Connect with us

Business

സ്വര്‍ണ വിപണി തളര്‍ച്ചയില്‍; റബ്ബര്‍ ഉത്പാദനത്തില്‍ പ്രതിസന്ധി

Published

|

Last Updated

കൊച്ചി: അന്താരാഷ്ട്ര സ്വര്‍ണ വിപണി 2010 നു ശേഷമുള്ള ഏറ്റവും രൂക്ഷമായ തളര്‍ച്ചയില്‍. വെളിച്ചെണ്ണക്ക് കൂടിയ നിരക്കില്‍ അന്വേഷണം ചുരുങ്ങുന്നു. മഴ റബ്ബര്‍ ഉത്പാദനത്തിന് തടസ്സം ഉളവാക്കുന്നു. രൂപയുടെ തളര്‍ച്ച കുരുമുളക് നേട്ടമാക്കി.
ആഗോള വിപണിയില്‍ സ്വര്‍ണം കനത്ത വിലത്തകര്‍ച്ചയില്‍. സാമ്പത്തിക ഉത്തേജക നടപടികളില്‍ നിന്ന് ഈ വര്‍ഷം തന്നെ പിന്‍വലിയാനുള്ള അമേരിക്കന്‍ കേന്ദ്ര ബേങ്കിന്റെ നീക്കമാണ് സ്വര്‍ണത്തിന്റെ കരുത്തു ചോര്‍ത്തിയത്. വിനിമയ വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതു കണ്ട് നിക്ഷേപകര്‍ സ്വര്‍ണ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ചതാണ് വിപണിയുടെ കരുത്തു ചോര്‍ത്തിയത്. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ഔണ്‍സിന് 1392 ഡോളറില്‍ നിന്ന് 1292 ഡോളറായി. സാങ്കേതികമായി വീക്ഷിക്കുമ്പോള്‍ വിപണി ദുര്‍ബലമാണ്. വരും ദിനങ്ങളില്‍ സ്വര്‍ണം വില കൂടുതല്‍ താഴ്ന്നിറങ്ങാം. രൂപയുടെ തകര്‍ച്ച കേരളത്തില്‍ പവന്റെ നിരക്ക് 20,920 രൂപ വരെ ഉയര്‍ത്തി. പിന്നീട് വില 20,400 ലേക്ക് താഴ്ന്നു.
ശക്തമായ മഴയെ തുടര്‍ന്നു സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും റബര്‍ ടാപ്പിംഗ് നിലച്ചു. സ്‌റ്റോക്കിസ്റ്റുകളുടെ കൈവശമുള്ള ചരക്കാണ് ഇപ്പോള്‍ വിപണിയിലേയ്ക്ക് നീങ്ങുന്നത്. രാജ്യാന്തര റബ്ബര്‍ വിപണി തളര്‍ച്ചയില്‍ ആയതിനാല്‍ കൂടുതല്‍ വില നല്‍കി ചരക്കെടുക്കാന്‍ ആഭ്യന്തര വ്യവസായികള്‍ താല്‍പര്യം കാണിക്കുന്നില്ല. ഇതിനിടയില്‍ ഉത്തരേന്ത്യന്‍ വ്യാപാരികളില്‍ നിന്ന് ലാറ്റക്‌സിനു ആവശ്യമേറി. ലാറ്റക്‌സ് വില 11,800 ലേക്ക് ഉയര്‍ന്നു. മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് റബര്‍ 17,550 ലും അഞ്ചാം ഗ്രേഡ് 17,050 രൂപയിലും സ്‌റ്റെഡിയായി തുടര്‍ന്നു.
രൂപയുടെ തളര്‍ച്ച കുരുമുളകിന്റെ കയറ്റുമതി സാധ്യതകള്‍ വര്‍ധിപ്പിച്ചു. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കുരുമുളകിന് വന്‍ ഓര്‍ഡറുകള്‍ എത്തുന്നു. വിദേശ വ്യാപാരങ്ങള്‍ ഉറപ്പിക്കുന്നവര്‍ കാര്‍ഷിക മേഖലയില്‍ നിന്നും ടെര്‍മിനല്‍ വിപണിയില്‍ നിന്നും ചരക്ക് സംഭരിക്കാന്‍ തിടുക്കം കൂട്ടുന്നുണ്ട്. ഡിമാന്‍ഡ് ശക്തമായതോടെ ക്വിന്റലിന് 1500 രൂപ കഴിഞ്ഞ വാരം ഉയര്‍ന്നു. പുതിയ കരാറുകള്‍ പ്രകാരം ചരക്ക് ആഗസ്റ്റ് മാസത്തിനകം കപ്പല്‍ കയറ്റണം. കയറ്റുമതി വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില 6600 ഡോളറാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 35,700 രൂപയില്‍ നിന്ന് 37200 രൂപയായി കയറി.
നാളികേരത്തിന്റെ ലഭ്യത കുറവ് ഉത്പന്നത്തിന്റെ വില ഉയര്‍ത്തിയെങ്കിലും ഉയര്‍ന്ന നിരക്കില്‍ വെളിച്ചെണ്ണക്ക് ഡിമാന്‍ഡ് കുറവാണ്. ഈ സാഹചര്യത്തില്‍ വിലക്കയറ്റം തുടരുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടു്. 6850 രൂപയില്‍ വില്‍പ്പന ആരംഭിച്ച വെളിച്ചെണ്ണ വാരാന്ത്യം 6950 ലാണ്. കൊപ്ര വില 4825 രൂപയിലും. സര്‍ക്കാര്‍ ഏജന്‍സി കൊപ്ര സംഭരണം ഊര്‍ജിതമാക്കിയാല്‍ നാളികേരോത്പന്നങ്ങളുടെ നിരക്ക് കൂടുതല്‍ മുന്നേറും.