Connect with us

Kozhikode

സര്‍ക്കാറിനെ ബാധിക്കാതെ കടുത്ത നടപടികളിലേക്ക് ലീഗ്

Published

|

Last Updated

കോഴിക്കോട്:കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ ഇടഞ്ഞ മുസ്‌ലിം ലീഗ്, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ബാധിക്കാത്ത തരത്തില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. മുസ്‌ലിം ലീഗ് ബാധ്യതയാണോയെന്ന് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കുകയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പരസ്യമായി തിരുത്തല്‍ നല്‍കുകയും വേണമെന്നാണ് ലീഗിന്റെ ആവശ്യം. നാലിന് ചേരുന്ന ലീഗിന്റെ നിര്‍ണായ പ്രവര്‍ത്തക സമിതിക്ക് മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മുന്നണി ബന്ധത്തെ പോലും ബാധിക്കുന്ന തരത്തില്‍ തീരുമാനമെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് മുസ്‌ലിം ലീഗിന്റെ ഒരു സംസ്ഥാന നേതാവ് സിറാജിനോട് പ്രതികരിച്ചു. ഇതിന്റെ ആദ്യ നടപടിയാണ് ഇന്ന് നടക്കാനിരുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്മാറിയത്. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്നും ലീഗ് മന്ത്രിമാര്‍ വിട്ടുനിന്നേക്കുമെന്ന് സൂചനയും നേതൃത്വം നല്‍കുന്നു.

വിവിധ വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കുന്ന തരത്തില്‍ നിലപാട് എടുത്തതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചതെന്ന തിരിച്ചറിവ് ലീഗിനുണ്ട്. അതിനാല്‍ കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി വിഭാഗം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ ഇടപെടുവിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് ലീഗ് കണക്കുകൂട്ടുന്നു. ഇതുണ്ടായില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ഏതറ്റംവരെയും സംരക്ഷിച്ച് പുറത്ത് നിന്ന് പിന്തുണ കൊടുക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ലീഗ് ആലോചിക്കുന്നത്. ഇത്തരത്തില്‍ പുറത്ത് നില്‍ക്കുമ്പോള്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനും ലീഗിന് ആലോചനയുണ്ട്. ഒറ്റക്ക് മത്സരിച്ചാല്‍ ഒരു സീറ്റ് തങ്ങള്‍ക്ക് ഉറപ്പാണെന്നും കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്നും ലീഗ് നേതൃത്വം പറയുന്നു. പൊതുവെ മലബാറില മണ്ഡലങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു. ലീഗ് സ്വന്തം നിലക്ക് നിന്നാല്‍ പത്തോളം നിയമസഭാ സീറ്റുകള്‍ ഉറപ്പാണ്. ഇത്തരം ഒരു പാര്‍ട്ടിയെ അവഗണിക്കാന്‍ മുന്നണി നേതൃത്വങ്ങള്‍ തയ്യാറാകില്ലെന്നും ലീഗ് കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു.
1991ലും കോണ്‍ഗ്രസും ലീഗും തമ്മില്‍ ഇത്തരത്തില്‍ ഒരു പ്രതിസന്ധിയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ അവഗണനയെ തുടര്‍ന്ന് ലീഗ് മുന്നണി വിട്ട് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി രാജീവ് ഗാന്ധി നേരിട്ട് ഇടപെടുകയായിരുന്നു. രാജീവ് ഗാന്ധിയും ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമെല്ലാം ചേര്‍ന്നുള്ള ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കപ്പെടുകയായിരുന്നു. അത്തരത്തിലുള്ള ഒരു ഇടപെടലാണ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തി പ്രശ്‌നം പരിഹരിക്കുമെന്ന ഉറച്ച പ്രതീക്ഷ ലീഗിനുണ്ട്. ഇതിനാലാണ് കുറച്ച് കാലയളവിലെങ്കിലും സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ലീഗ് ആലോചിക്കുന്നത്.
പലപ്പോഴും ലീഗിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദിന്റെയും കെ മുരളീധരന്റെയും വിമര്‍ശത്തെ പാര്‍ട്ടി അത്ര ഗൗരവമായി കാണുന്നില്ല. എന്നാല്‍, കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം രമേശ് ചെന്നിത്തല ആദ്യമായാണ് ഒരു ഘടകകക്ഷിക്ക് എതിരെ ഇത്രയും രൂക്ഷമായി പ്രതികരിച്ചത്. അത് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് പറഞ്ഞ് ചെറുതായി കാണാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ല. കോണ്‍ഗ്രസിനും മുന്നണിക്കും എന്ത് പ്രശ്‌നം വരുമ്പോഴും സംരക്ഷിക്കാന്‍ ലീഗുണ്ടായിരുന്നു. നേരത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങളുടെ സിറ്റിംഗ് സീറ്റായ തിരൂരങ്ങാടി ലീഗ് വിട്ട് നല്‍കിയിട്ടുണ്ട്.
അതേപോലെ ജയിക്കാന്‍ ഒരു ഉറച്ച മണ്ഡലം തേടി നടന്ന കെ മുരളീധരന് കൊടുവള്ളി സീറ്റും വിട്ടുനല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് കെ മുരളീധരന്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിനായി ആവേശത്തോടെ ലീഗ് രംഗത്തിറങ്ങി. എന്നിട്ടും അദ്ദേഹം കാണിക്കുന്ന ലീഗ്‌വിരുദ്ധ നിലപാട് നന്ദികേടാണെന്നും ലീഗ് കേന്ദ്രങ്ങള്‍ പറഞ്ഞു.