Connect with us

Gulf

രാഷ്ട്രത്തിനെതിരെ ഗൂഢാലോചന: എട്ടു പേര്‍ക്ക് 15 വര്‍ഷം തടവ്; 25 പേരെ കുറ്റവിമുക്തരാക്കി

Published

|

Last Updated

അബുദാബി:രാഷ്ട്രത്തിനെതിരെ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കു 15 വര്‍ഷം തടവ്. തീവ്രവാദ സംഘടനയായ അല്‍ ഇഖ്‌വാനുല്‍ മുസ്്‌ലിമീന്‍ (മുസ്്‌ലിം ബ്രദര്‍ഹുഡി)ന്റെ ശാഖ രൂപവത്കരിച്ചു പ്രവര്‍ത്തിച്ചതായും ഇവര്‍ക്കെതിരെ കേസുണ്ടായിരുന്നു. ഫെഡറല്‍ സുപ്രീം കോടതിയിലാണ് കേസില്‍ സുപ്രധാനമായ വിധി പ്രസ്താവിച്ചത്.

25 പേരെ കുറ്റവിമുക്തമാക്കിയ കോടതി രാജ്യം വിട്ടുപോയ എട്ടു പ്രതികള്‍ക്ക് 15 വര്‍ഷം തടവ് വിധിച്ചു. അഞ്ചു പേര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷവും ബാക്കിയുള്ള മുഴുവന്‍ പ്രതികള്‍ക്കും 10 വര്‍ഷം വീതവുമാണ് തടവ്. സംഘത്തിലുള്‍പ്പെട്ട സ്ത്രീകളെ മുഴുവന്‍ കുറ്റ വിമുക്തമാക്കിയ കോടതി രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച എല്ലാ വസ്തുക്കളും കണ്ടുകെട്ടാനും ഉത്തരവായി. രാജ്യത്തിനകത്തും പുറത്തും അന്താരാഷ്ട്ര തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട കേസിന്റെ വിധി എല്ലാവരും ഉറ്റുനോക്കുകയായിരുന്നു. രാജ്യ സുരക്ഷക്ക് അപകടകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം ആസൂത്രണം ചെയ്തിരുന്നതായി പ്രതികള്‍ വിചാരണക്കിടെ കോടതിയില്‍ സമ്മതിച്ചുവെന്ന് പബ്ലിക്ക് പ്രോസിക്യൂഷന്‍ പറഞ്ഞു. രാജ്യത്തിനു പുറത്തുള്ള ചില തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായും പ്രതികള്‍ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു.
മുസ്്‌ലിം ബ്രദര്‍ഹുഡിന്റെ ശാഖ രൂപവത്കരിച്ച് രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലും ഭരണാധികാരികളെ അവമതിക്കുന്ന രൂപത്തിലും രഹസ്യമായി പ്രവര്‍ത്തനം തുടങ്ങുന്നതിനിടെ സുരക്ഷാ വിഭാഗത്തന്റെ പിടിയിലാവുകയായിരുന്നു ഈ സംഘം. നൂറോളം വരുന്ന ആളുകളുള്ള സംഘത്തെ ഈ വര്‍ഷം ആദ്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുരക്ഷാ വിഭാഗം പിടികൂടിയത്. 13 തവണകളായി വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ ഇന്നലെയാണ് കോടതി വിധി പ്രഖ്യാപിച്ചത്.

Latest