Connect with us

Kerala

നക്‌സല്‍ വധം: മുന്‍ ഐ ജി ലക്ഷ്മണയെ ജയില്‍ മോചിതനാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: നക്‌സല്‍ വര്‍ഗീസ് വധക്കേസിലെ പ്രതി, മുന്‍ ഐ ജി ലക്ഷ്മണയെ ജയില്‍ മോചിതനാക്കുന്നു. ജീവപര്യന്തം ശിക്ഷയില്‍ ഇളവ് നല്‍കിയാണ് ലക്ഷ്മണയെ മോചിപ്പിക്കുന്നത്. ലക്ഷ്മണ ഉള്‍പ്പെടെ നാല് തടവുകാരെ മോചിപ്പിക്കുന്നുണ്ട്. 75 വയസ്സ് കഴിഞ്ഞ തടവുകാര്‍ക്കാണ് ശിക്ഷയില്‍ ഇളവനുവദിച്ചത്. കറുപ്പസ്വാമി, ഗോപിനാഥന്‍, ശ്രീധരന്‍ എന്നിവരാണ് ജയില്‍ മോചിതരാകുന്ന മറ്റു പ്രതികള്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ലക്ഷ്മണ തടവില്‍ കഴിയുന്നത്. ലക്ഷ്മണ ഉള്‍പ്പെടെയുള്ളവരുടെ മോചന ഉത്തരവ് ജയില്‍ ഡി ജി പിക്ക് അയച്ചിട്ടുണ്ട്.

വയനാട്ടിലെ തിരുനെല്ലിക്കാടുകളില്‍ 1970 ഫെബ്രുവരി 18നാണ് നക്‌സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍ വയനാട്ടില്‍ തിരുനെല്ലിയിലെ ഒരു കുടിലില്‍ നിന്ന് രാവിലെ പിടികൂടിയ വര്‍ഗ്ഗീസിനെ, മേലുദ്യോഗസ്ഥരായ അന്നത്തെ ഡെപ്യൂട്ടി എസ് പി എ. ലക്ഷ്മണ, ഡി ഐ ജി. പി. വിജയന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം താന്‍ വെടിവെച്ച് കൊല്ലകകയായിരുന്നുവെന്ന് എന്ന് രാമചന്ദ്രന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ 1998ല്‍ വെളിപ്പെടുത്തി.

നക്‌സലൈറ്റുകളുടെ ആശ്രിതയായ ഇട്ടിച്ചിരി മനയമ്മ എന്ന വിധവയുടെ വീട്ടില്‍ വര്‍ഗ്ഗീസും കൂട്ടരും ഒളിച്ചു താമസിക്കുന്ന വിവരം ശിവരാമന്‍ നായര്‍ എന്ന ഒറ്റുകാരന്‍ മുഖേന, സമീപത്തുള്ള അമ്പലത്തിനടുത്ത് തമ്പടിച്ചിരിക്കുന്ന സി. ആര്‍. പി. എഫ് സേനയറിഞ്ഞു. അവിടെ ഒറ്റയ്ക്കും നിരായുധനുമായിരുന്ന വര്‍ഗ്ഗീസിനെ അധികം എതിര്‍പ്പില്ലാതെ തന്നെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. അന്ന് വൈകിട്ടായിരുന്നു വര്‍ഗ്ഗീസിന്റെ കൊലപാതകം നടന്നത്.

വിപ്ലവം ജയിക്കട്ടെ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വര്‍ഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രന്‍ നായര്‍ പറയുന്നത്. വര്‍ഗ്ഗീസിന് മരണത്തിനു മുന്‍പ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു. രാമചന്ദ്രന്‍ നായര്‍ ഈ വെളിപ്പെടുത്തലിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ജാമ്യം ലഭിച്ച രാമചന്ദ്രന്‍ നായര്‍ 2006 നവംബര്‍ മാസത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ മരിച്ചു.

Latest