലാണ്. കണ്ണൂരിലെ തളിപ്പറമ്പ്, ഇരിക്കൂര്‍, ഇരിട്ടി മേഖലകളിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ പെയ്തതായി രേഖപ്പെടുത്തിയത്.
അതിനിടെ നിര്‍ത്താതെ മഴ പെയ്തതിനെ തുടര്‍ന്ന് മാവുംചാലിലെ കാക്കനാട്ട് ഷാജിയുടെ പറമ്പിലും കുടിയാന്മലക്ക് സമീപം കനകക്കുന്ന് റോഡിലെ പാത്തിയിലും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാവുംചാലിലെ കറ്റനാനിക്കല്‍ മോഹനന്‍, പാറക്കല്‍ ജോയി എന്നിവരുടെ കൃഷി വ്യാപകമായി നശിച്ചു. ജോയിയുടെ വീട് ഭാഗികമായി തകര്‍ന്നു. മാവുംചാല്‍ അംബേദ്കര്‍ കോളനി റോഡ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. നടുവില്‍ മണ്ഡളത്തിന് സമീപം കൈതളം, കോട്ടമല, തേര്‍മല, താവുകുന്ന് എന്നീ പ്രദേശങ്ങള്‍ മണ്ണിടിച്ചല്‍ ഭീഷണിയിലാണ്. കരിവേടന്‍ കുണ്ട്-ചാണോക്കുണ്ട് റോഡും തകര്‍ച്ചയിലാണ്. കുടിയാന്മല പൊന്‍മല-കനകക്കുന്ന് റോഡില്‍ പാത്തിയില്‍ ഉരുള്‍പൊട്ടി റോഡ് 100 മീറ്ററോളം നീളത്തില്‍ ഒലിച്ചുപോയി. വില്ലന്താം ബെന്നിയുടെ പറമ്പിലാണ് ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊട്ടിയത്.