ബീഹാറില്‍ ന്യൂനപക്ഷങ്ങള്‍ക്ക് 800 കോടിയുടെ പദ്ധതി

Posted on: July 4, 2013 6:00 am | Last updated: July 4, 2013 at 8:54 am

bihar_mapപാറ്റ്‌ന: ന്യൂനപക്ഷങ്ങളുടെ വികസന പദ്ധതികള്‍ക്കായി ബീഹാര്‍ സര്‍ക്കാര്‍ 800 കോടി രൂപ അനുവദിച്ചു. ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം ജെ ഡി (യു) എടുക്കുന്ന സുപ്രധാന തീരുമാനമാണിത്. പാറ്റ്‌നയില്‍ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം, കാബിനറ്റ് സെക്രട്ടേറിയറ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മെഹ്‌റോത്രയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ 20 ജില്ലകളിലെ എട്ട് നഗരങ്ങളിലെയും 75 ബ്ലോക്കുകളിലെയും ന്യൂനപക്ഷങ്ങളുടെ വികസനത്തിനാണ് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മള്‍ട്ടി സെക്ടറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമി (എം എസ് ഡി പി)ന് കീഴില്‍ ഈ തുക നീക്കിവെച്ചത്. ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി കേന്ദ്ര ന്യൂനപക്ഷ കാര്യാലയം നടപ്പാക്കുന്ന പദ്ധതിയാണ് എം എസ് ഡി പി. 2012-13 മുതല്‍ 2016-17 വരെയുള്ള പന്ത്രണ്ടാമത് പഞ്ചവത്സര പദ്ധതി കാലയളവിലായിരിക്കും ഈ തുക വിനിയോഗിക്കുക.
നിലവില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ധിച്ച ആരൈര, കിശംഗഞ്ച്, പൂര്‍ണിയ, കത്യാര്‍, വെസ്റ്റ് ചംബാരന്‍, സിതാമഢി, ധര്‍ബംഗ ജില്ലകളില്‍ എം എസ് ഡി പി പദ്ധതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ ജില്ലകള്‍ക്കു്് വേണ്ടി നേരത്തെ 219 കോടി രുപ നീക്കിവെച്ചിരുന്നു. ഇതില്‍ 173 കോടി രൂപ കേന്ദ്രവും 46 കോടി രൂപ സംസ്ഥാനവുമാണ് വഹിച്ചിരുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കായി നീക്കിവെച്ച ഈ തുകയില്‍ നിന്ന് മദ്‌റസ, സ്‌കൂള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്ക് വേണ്ടി ചെലവഴിക്കുമെന്ന് ബ്രജേഷ് വ്യക്തമാക്കി. അതേസമയം ഇതിന്റെ ഗുണം ന്യൂനപക്ഷേതര വിഭാഗങ്ങള്‍ക്കും ലഭ്യമാകുമെന്നും പിന്നാക്ക ജില്ലകളെ ദേശീയ ശരാശരിയിലേക്ക് കൊണ്ടുവരലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ഇടത് അനുകൂല തീവ്രവാദികളെ നേരിടാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്( എസ് ടി എഫ്) രൂപവത്കരിക്കാനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭാ യോഗം അംഗീകരിച്ചിട്ടുണ്ട്.
25 എസ് ടി എഫ് വിഭാഗങ്ങളിലായി 1167 പോലീസുകാര്‍ ഇതില്‍ ഉള്‍പ്പെടും. വര്‍ഷത്തില്‍ 49.45 കോടി രൂപ ഇവര്‍ക്ക് വേണ്ടി നീക്കിവെക്കാനും തീരുമാനമായി. ഭാഗ ജില്ലയിലെ നൗരംഗിയയില്‍ പോലീസ് നടത്തിയ വെടിവെപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയമിക്കാനും തീരുമാനായി.