മത്സ്യത്തിന് പൊള്ളുന്ന വില

Posted on: July 3, 2013 1:16 pm | Last updated: July 3, 2013 at 1:16 pm

കോഴിക്കോട്: കോഴിയിറച്ചിക്കൊപ്പം മത്സ്യത്തിന്റെ വില വര്‍ധനവും മലബാറുകാരുടെ തീന്‍മേശകളെ പൊള്ളിക്കുന്നു. കോഴിയിറച്ചിയുടെ വില വര്‍ധനവിന് പിന്നാലെ ട്രോളിംഗ് നിരോധം തുടങ്ങി മത്സ്യവിലയും ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ കീശ കാലിയാകുമെന്ന സ്ഥിതിയായി.
നാടന്‍ മത്തി, മാന്ത, അയക്കൂറ, ചെമ്മീന്‍ എന്നീ മീനുകള്‍ക്കാണ് പ്രധാനമായും വില വര്‍ധിച്ചത്. മത്തിക്ക് കിലോക്ക് 30 രൂപയുള്ളത് 60 രൂപയും മാന്ത 60 രൂപയില്‍ നിന്ന് 100 രൂപയുമായി. ചെമ്മീന് കിലേക്ക് 160 രൂപയാണ് വില. വില വര്‍ധനവിന് പുറമെ മത്സ്യം യഥേഷ്ടം കിട്ടാനുമില്ല.
ട്രോളിംഗ് നിരോധം വന്നതോടെ ബോട്ടുകളൊന്നും കടലില്‍ പോകുന്നില്ല. ചെറിയ തോണികള്‍ മാത്രമാണ് കടലിലിറങ്ങുന്നത്. ശക്തമായ മഴ കാരണം തോണികള്‍ക്ക് കടലില്‍ കൂടുതല്‍ ദൂരം പോകാനും കഴിയില്ല. ഇത് മത്സ്യത്തിന്റെ ലഭ്യതക്കുറവിന് കാരണമാകുന്നു.
കോഴിയിറച്ചിയുടെ വില ദിവസവും വര്‍ധിക്കുകയാണ്. ഒരു കിലോക്ക് 210, 220 രൂപയാണ് കോഴിയിറച്ചിയുടെ വില. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയും വില ഉയര്‍ന്നത്. തമിഴ്‌നാട്ടില്‍ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ധനവിന് കാരണമായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ഫാമുകളിലും ആവശ്യത്തിന് കോഴി കിട്ടാനില്ല. കോഴി ഇറച്ചിയുടെ വിലവര്‍ധന ജനങ്ങളെ പ്രയാസത്തിലാക്കുകയാണ്. മലബാറില്‍ വിവാഹ സത്കാരം പോലുള്ള ചടങ്ങുകള്‍ക്ക് കോഴിയിറച്ചി വിഭവങ്ങളാണ് പ്രധാനം.