ഖലീഫ ഹ്യുമനിറ്റേറിയന്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും

Posted on: July 3, 2013 10:34 pm | Last updated: July 3, 2013 at 10:34 pm

khaleefa humanitarianഅബുദാബി:രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ഖലീഫ ഹ്യുമനിറ്റേറിയന്‍ വിശുദ്ധ റമസാനില്‍ രാജ്യവ്യാപകമായി 7.6 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. ഇഫ്താര്‍ പാക്കറ്റുകള്‍ തയാറാക്കുന്നതില്‍ 587 കുടുംബങ്ങളെ പങ്കാളികളാക്കും. കുറഞ്ഞ വരുമാനക്കാരാണ് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 110 കേന്ദ്രങ്ങള്‍ ഇഫ്താര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിശ്ചയിച്ചതായി അധികൃതര്‍ അറിയിച്ചു. ഏതാനും ലേബര്‍ ക്യാമ്പുകളും ഇതില്‍പ്പെടും. അബുദാബി നഗരത്തിലും പരിസരങ്ങളിലുമായി 21 വിതരണ കേന്ദ്രങ്ങളുണ്ടാകും. അല്‍ ഐനില്‍ 12, ദുബൈ 10, ഷാര്‍ജ 10, റാസല്‍ഖൈമ 11 അജ്മാന്‍ 11, ഉമ്മുല്‍ഖുവൈന്‍ മൂന്ന്, ഫുജൈറ 11 എന്നിവയാണ് ഇഫ്താര്‍ പാക്കറ്റ് വിതരണ കേന്ദ്രങ്ങള്‍. റമസാനിലെ ഓരോ ദിവസവും 58,000 പാക്കറ്റുകളാണ് ഈ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുക. ഭക്ഷണം പാകം ചെയ്യുന്നതിലും പാക്ക് ചെയ്യുന്നതിലും സഹകരിക്കുന്ന ഓരോ കുടുംബങ്ങള്‍ക്കും 15,000 മുതല്‍ 20,000 ദിര്‍ഹം വരെ പാരിതോഷികമായി നല്‍കും. ഭക്ഷണം പാകം ചെയ്യാന്‍ ആവശ്യമായ അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും പ്രത്യേക വിലക്കുറവില്‍ ലഭ്യമാക്കുമെന്ന് അബുദാബി നഗരസഭാ കേന്ദ്രങ്ങള്‍ അറിയിച്ചു.
റമസാന്‍ കിറ്റുകള്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ ഗതാഗത വകുപ്പ് സഹകരിക്കും. പാചകത്തിനാവശ്യമായ ഗ്യാസ് അഡ്‌നോക്ക് കമ്പനിയുടെ വകയായിരിക്കും.

ബൈതുല്‍ ഖൈര്‍ 60,000 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും

ദുബൈ: പ്രമുഖ ജീവകാരുണ്യ സംഘടനയായ ബൈത്തുല്‍ ഖൈര്‍ വിശുദ്ധ മാസത്തില്‍ 60,000 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഓരോ ദിവസവും 2,000 കിറ്റുകള്‍ വീതമായിരിക്കും റമസാനിലുടനീളം വിതരണം ചെയ്യുക. അജ്മാനിലെയും റാസല്‍ഖൈമയിലെയും പ്രത്യേക കൗണ്ടറുകളിലൂടെയാണ് ഇത് വിതരണം ചെയ്യുക.