മണ്ടേല തടവനുഭവിച്ച റോബന്‍ ജയില്‍ ഒബാമ സന്ദര്‍ശിച്ചു

Posted on: July 1, 2013 12:23 am | Last updated: July 1, 2013 at 12:23 am
SHARE

റോബന്‍ ദ്വീപ്: നെല്‍സന്‍ മണ്ടേല 18 വര്‍ഷം ശിക്ഷയനുഭവിച്ച റോബന്‍ ദ്വീപിലെ ജയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മണ്ടേലയുടെ വിവരങ്ങള്‍ ആരായാനും ആശ്വസിപ്പിക്കാനുമായി ദക്ഷിണാഫ്രിക്കയിലെത്തിയ ഒബാമ ഭാര്യ മിഷേലിനോടൊപ്പമാണ് ജയില്‍ സന്ദര്‍ശിച്ചത്. അനീതിക്കെതിരെ ധീരമായി പോരാടിയ ഒരു മനുഷ്യന്‍ അതുകൊണ്ട് മാത്രം ശിക്ഷയനുഭവിച്ച ഈ സ്ഥലത്തെത്തുമ്പോള്‍ താന്‍ വിനയാന്വിതനാകുന്നുവെന്ന് ഒബാമ സന്ദര്‍ശക ഡയറിയില്‍ എഴുതി.
സായുധ കലാപ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 1964 മുതല്‍ 18 വര്‍ഷം മണ്ടേല കഴിഞ്ഞത് റോബന്‍ ദ്വീപിലെ ഈ ജയിലിലാണ്. ശിക്ഷയുടെ ഭാഗമായി ജയിലില്‍ അദ്ദേഹത്തിന് കടുത്ത ജോലികള്‍ ചെയ്യേണ്ടി വന്നു. ക്വാറിയിലായിരുന്നു പണി.
ടേബിള്‍ ഉള്‍ക്കടലിലെ ദ്വീപാണ് റോബന്‍. ഇവിടെ സ്ഥിതി ചെയ്യുന്ന ജയില്‍ സമുച്ചയം എന്ന നിലക്കാണ് ഇത് റോബന്‍ ദ്വീപ് ജയില്‍ എന്നറിയപ്പെടുന്നത്. റോബന്‍ ദ്വീപിലെ താമസത്തിനിടക്ക് മണ്ടേല ലണ്ടന്‍ സര്‍വകാലാശാലയില്‍ നിന്ന് വിദൂരപഠനപരിപാടിയിലൂടെ നിയമ ബിരുദം നേടി. 1982ല്‍ മുതിര്‍ന്ന എന്‍ എന്‍സി നേതാക്കള്‍ക്കൊപ്പം മണ്ടേലയെ പോള്‍സ്മൂര്‍ ജയിലിലേക്ക് മാറ്റി.