സോളാര്‍ ഒരു തട്ടിപ്പിന്റെ പേരല്ല

Posted on: June 25, 2013 6:00 am | Last updated: June 24, 2013 at 11:20 pm
SHARE

 

“നമ്മുടെ സര്‍ക്കാര്‍ മനസ്സ് വെച്ചാല്‍ 2015ല്‍ വീടുകളില്‍ ആവശ്യമായ വൈദ്യുതി ഉത്പാദനം സൗരോര്‍ജത്തിലൂടെ സാധ്യമാക്കാന്‍ ഒരു പ്രയാസവുമില്ല. നമുക്ക് ഏകദേശം 250 മുതല്‍ 300 വരെ ദിവസങ്ങള്‍ വ്യക്തമായി സൂര്യപ്രകാശം ലഭിക്കും. എന്നാല്‍ സൂര്യനുദിച്ചാല്‍ ലഭ്യമാകുന്ന സൗരോര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കേരളത്തില്‍ വളരെ ചുരുക്കമാണ്. സോളാര്‍ പദ്ധതികള്‍ക്ക് ഇനിയും വേണ്ടത്ര പ്രചാരം സംസ്ഥാനത്ത് ലഭ്യമായിട്ടില്ലെന്നതാണ് സത്യം. സോളാര്‍ തട്ടിപ്പ് കേസോടെ വേറെ രീതിയിലാണെങ്കിലും സൗരോര്‍ജം ഉപയോഗിച്ചും നല്ല രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന തിരിച്ചറിവ് ഉണ്ടായിരിക്കയാണ്”.

 

solar panel

 

