ധര്‍മപുരി സംഭവം: വരന്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍

Posted on: July 5, 2013 1:14 am | Last updated: July 5, 2013 at 1:14 am

ധര്‍മപുരി: ജാതീയ സംഘര്‍ഷത്തിന് ഇടയാക്കിയ ധര്‍മപുരി വിവാഹ സംഭവത്തിലെ ‘നായകനായ’ ദളിത് യുവാവിനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മപുരി സര്‍ക്കാര്‍ ആര്‍ട്‌സ് കോളജിന് പിന്നിലുള്ള റെയില്‍ പാളത്തില്‍ വ്യാഴാഴ്ചയാണ് ഇളവരശന്റെ മൃതദേഹം കണ്ടെത്തിയത്. സവര്‍ണ സമുദായാംഗമായ പെണ്‍കുട്ടിയെ ഇളവരശന്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ രോഷംപൂണ്ട്, സവര്‍ണ ജാതിക്കാര്‍ ധര്‍മപുരി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ ദളിത് കോളനികള്‍ അഗ്നിക്കിരയാക്കിയിരുന്നു.

ഇനിയൊരിക്കലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നില്ലെന്നും മാതാവിനൊപ്പം കഴിയുകയാണെന്നും ഇളവരശനെ വിവാഹം ചെയ്ത ദിവ്യ എന്ന പെണ്‍കുട്ടി ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് യുവാവിന്റെ മൃതദേഹം റെയില്‍ പാളത്തില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ദളിത് പ്രദേശമായ നായ്ക്കന്‍കോട്ടയില്‍ നിന്നും വന്‍തോതില്‍ ജനങ്ങള്‍ മൃതദേഹം മാറ്റിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുതിച്ചെത്തി. സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് സ്ഥലത്തും നായ്ക്കന്‍കോട്ടയിലെ പ്രധാന കേന്ദ്രങ്ങളിലും പോലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. ധര്‍മപുരി പോലീസ് സൂപ്രണ്ട് അസ്ര ഗാര്‍ഗ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇളവരശന്റെ മരണം സംബന്ധിച്ച് റെയില്‍വേ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായ ദിവ്യ, പിതാവിന്റെ ആത്മഹത്യ തന്നില്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ഇനി ഭര്‍തൃ വീട്ടിലേക്ക് പോകുന്നില്ലെന്നും പറഞ്ഞിരുന്നു. ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും തനിക്ക് നല്ല പെരുമാറ്റമാണ് ലഭിച്ചതെന്നും ദിവ്യ വെളിപ്പെടുത്തിയിട്ടുണ്ട്.
2012 ഒക്‌ടോബര്‍ 14നായിരുന്നു ഇളവരശന്‍ ദിവ്യയെ വിവാഹം ചെയ്തത്. വീട്ടുകാരെ ധിക്കരിച്ച് മകള്‍ വിവാഹം ചെയ്തതില്‍ മനം നൊന്ത് ദിവ്യയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഇതില്‍ രോഷംപൂണ്ട് സവര്‍ണരായ ജനക്കൂട്ടം 2012 നവംബര്‍ ഏഴിന് ധര്‍മപുരി ജില്ലയിലെ നാത്തം, കൊണ്ടപ്പെട്ടി, അണ്ണാനഗര്‍ എന്നീ ദളിത് കോളനികളിലെ 296 കുടിലുകള്‍ക്ക് തീയിട്ടു. ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഐ എ എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ദളിത് യുവാവിന്റെ ദുരൂഹ മരണം.