Connect with us

Kerala

ലീഗുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്:  മുസ്‌ലിംലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുസ്‌ലിംലീഗുമായുള്ള കൂട്ട്‌കെട്ട് കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് മുന്‍ കെ പി സി സി പ്രസിഡന്റായിരുന്ന സി കെ ഗോവിന്ദന്‍ നായര്‍ പറഞ്ഞിരുന്നു. അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. മുന്‍ കെ പി സി സി അധ്യക്ഷന്‍ സി കെ ജിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡി സി സി ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്റെ ജീവചരിത്ര പ്രകാശനവും നടത്തുകയായിരുന്നു ചെന്നിത്തല.

ലീഗിന്റെ അനാവശ്യ വാദങ്ങള്‍ അംഗീകരിക്കേണ്ടിവരുമെന്നും രണ്ടോ, മൂന്നോ സീറ്റ് കൊടുത്താല്‍ അവര്‍ കൂടുതല്‍ ചോദിക്കുമെന്നും സി കെ ജി പറഞ്ഞിരുന്നു. മുന്‍ പ്രസിഡന്റിന്റെ പരാമര്‍ശം അനുഭവ പാഠമായി. കോഴിക്കോട് കോര്‍പ്പറേഷനില്‍ ലീഗുമായ് ചേര്‍ന്ന് മത്സരിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത സി കെ ജി അന്നത്തെ ഡി സി സി പ്രസിഡന്റിന്റെ രാജി എഴുതി വാങ്ങിയിട്ടുണ്ട്. ഇങ്ങനെ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ അദ്ദേഹത്തിന് അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. മുസ്‌ലിം ലീഗിനെ എതിര്‍ത്തതിനാല്‍ അദ്ദേഹത്തെ മുസ്‌ലിം വിരുദ്ധനായി വരെ മുദ്രകുത്തി. ഇത്തരത്തില്‍ കടുത്ത വിശ്വാസങ്ങളും ആദര്‍ശങ്ങളുമാണ് സി കെ ജിയെ നയിച്ചത്. വര്‍ഗീയ ശക്തികളെയും സാമുദായിക ശക്തികളെയും ലക്ഷ്ണ രേഖ വരച്ച് മാറ്റി നിര്‍ത്തണമെന്ന സി കെ ഗോവിന്ദന്‍ നായരുടെ അഭിപ്രായത്തിന് കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പൂര്‍ണ അംഗീകാരം നല്‍കുകയാണ്. സാമുദായിക ശക്തികള്‍ ലക്ഷ്മണ രേഖ കടന്നപ്പോഴെല്ലാം കോണ്‍ഗ്രസ് ക്ഷമിച്ചിട്ടുണ്ട്. ഇക്കാര്യം തുറന്ന് പറയാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

സി കെ ജി പ്രസിഡന്റായ കെ പി സി സിയില്‍ മാലേത്ത് ഗോപിനാഥപിള്ളയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് മന്നത്ത് പത്മനാഭന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അടുപ്പം വേറെ രാഷ്ട്രീയം വേറെയെന്നാണ് സി കെ ജി മറുപടി നല്‍കിയത്. വര്‍ഗീയ-സാമുദായിക സംഘടനകള്‍ ഭാവിയില്‍ സംഘടനക്ക് ദോഷം ചെയ്യുമെന്ന് സി കെ ജി ഭയപ്പെട്ടു. അദ്ദേഹത്തിന്റെ വീക്ഷണം ശരിവെക്കുന്നതാണ് ഇന്നത്തെ അനുഭവപാഠങ്ങള്‍. ഭാഷാടിസ്ഥാനത്തിലുള്ള കേരള രൂപീകരണത്തെ ശക്തമായി എതിര്‍ത്ത സി കെ ജി മദ്രാസ് കൂടി ഉള്‍പ്പെടെ വിശാലമായ കേരളമാണ് വിഭാവനം ചെയ്തത്. നമ്മുടെ കാര്‍ഷിക-സാമ്പത്തിക ശക്തിക്ക് അത് വേണമെന്ന് അദ്ദേഹം വിശ്വസിച്ചു. കേരളം കണ്ട ഏറ്റവും വലിയ കെ പി സി സി അധ്യക്ഷനായ സി കെ ജിയോടുള്ള ആദര സൂചകമായി നെയ്യാറില്‍ പണികഴിപ്പിക്കുന്ന കെ പി സി സി ക്യാമ്പ് സെന്ററിലെ ലൈബ്രറിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

Latest