ഇന്ന് കേരളത്തില്‍ സോളാര്‍ പദ്ധതി (സൗരോര്‍ജ പദ്ധതി) എന്നാല്‍ പണമിടപാട് തട്ടിപ്പും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സംഭവവുമായാണ് സാധാരണ ജനങ്ങള്‍ കാണുന്നത്. വാസ്തവത്തില്‍ ലോകത്ത് ഏറ്റവും സുലഭമായി ലഭിക്കുന്ന, സൂര്യനില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിയാണിത്. യാതൊരു മലിനീകരണവുമില്ലാതെ താപനിലയം പോലെയോ ആണവര്‍ജ പദ്ധതികള്‍ പോലെയോ ഭയപ്പാടില്ലാതെ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന സോളാര്‍ പദ്ധതി പക്ഷേ, കേരളത്തില്‍ ഒരു തട്ടിപ്പിന്റെ രൂപത്തില്‍ ആബാലവൃദ്ധം ജനങ്ങളും മനസ്സിലാക്കാനിടവന്നത് ഖേദകരമാണ്.
യഥാര്‍ഥത്തില്‍ കഴിഞ്ഞ വേനലിലാണ് മലയാളികള്‍ വെള്ളത്തിന്റെ ശരിയായ വില മനസ്സിലാക്കിയത്. കുടിവെള്ളക്ഷാമം ഒരു ഭാഗത്ത്. വെള്ളമില്ലാത്തതിനാല്‍ ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പവര്‍ കട്ട് മൂലം ലോഡ് ഷെഡ്ഢിംഗ്. അസഹ്യമായ ചൂടില്‍ നിന്ന് രക്ഷനേടാന്‍ താത്കാലിക പരിഹാരം പോലുമില്ല. ഇതിന് കാരണം കേരളത്തില്‍ പശ്ചിമ ഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളില്‍ സ്ഥാപിതമായിട്ടുള്ള ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനം പിന്നോട്ടായാല്‍ വൈദ്യുത കമ്മിയുണ്ടാകുക ഈയടുത്ത് പതിവാണ്. എന്നാല്‍ സൂര്യനുദിച്ചാല്‍ ലഭ്യമാകുന്ന സൗരോര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കേരളത്തില്‍ വളരെ ചുരുക്കമാണ്. സോളാര്‍ പദ്ധതികള്‍ക്ക് ഇനിയും വേണ്ടത്ര പ്രചാരം സംസ്ഥാനത്ത് ലഭ്യമായിട്ടില്ലെന്നതാണ് സത്യം. സോളാര്‍ തട്ടിപ്പ് കേസോടെ വേറെ രീതിയിലാണെങ്കിലും സൗരോര്‍ജം ഉപയോഗിച്ചും നല്ല രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന തിരിച്ചറിവ് ഉണ്ടായിരിക്കയാണ്.
നമ്മുടെ സര്‍ക്കാര്‍ മനസ്സ് വെച്ചാല്‍ 2015ല്‍ വീടുകളില്‍ ആവശ്യമായ വൈദ്യുതി ഉത്പാദനം സൗരോര്‍ജത്തിലൂടെ സാധ്യമാക്കാന്‍ ഒരു പ്രയാസവുമില്ല എന്നതില്‍ തര്‍ക്കമില്ല. സൂര്യന്‍ പ്രകാശോര്‍ജമായും താപോര്‍ജമായും ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നുണ്ട്. ഇന്ന് ഈ ഭൂമുഖത്ത് ലഭ്യമായ എല്ലാ തരം ഊര്‍ജത്തിന്റെയും ഉറവിടം സൂര്യനാണ്. സൂര്യനില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാം എന്നത് വലിയ കാര്യമാണ്. നമുക്ക് ഏകദേശം 250 മുതല്‍ 300 വരെ ദിവസങ്ങള്‍ വ്യക്തമായി സൂര്യപ്രാകാശം ലഭിക്കും. നമ്മുടെ രാജ്യത്ത് നാല് മുതല്‍ ഏഴ് വരെ കിലോ വാട്ട് ചതുരശ്ര മീറ്റര്‍ സൗരോര്‍ജം യഥേഷ്ടം ലഭ്യവുമാണ്. സൗരോര്‍ജ വൈദ്യുതി ഉത്പാദനം ശബ്ദമലിനീകരണം, ആണവ വികിരണം മൂലമുള്ള പ്രശ്‌നങ്ങള്‍, വായു മലിനീകരണം, പ്രകൃതി വിഭവശോഷണം എന്നിവയൊന്നും സൃഷ്ടിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സൂര്യപ്രകാശം ലഭ്യമായ എല്ലാ സ്ഥലങ്ങളില്‍ നിന്നും സോളാര്‍ എനര്‍ജി മൂലമുള്ള വൈദ്യുതി ഉത്പാദനം സാധ്യമാണ്. പ്രാദേശികമായി ഏതാനും വാട്‌സ് മുതല്‍ മെഗാവാട്‌സ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സൗരോര്‍ജത്തിന് സാധിക്കും. വാട്ടര്‍ ഹീറ്റര്‍, കുടിവെള്ള പമ്പിംഗ്, സോളാര്‍ കുക്കര്‍, എയര്‍ കണ്ടീഷന്‍ തുടുങ്ങിയ വന്‍ കുതിരശക്തിയില്‍ പ്രവര്‍ത്തിക്കുന്ന വലിയ മോട്ടോറുകള്‍ വരെ സോളാര്‍ വൈദ്യുതി വഴി പ്രവര്‍ത്തിപ്പിക്കാനാകും. സൗരോര്‍ജം ഇലക്‌ട്രോമാഗ്നറ്റിക് റേഡിയേഷനുകളായിട്ടാണ് ഭൂമിയിലെത്തുന്നത്. ഈ റേഡിയേഷനുകള്‍ ഉപയോഗിച്ചാണ് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ലോകം പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളായ സൗരോര്‍ജത്തിന്റെയും കാറ്റിന്റെയും പിറകെ പോകുമ്പോള്‍ കേരളം ഇനിയും ജല ബോംബുകളായി മാറാനിരിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ പിറകെയാണെന്നത് വികസന രംഗത്തെ വൈചിത്ര്യമാണ്. കനാലുകള്‍, മരുഭൂമികള്‍, പാഴ്സ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സൗരോര്‍ജ വൈദ്യുതി പാനലുകള്‍ നിരത്താന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ പരക്കം പായുകയാണ്. എന്നാല്‍, കേരള സര്‍ക്കാര്‍ മാത്രം സൗരോര്‍ജ ഉത്പാദന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിറകിലാണ്.
