Connect with us

Kannur

എച്ച്1 എന്‍1: ഗര്‍ഭിണികളെ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുന്നു

Published

|

Last Updated

കണ്ണൂര്‍;

കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനിടെ എച്ച് വണ്‍ എന്‍ വണ്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യവകുപ്പ് സംസ്ഥാനമെങ്ങും ജാഗ്രതാ നിര്‍ദേശം നല്‍കി. കാലാവസ്ഥാ മാറ്റത്തിനനുസൃതമായി ഇത്തവണ എച്ച്1 എന്‍1 രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ളതിനാല്‍ മുഴുവന്‍ ജില്ലകളിലും പരിശോധനക്കും രോഗപ്രതിരോധ നടപടികള്‍ക്കും ഊന്നല്‍ നല്‍കുന്ന പദ്ധതികളും ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഗര്‍ഭിണികളെ നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനവും തയ്യാറാക്കി. ആന്റിനെറ്റല്‍ സ്‌ക്രീനിംഗ് എന്ന പേരിലുള്ള പദ്ധതി പ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനക്കെത്തുന്ന ഗര്‍ഭിണികളില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് ദിവസമെന്നോണം വിവര ശേഖരണത്തിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. എല്ലാ ജില്ലകളിലും ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍സെറ്റല്‍ സിറാജിനോട് പറഞ്ഞു.
ആശുപത്രിയില്‍ പരിശോധനക്കെത്തുന്ന ഗര്‍ഭിണികളുടെ വീട്ടില്‍ച്ചെന്നോ ഫോണ്‍ മുഖാന്തിരമോ അതാത് ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയര്‍ പബ്ലിക ്‌ഹെല്‍ത്ത് നഴ്‌സുമാര്‍ വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ നിര്‍ദേശം പാലിക്കുന്നുണ്ടോയെന്നറിയാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലും സംവിധാനമൊരുക്കിയിട്ടുണ്ട്. എച്ച്1, എന്‍1 പനി ഗര്‍ഭിണികളിലാണ് ഏറ്റവും കൂടുതല്‍ അപകടകരമാകാന്‍ സാധ്യതയുള്ളത്. അതിനാല്‍ പനി, തുമ്മല്‍, ചുമ, നീര്‍വീഴ്ച, തൊണ്ടവേദന, തൊണ്ടകാറല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഗര്‍ഭിണികള്‍ പരിശോധനക്ക് വിധേയരാകുകയും ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
ഗര്‍ഭിണികളും പ്രമേഹ രോഗമുള്ളവരും ഫഌവിനെതിരെ വാക്‌സിന്‍ എടുക്കണം. രോഗബാധയുടെ ആദ്യത്തെ അഞ്ച് നാളുകളിലാണ് പ്രധാനമായും വൈറസ് പകരുന്നത്. കുട്ടികളിലാണെങ്കില്‍ രോഗം പകരുന്നത് പത്ത് ദിവസത്തിനുള്ളിലുമാകാം. ആദ്യ അഞ്ച് ദിവസങ്ങളിലെ ശരീരസ്രവങ്ങളുടെ പരിശോധനയിലൂടെ രോഗമുണ്ടോയെന്ന കണ്ടെത്താന്‍ കഴിയും. രോഗലക്ഷണങ്ങള്‍ കണ്ട് രണ്ട് ദിവസത്തിനകം മരുന്ന് കഴിക്കാനായാല്‍ ഏറെ ഫലപ്രദമായിരിക്കും. എച്ച്1, എന്‍1 പനി ലക്ഷണമുള്ളവര്‍ ജനസമ്പര്‍ക്കമൊഴിവാക്കണം. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ രോഗവ്യാപന സാധ്യത കൂടുതലാണ്.

 

---- facebook comment plugin here -----

Latest