Connect with us

Gulf

17-ാമത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍ക്ക് വിപുലമായ ഒരുക്കം

Published

|

Last Updated

ദുബൈ:17-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡുമായി ബന്ധപ്പെട്ട റമസാന്‍ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ വര്‍ഷത്തെ പ്രമേയം അസ്സലാം അലൈക്ക അയ്യഹന്നബീ (ഓ നബിയേ, അങ്ങേക്കു സലാം) എന്നാണ്. വിവിധ ഭാഷകളില്‍ പൊതുജനങ്ങള്‍ക്കായി പ്രമേയ സന്ദേശ പ്രഭാഷണങ്ങള്‍ നടക്കും. പ്രഭാഷണത്തിനായി രാജ്യത്തിനകത്തും പുറത്തു നിന്നുമായി പ്രമുഖ പണ്ഡിതരെ ഗവണ്‍മെന്റ് അതിഥിയായി സ്വീകരിക്കും. അറബി ഭാഷയില്‍ പുരുഷന്മാര്‍ക്കുള്ള പ്രഭാഷണം ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയത്തിലും സ്ത്രീകള്‍ക്ക് വിമന്‍സ് അസോസിയേഷന്‍ ഹാളിലും നടക്കും. മറ്റു ഭാഷകളിലുള്ള പ്രഭാഷണങ്ങള്‍ ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്്‌ലാഹ് ഓഡിറ്റോറിയത്തിലാണ്.
ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ കേരളത്തിലെ പ്രമുഖ പ്രഭാഷകരായ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശിയും ഫാറൂഖ് നഈമി കൊല്ലവും അതിഥികളായെത്തും. ഈ മാസം 24 ബുധനാഴ്ച അബ്ദുല്‍ ലത്വീഫ് സഅദിയും 26 വെള്ളിയാഴ്ച ഫാറൂഖ് നഈമിയും ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്്‌ലാഹ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തും. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, അബ്ദുസ്സമദ് സമദാനി, എം എം അക്ബര്‍ എന്നിവരും പ്രഭാഷണത്തിനെത്തുന്നുണ്ട്. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ചരിത്രത്തിലാദ്യമായി, പരിപാടികളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും അപ്പപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാക്കും. രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട സ്മാര്‍ട്ട് ഗവണ്‍മെന്റിന്റെ ഭാഗമായാണ് ഇത്.
പരിപാടികളുടെ വിജയത്തിനായി 400 പേരടങ്ങുന്ന വളണ്ടിയര്‍ സംഘം രൂപവത്കരിച്ചതായി ഇബ്രാഹിം ബൂമില്‍ഹ പറഞ്ഞു. ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 89 മത്സരാര്‍ഥികള്‍ പങ്കെടുക്കും. ഈ വര്‍ഷം ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി 12 കാരനാണ്. നോര്‍വേയില്‍ നിന്നും ഈ വര്‍ഷം മത്സരാര്‍ഥിയുണ്ട്.