സോളാര്‍ തട്ടിപ്പിന് ‘ടീം സോളാര്‍’ മലയാളികളെ തിരഞ്ഞുപിടിച്ചതും ഈ അജ്ഞത മനസ്സിലാക്കി അവസരം മുതലാക്കാനായിരുന്നു. സര്‍ക്കാറിന്റെ സോളാര്‍ വൈദ്യുതി പ്രചാരകരാകേണ്ട ഏജന്‍സികളുടെ നിരുത്തരവാദപരമായ സമീപനങ്ങള്‍ ഈ തട്ടിപ്പിന് ഊര്‍ജം പകര്‍ന്നിരിക്കാം.
2012-2013 വര്‍ഷത്തില്‍ ഇന്ത്യയില്‍ 3125 മെഗാവാട്ട് പാരമ്പര്യേതര ഊര്‍ജമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. 28,000 മെഗാവാട്ട് പാരമ്പര്യേതര വൈദ്യുതി ഉത്പാദനത്തിനായുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ കാറ്റില്‍ നിന്ന് 19,051 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ടിയും 1686 മെഗാവാട്ട് സൗരോര്‍ജത്തില്‍ നിന്നും 3632 ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നും 3697 മെഗാവാട്ട് ജൈവ ഊര്‍ജ പദ്ധതികളില്‍ നിന്നുമാണ്. 2022ഓടെ 20,000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു നാഷനല്‍ സോളാര്‍ മിഷന്‍ വിഭാവനം ചെയ്തിട്ടുണ്ട്. 2012- 2013ല്‍ മാത്രം 745 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇതില്‍ കേരളത്തിന്റെ ഉത്പാദനം ഒറ്റ സംഖ്യയില്‍ നില്‍ക്കുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് സൗരോര്‍ജ വൈദ്യുതി ഉത്പാദന രംഗത്തെ കേരളത്തിന്റെ പിന്നാക്കാവസ്ഥ മനസ്സിലാകുക. 2020 ആകുന്നതോടെ നമ്മുടെ രാജ്യത്ത് 2009ല്‍ തുടങ്ങിയ 19 ശതകോടി അമേരിക്കന്‍ ഡോളറിന്റെ സൗരോര്‍ജ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കും. ഇതില്‍ കേരളത്തിന് നേടിയെടുക്കാനായത് സോളാര്‍ തട്ടിപ്പിനുള്ള അവസരം നല്‍കി എന്നത് മാത്രമാണ്.
മറ്റു സംസ്ഥാനങ്ങളില്‍ ഈ പദ്ധതി വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ആശുപത്രികളിലും വഴിയോരങ്ങളില്‍ വരെ സൗരോര്‍ജ പാനുലുകള്‍ വഴി ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയാണ്. 2011 ആഗസ്റ്റ് മുതല്‍ 2012 ജൂലൈ വരെ രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡ്ഡില്‍ 1000 മെഗാവാട്ട് വൈദ്യുതിയാണ് സോളാര്‍ പദ്ധതികള്‍ വഴി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതിലും കേരളത്തിന്റെ സംഭാവന പൂജ്യമാണ്. നമുക്ക് വെയിലുള്ള 300 ദിനങ്ങള്‍ ഒരു വര്‍ഷം ലഭിക്കുകയാണെങ്കില്‍ 5000 ട്രില്യന്‍ കിലോ വാട്ട് മുതല്‍ 6000 ട്രില്യന്‍ കിലോവാട്ട്, വൈദ്യുതി വരെ സൗരോര്‍ജ പദ്ധതികള്‍ വഴി ലഭ്യമാക്കാനാകും.
ഇന്ത്യ സോളാര്‍ വൈദ്യുതി ഉത്പാദന രംഗത്ത് പച്ച പിടിച്ചു വരികയാണെങ്കിലും നമ്മുടെ രാജ്യത്ത് 2010ലെ കണക്കനുസരിച്ച് 50,000 ത്തോളം ഗ്രാമങ്ങളിലെങ്കിലും ഇനിയും വൈദ്യുതി കണക്ഷന്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് ഓര്‍ക്കണം. ഒഡിഷയിലെ 3000 ഗ്രാമങ്ങളില്‍ 2014ന് മുമ്പ് സൗരോര്‍ജം വഴി വൈദ്യുതീകരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 2012ല്‍ മാത്രം ഇന്ത്യയില്‍ 9,10,504 സൗരോര്‍ജ റാന്തലുകളും സോളാര്‍ ഊര്‍ജം ഉപയോഗിച്ച് വിളക്ക് കത്തിക്കുന്ന 8,01,654 വീടുകളും നമുക്കുണ്ടായി. വിവിധ സോളാര്‍ പദ്ധതികള്‍ക്കായി 30 മുതല്‍ 40 വരെ ശതമാനം സബ്‌സിഡി നല്‍കിയതായി 2012 രേഖപ്പെടുത്തിയിട്ടുണ്ട്. ഊര്‍ജ വകുപ്പ് 20 ദശലക്ഷം സൗരോര്‍ജ വിളക്കുകളുടെ നിര്‍മാണവും വിതരണവും 2022ന് മുമ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 2017ല്‍ 10,000 