കൂട്ടുകാരിയുടെ വിവാഹം മുടക്കിയ കേസില്‍ യുവതി പിടിയില്‍

Posted on: June 27, 2013 9:02 pm | Last updated: June 27, 2013 at 9:02 pm
SHARE

ദുബൈ: വിവാഹം ആലോചിച്ച വ്യക്തി കൂട്ടുകാരിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചതിലുള്ള പക തീര്‍ക്കാന്‍, കൂട്ടുകാരിയുടെ ഇ മെയിലില്‍ നുഴഞ്ഞു കയറി അനാവശ്യ സന്ദേശങ്ങളയച്ച യുവതി പിടിയില്‍.
കൂട്ടുകാരിയുടെ ഇ മെയില്‍ തുറന്ന് വിവാഹം ഉറപ്പിച്ച വ്യക്തിക്കും അക്കൗണ്ടിലുള്ള മറ്റു വ്യക്തികള്‍ക്കും മോശമായ സന്ദേശങ്ങള്‍ അയച്ചാണ് ഇവര്‍ പ്രതികാരം ചെയ്തത്. യുവതിയുടെ കുതന്ത്രം ഫലിച്ചെങ്കിലും വൈകാതെ ഇവര്‍ പോലീസ് പിടിയിലാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബര്‍ദുബൈ പോലീസ് പറയുന്നതിങ്ങനെ: ഇ മെയില്‍ എക്കൗണ്ടില്‍ നുഴഞ്ഞു കയറി തന്നെ വിവാഹമാലോചിച്ച യുവാവിനും മറ്റു പലര്‍ക്കും പണവും സമ്മാനങ്ങളും ആവശ്യപ്പെട്ടുകൊണ്ടും പകരം തന്നെത്തന്നെ നല്‍കാമെന്ന് പറഞ്ഞുകൊണ്ടുമുള്ള മോശമായ സന്ദേശങ്ങള്‍ അയച്ചതായുള്ള പരാതിയുമായി ഇരയായ അറബ് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. മോശമായ സന്ദേശങ്ങള്‍ വിശ്വസിച്ച യുവാവ് വിവാഹക്കാര്യത്തില്‍ നിന്ന് പിന്മാറിയതായും പരാതിയില്‍ പറയുന്നുണ്ട്.
കുറ്റാന്വേഷണ വിഭാഗത്തിലെ സൈബര്‍ സെല്ലിന് കൈമാറിയ കേസില്‍ അന്വേഷണം പുരോഗമിക്കുകയും വൈകാതെ പ്രതി വലയിലാവുകയുമായിരുന്നു. കൂട്ടുകാരിയെ വിവാഹം ഉറപ്പിച്ച വ്യക്തിയെ സമീപിച്ച്, സന്ദേശത്തിലാവശ്യപ്പെട്ട പ്രകാരം പണം നല്‍കാന്‍ തയാറാണെന്നും നിശ്ചിത സ്ഥലത്തു വന്നാല്‍ പണം കൈമാറാമെന്നും മറുപടി അയക്കാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. പണം കൈപ്പറ്റാന്‍ പറഞ്ഞ സ്ഥലത്ത് എത്തിയ അറബ് യുവതിയെ പോലീസ് പിടികൂടി. നേരത്തെ തന്നെ വിവാഹമാലോചിച്ച് കാലുമാറിയ യുവാവും കൂട്ടുകാരിയുമായുള്ള ബന്ധം പൊളിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ഒരു വര്‍ഷം മുമ്പു തന്നെ കൂട്ടുകാരിയുടെ ഇ മെയിലിന്റെ പാസ്‌വേഡ് തന്ത്രപൂര്‍വം കൈക്കലാക്കിയെന്നും യുവതി പോലീസിനോട് സമ്മതിച്ചു.