സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വര്‍ഷം; റ്റാറ്റയുടെ ഓര്‍മകളില്‍ മനസ്സ് നിറഞ്ഞ് ഫാബി ബഷീര്‍

Posted on: July 5, 2013 1:33 am | Last updated: July 5, 2013 at 1:33 am

പെരിന്തല്‍മണ്ണ: മലയാളത്തിന്റെ പ്രിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിലേക്ക് വീണ്ടും ഒരു യാത്ര.

സ്‌നേഹം മാത്രമുള്ള മനുഷ്യനെ കുറിച്ച് എഴുത്ത് ഭ്രാന്തായി മാറിയ ഭര്‍ത്താവിനെ കുറിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായ സാഹിത്യകാരനെ കുറിച്ച് ഓര്‍മകള്‍ അയവിറക്കി ബഷീറിന്റെ പ്രിയ പത്‌നി ഫാബി… ഭാഷയുടെ വ്യാകരണത്തെറ്റുകള്‍ക്കിടയില്‍ ജീവിതത്തിന്റെ ‘റിഥ’മൊളിപ്പിച്ച കഥയുടെ സുല്‍ത്താനെ അടുത്തറിയുകയായിരുന്നു.
പരിയാപുരം സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തകര്‍. ഒരു പകല്‍ മുഴുവന്‍ ഫാബിത്തയോടൊപ്പം കുടുംബാഗംങ്ങളോടും കുശലം പറഞ്ഞു. ഇന്റര്‍വ്യൂ നടത്തിയും ഭൂമിയുടെ അവകാശികളിലെ രണ്ടേക്കറില്‍ വട്ടമിട്ടിരുന്ന് ഭക്ഷണം കഴിച്ചും മാങ്കോസ്റ്റിന്‍ മരത്തിന് വലം വെച്ചും അതിന്റെ ഇലകള്‍ ശേഖരിച്ചും അവര്‍ മലയാളത്തില്‍ മഹാപ്രതിഭയെ തൊട്ടറിഞ്ഞു.പ്രശസ്ത ബഷീര്‍ കൃതികളായ തേന്മാവും പാത്തുമ്മായുടെ ആടും മാന്ത്രികപ്പൂച്ചയും ആനപ്പൂടയുമെല്ലാം കുട്ടികളുടെ ചോദ്യങ്ങളില്‍ നിറഞ്ഞു. എല്ലാറ്റിനും ഫാബിത്തായുടെ കൃത്യമായ മറുപടി. ആടും പൂച്ചയും കോഴിയും നായയും മാത്രമല്ല. തേളും പഴുതാരയും പാമ്പും എലിയുമെല്ലാം സ്‌നേഹിതരാണ്. ഒരു പുല്‍ക്കൊടിയപ്പോലും വേദനിപ്പിക്കാത്ത ബഷീറിന്റെ ജീവിതം ഫാബിത്ത കുട്ടികള്‍ക്കു മുമ്പില്‍ വരവു വെച്ചു. തമാശകളും ദുഃഖങ്ങളും ഇടചേര്‍ന്ന ജീവിതാനുഭവങ്ങളും കൃതികള്‍ക്ക് നേരെ വിമര്‍ശന പീരങ്കിയുണ്ടകളുതിര്‍ത്തു എം കൃഷ്ണന്‍നായര്‍ ഒടുവില്‍ വന്ന് മാപ്പു പഞ്ഞ കഥയുമെല്ലാം ഫാബി പങ്കു വെച്ചു. അധ്യാപകരായ എം പി ഉമ, മനോജ് വീട്ടുവേലിക്കുന്നേല്‍ എന്നിവര്‍ക്കൊപ്പം സി ടി ബിജില ബാലന്‍, പി റോഷ്‌ന, അഖില്‍ സെബാസ്റ്റ്യന്‍, കെ ദൃശ്യ, കെ കെ ആത്തിക്ക, അജുന്‍ ബെന്നി, കെ പി രഹ്‌ന, ഷഹന്‍ഷ സക്കറിയ, റോസ് മരിയ, കെ പി ഷെറിന്‍, ഷിഹാന തുടങ്ങിയ വിദ്യാര്‍ഥികള്‍ ഫാബിത്തയോട് ചോദ്യങ്ങളുന്നയിച്ചു. 82 പേരാണ് പരിപാടിയല്‍ പങ്കെടുത്തത്.