മെഗാവാട്ടും 2022ല്‍ 20,000 മെഗാവാട്ടും വൈദ്യുതി ഇന്ത്യയുടെ വൈദ്യുതി ഗ്രിഡ്ഡില്‍ സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതിയായി എത്തുമെന്ന് രാജ്യം കണക്കുകൂട്ടുന്നു. സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ വന്‍ കുതിച്ചുചാട്ടമാണ് 2012ല്‍ നടത്തിയത്. എന്നാല്‍, കേരള സംസ്ഥാനം സൗരോര്‍ജ ഉത്പാദന രംഗത്ത് കാര്യമായ പുരോഗതി കൈവരിക്കാത്തതിനാല്‍ 2013ലും വരള്‍ച്ചക്കൊപ്പം പവര്‍കട്ടും ലോഡ്‌ഷോഡ്ഡിംഗും സംസ്ഥാനത്ത് ക്ഷണിച്ചുവരുത്തുന്നതിന് ഇടയാക്കി. സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ സംസ്ഥാന സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥ മൂലം സംസ്ഥാനത്ത് 1000ത്തോളം മട്ടുപ്പാവ് സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിന് മാത്രമേ സാധിച്ചിട്ടുള്ളുവത്രേ. ഒരു കിലോവാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനായാല്‍ 92,000 രൂപ സബ്‌സിഡി ലഭ്യമാകുന്ന പദ്ധതികള്‍ വരെ അനര്‍ട്ടിന്റെ (ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വെന്‍ഷനല്‍ ആന്‍ഡ് റൂറല്‍ ടെക്‌നോളജി) പക്കലുണ്ട് എന്ന് പറയുന്നു. ഒരു സ്ഥാപനത്തിന് വേണ്ടി ഒരു യൂനിറ്റ് സോളാര്‍ പാനല്‍ നിര്‍മിച്ച് നല്‍കുന്നതിന് ഒന്നര ലക്ഷം മുതല്‍ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ വരെ ചെലവ് കണക്കാക്കുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ 30 ശതമാനം കിഴിവും കേരള സര്‍ക്കാറിന്റെ 39,000 രൂപയുടെ സബ്‌സിഡിയും സോളാര്‍ വൈദ്യുതി പദ്ധതികള്‍ക്ക് ലഭ്യമാണെന്നിരിക്കെ അനര്‍ട്ടോ കേരള സര്‍ക്കാറോ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡോ ഇക്കാര്യത്തില്‍ വേണ്ടത്ര പ്രചാരണങ്ങള്‍ നടത്തിയിട്ടില്ല. നടപടികളുമുണ്ടായില്ല. മറിച്ച് സബ്‌സിഡി നടപടികളില്‍ ‘സര്‍ക്കാര്‍ മുറ’ പ്രയോഗിച്ച് സൗരോര്‍ജ പദ്ധതികളെ കൊന്നുകുഴിച്ചുമൂടുകയാണ്. ഏതാണ്ട് ഒരു ഫാഷന്‍ എന്നതിലപ്പുറം സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ സൗരോര്‍ജ പദ്ധതികളെ അനര്‍ട്ടോ സര്‍ക്കാറോ ഇതുവരെ അവതരിപ്പിച്ചിട്ടില്ല എന്നതാണ് സോളാര്‍ തട്ടിപ്പ് പോലുള്ള സംഭവങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. കുറഞ്ഞ ചെലവില്‍ സോളാര്‍ ഊര്‍ജ ഉത്പാദനം നടത്താനായാല്‍ പുതിയ അണക്കെട്ടുകളോ വൈദ്യുതി ചാര്‍ജ് വര്‍ധനയോ ലാവ്‌ലിന്‍ അഴിമതികളോ ഒന്നും ഉണ്ടാകുമായിരുന്നില്ല. എന്തായാലും ടീം സോളാര്‍ നടത്തിയ വന്‍ തട്ടിപ്പില്‍ തട്ടി സോളാറിനെക്കുറിച്ച് ജനങ്ങള്‍ അറിഞ്ഞു. അതുകൊണ്ട് വൈദ്യുതി ബോര്‍ഡിന്റെ കടുംപിടിത്തങ്ങള്‍ മറികടന്ന് സൗരോര്‍ജ പദ്ധതികള്‍ പ്രചരിപ്പിക്കുന്നതിനും വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നടപ്പിലാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണം. ആശുപത്രികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഫഌറ്റുകളിലും സൗരോര്‍ജ പാനല്‍ വഴി വൈദ്യുതി ഉത്പാദനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്.
വീടുകളിലെ വൈദ്യുതി ബന്ധം ഇരട്ട മാര്‍ഗത്തിലൂടെയാകണം. സൂര്യപ്രകാശം ലഭ്യമാകുമ്പോള്‍ സോളാര്‍ വൈദ്യുതിയും അല്ലാത്തപ്പോള്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വൈദ്യുതിയും ലഭ്യമാകുന്ന രീതിയിലാക്കണം. തട്ടിപ്പുകള്‍ക്ക് പഴുത് നല്‍കാതെ ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കേണ്ട ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി തീര്‍ക്കാന്‍ സോളാര്‍ സോളാര്‍ വൈദ്യുതി ഉത്പാദനത്തിന് കഴിയുമെന്നതില്‍ തര്‍ക്കമില്ല. സോളാര്‍ പദ്ധതിയെന്നാല്‍ ഊര്‍ജ പദ്ധതിയാണെന്നും ടീം സോളാര്‍ തട്ടിപ്പ് പദ്ധതിയല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്.