വയനാട് മഴ മഹോത്സവം ജൂലൈ 12 മുതല്‍

Posted on: June 30, 2013 8:54 am | Last updated: June 30, 2013 at 8:54 am
SHARE

കല്‍പ്പറ്റ: മഴക്കാലത്തെ വരവേല്‍ക്കാന്‍ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ഒരുക്കുന്ന അഞ്ചാമത് മഴമഹോത്സവം -സ്പാഷ് 2013 ജൂലൈ 12,13,14 തിയ്യതികളിലായി കല്‍പ്പറ്റയിലും വയനാടിന്റെ വിവിധ ഭാഗങ്ങളിലുമായി വ്യത്യസ്തമാര്‍ന്ന പരിപാടികളോടെ അരങ്ങേറും.
കേരള ടൂറിസം വകുപ്പ്, തൃതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മഴ മഹോത്സവത്തില്‍ ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി നാനൂറോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവര്‍ ഏജന്റുമാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, മറ്റ് ടൂറിസം സംരഭകര്‍ തുടങ്ങിയവര്‍ പങ്കാളികളാവും. ജൂലൈ 13ന് പുളിയാര്‍മല ഷ്ണ ഗൗഡര്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ബി ടു ബി മീറ്റ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി പി കെ ജയലക്ഷ്മി എം പി എം ഐ ഷാനവാസ്, ചീഫ് സെക്രട്ടറി ഭരത്ഭൂഷണ്‍ ഐ എ എസ്, എം എല്‍ എമാരായ എം വി ശ്രേയാംസ്‌കുമാര്‍, ഐ സി ബാലകൃഷ്ണന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി, കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ പി പി ആലി, ജില്ലാകലക്ടര്‍, ഡി ടി പി സി മെമ്പര്‍ സെക്രട്ടറി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നതായിരുന്നു. ജില്ലക്കകത്തും പുറത്തുമുള്ള ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ സംരഭകരെയും ബി ടു ബി മീറ്റിലേക്ക് സ്വാഗതം ചെയ്യുകയാണ്. താല്‍പര്യമുള്ളവര്‍ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ കല്‍പ്പറ്റയിലെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-9447183953, 8547255308. മഴ മഹോത്സവത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ പനമരം, കാവുമന്ദം, കൊളഗപ്പാറ എന്നിവിടങ്ങളില്‍ മഡ് ഫുട്ബാള്‍, നീന്തല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ അമ്പെയ്ത്ത്, റിവര്‍ റാഫിറ്റിംഗ് എന്നീ ഇനങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. സ്പ്ലാഷ് 2013-ന്റെ മറ്റൊരു ആകര്‍ഷണം ജീപ്പ് ക്ലബ്ബ് വയനാടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 4ഃ4 ഓഫ്‌റോഡിംഗ്, സ്‌കില്‍ ഡ്രൈവിംഗ് മത്സരങ്ങളാണ്. മൗണ്ടന്‍ ബൈക്കിംഗ് എന്ന സാഹസികപ്രദര്‍ശനവും മഴമഹോത്സവത്തിന്റെ ഭാഗമായി അരങ്ങറും.