Connect with us

International

പാക്കിസ്ഥാനില്‍ ഒമ്പത് വിദേശ സഞ്ചാരികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ പര്‍വതാരോഹണത്തിനെത്തിയ ഒമ്പത് വിദേശികളെയും അവരുടെ ഗൈഡിനെയും താലിബാന്‍ വധിച്ചു. ഹിമാലയ പര്‍വതാരോഹണത്തിനെത്തിയ സംഘത്തെ വടക്കന്‍ പാക്കിസ്ഥാനില്‍ വെച്ചാണ് കൊലപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സംഘം താമസിച്ച കൂടാരത്തിനേരെ ഒരു സംഘം അക്രമികള്‍ വെടിവെപ്പ് നടത്തിയതായും പാക്കിസ്ഥാന്‍ പൗരനായ ഗൈഡിനെയടക്കം ഒമ്പത് പേരെ കൊലപ്പെടുത്തിയതായും പോലീസ് മേധാവികള്‍ അറിയിച്ചു. ഇന്ത്യ, ചൈന അതിര്‍ത്തി പ്രദേശത്തെ നംഗാ പാര്‍ബത്തിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പാക്കിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളിലും താലിബാന്‍ ഉപമേധാവി വലിയുര്‍റഹ്മാനെ കൊലപ്പെടുത്തിയതിലുമുള്ള പ്രതിഷേധമാണ് ഈ ആക്രമണമെന്ന് തഹ്‌രീകെ താലിബാന്‍ വക്താവ് ഇഹ്‌സാനുള്ള ഇഹ്‌സാന്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 29ന് വടക്കന്‍ വസീറിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് താലിബാന്റെ രണ്ടാമനെന്ന് അറിയപ്പെടുന്ന വലിയുര്‍റഹ്മാന്‍ കൊല്ലപ്പെട്ടത്. എ എഫ് പി ന്യൂസ് ഏജന്‍സിക്ക് നല്‍കിയ സന്ദേശത്തിലാണ് താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. വിദേശികള്‍ക്ക് നേരെ തുടര്‍ ദിവസങ്ങളില്‍ കനത്ത ആക്രമണം ഉണ്ടാകുമെന്നും താലിബാന്‍ വക്താവ് ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട സഞ്ചാരികള്‍ ഉക്രൈന്‍, ചൈന, റഷ്യ എന്നിവിടങ്ങളിലുള്ളവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പര്‍വതത്തില്‍ നിന്ന് താഴെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പര്‍വതങ്ങളില്‍ അമ്പതോളം സഞ്ചാരികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest