കാലവര്‍ഷം: അഞ്ച് പേര്‍ കൂടി മരിച്ചു; കുട്ടനാട്ടില്‍ വ്യാപക കൃഷി നാശം

Posted on: June 28, 2013 7:36 am | Last updated: June 28, 2013 at 7:36 am
SHARE

200236712-001തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടരുന്ന ശക്തമായ മഴയില്‍ ഇന്നലെ അഞ്ച് പേര്‍ കൂടി മരിച്ചു. വിവിധ ജില്ലകളിലായി 10,8548 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. 301 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
536.21 ഹെക്ടറിലെ കൃഷി നശിച്ചതായാണ് ഔദ്യോഗിക കണക്ക്. ആറ് കോടി 51 ലക്ഷം രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ കണക്കാക്കിയിരിക്കുന്നത്. കനത്ത മഴയില്‍ വെളളം കയറി പലസ്ഥലത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഏറ്റവുമധികം നാശനഷ്ടമുണ്ടായ ആലപ്പുഴ ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. കുട്ടനാട്ടില്‍ ബണ്ട് പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കുട്ടനാട് കുന്നുമ്മല്‍ വില്ലേജില്‍ രാഘവന്‍ (53) ആണ് മരിച്ചത്.
ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് ആലപ്പുഴയിലാണ്. 157 ക്യാമ്പുകളാണ് ജില്ലയിലുള്ളത്. കുട്ടനാട്ടിലും വ്യാപകമായ നാശനഷ്ടമുണ്ടായി. 52 വീടുകളാണ് ആലപ്പുഴയില്‍ ഭാഗികമായി തകര്‍ന്നത്. 3,67,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ജില്ലയില്‍ പുതുതായി രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നിട്ടുണ്ട്. 92,491 പേരാണ് ജില്ലയിലെ 157 ക്യാമ്പുകളിലായി കഴിയുന്നത്.
കൊല്ലത്ത് 10 വീട് ഭാഗികമായി തകര്‍ന്നു. 132000 രൂപയുടെ നഷ്ടമുണ്ടായതായാണ് ഔദ്യോഗിക കണക്ക്. പത്തനംതിട്ടയില്‍ 10 വീടുകള്‍ ഭാഗികമായി തകര്‍ന്ന് 48,0000 രൂപയുടെ നാശനഷ്ടമുണ്ടായി.
കോട്ടയത്ത് രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നിട്ടുണ്ട്. 35 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കിയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എറണാകുളത്ത് രണ്ട് വീടുകള്‍ പൂര്‍ണമായും 16 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1,84,290 രൂപയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്. തൃശൂരില്‍ 25.21 ഹെക്ടര്‍ കൃഷി നശിച്ചു.1,13,13,100 രൂപയുടെ കൃഷിനാശം കണക്കാക്കുന്നു. പാലക്കാട്ട് 67.54ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി.
മലപ്പുറത്ത് 55 വീടുകള്‍ ഭാഗികമായി തകര്‍ന്ന് 6,18,500 രൂപ നഷ്ടമുണ്ടായി. വയനാട്ടില്‍ വ്യാപകമായി കൃഷിനാശമുണ്ടായി. 253.80 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.
കോഴിക്കോട്ട് 3.86 ഹെക്ടര്‍ കൃഷിനാശമുണ്ടായി. 51 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 1,13,8,000രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട്ട് 4.8 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി.