നീലഗിരിയില്‍ മഴ കനത്തു; വ്യാപക നാശം

Posted on: June 26, 2013 1:08 pm | Last updated: June 26, 2013 at 1:08 pm
SHARE

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നു ജില്ലയിലെങ്ങും വ്യാപക നാശം. ഇന്ത്യയിലെ രണ്ടാം ചിറാപൂഞ്ചി എന്നറിയപ്പെടുന്ന ദേവാലയില്‍ 160 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഗൂഡല്ലൂരില്‍ 95 മില്ലിമീറ്ററും അവിലാഞ്ചിയില്‍ 260 മില്ലിമീറ്റര്‍ മഴയുമാണ് വര്‍ഷിച്ചത്.
ജില്ലയില്‍ റിക്കാര്‍ഡ് മഴയാണ് വര്‍ഷിക്കുന്നത്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ 20 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍ രണ്ടാംമൈല്‍ തട്ടക്കൊല്ലിയിലെ കുട്ടി, യൂസുഫ്, മണി എന്നിവരുടെ വീടുകള്‍ മണ്ണിടിഞ്ഞ് വീണ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇവരെ രണ്ടാംമൈല്‍ ഗവ.സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ രമ, കമ്മീഷണര്‍ മണി, തഹസില്‍ദാര്‍ പഴനികുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മേല്‍ ഗൂഡല്ലൂര്‍ ഒ വി എച്ച് റോഡിലെ വിമലാമൂര്‍ത്തിയുടെ വീട് കനത്ത മഴയില്‍ തകര്‍ന്നു. കൊങ്കന്‍വയല്‍ സ്വദേശി ശ്രീധരന്റെ വീടിന് മുകളിലേക്ക് മരം മറിഞ്ഞ് വീണ് വീട് തകര്‍ന്നിട്ടുണ്ട്. ശ്രീധരനും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഓവാലി പഞ്ചായത്തിലെ മൂന്ന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ബിദര്‍ക്കാട് മാണിവയല്‍ സ്വദേശി ഉസ്മാന്റെ വീടും തകര്‍ന്നിട്ടുണ്ട്. നാടുകാണി സ്വദേശി മണിവേലുവിന്റെ വീടും തകര്‍ന്നിട്ടുണ്ട്. ഗൂഡല്ലൂര്‍-നിലമ്പൂര്‍ അന്തര്‍സംസ്ഥാന പാതയിലെ നാടുകാണി ചുരത്തില്‍ കല്ലള ഉള്‍പ്പെടെയുള്ള നാലു സ്ഥലങ്ങളില്‍ മുളങ്കൂട്ടങ്ങളും മണ്‍കൂനകളും മരങ്ങളും റോഡിലേക്ക് മറിഞ്ഞ് വീണ് നാല് മണിക്കൂര്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ മൂന്ന് മണിമുതല്‍ രാവിലെ ഏഴ് മണിവരെയായിരുന്നു ഗതാഗതം തടസ്സപ്പെട്ടിരുന്നത്. അഗ്നിശമനസേനയും ഹൈവേവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി ഇവ നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. അത്‌പോലെ പന്തല്ലൂര്‍-താളൂര്‍ അന്തര്‍സംസ്ഥാന പാതയിലെ ചോലാടിയില്‍ റോഡിലേക്ക് മരവും മണ്‍കൂനകളും മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിമുതല്‍ പുലര്‍ച്ചെവരെയായിരുന്നു ഗതാഗതം തടസ്സപ്പെട്ടിരുന്നത്. പ്രദേശത്ത് കാട്ടാന തമ്പടിച്ചതിനാല്‍ ഇവ നീക്കംചെയ്യാന്‍ കൂടുതല്‍ സമയമെടുത്തിരുന്നു. അത്‌പോലെ ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയിലെ സാണ്ടിനല്ലയില്‍ മരംവീണ് ഒരുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ഏഴ് മണിമുതല്‍ എട്ട് മണിവരെയായിരുന്നു ഗതാഗതം തടസ്സപ്പെട്ടിരുന്നത്. തടസ്സം കാരണം റോഡിന്റെ ഇരുവശങ്ങളിലും നിരവധി വാഹനങ്ങളായിരുന്നു കുടുങ്ങികിടന്നിരുന്നത്. കനത്ത മഴകാരണം ജനജീവിതം ദുസ്സഹമായിട്ടുണ്ട്. മഴകാരണം ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അര്‍ച്ചനപട്‌നായിക് അവധി നല്‍കിയിരുന്നു.