പ്രഖ്യാപനങ്ങള്‍ ഫലം കണ്ടില്ല; ബ്രസീലില്‍ പ്രക്ഷോഭം ശക്തം

Posted on: June 24, 2013 8:50 am | Last updated: June 24, 2013 at 8:50 am
SHARE

download (1)ബ്രസീലിയ: ബ്രസീലില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ദില്‍മാ റൂസ്സഫ് നടത്തിയ പരിഷ്‌കരണ പ്രഖ്യാപനങ്ങള്‍ ഫലം കണ്ടില്ല. കോണ്‍ഫെഡറേഷന്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെ ബെലോ ഹോറിസോന്‍ഡ് നഗരത്തില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നു. പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങള്‍ വകവെക്കാതെ ഇന്നലെ പന്ത്രണ്ടോളം നഗരങ്ങളില്‍ പ്രക്ഷോഭം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതു ഗതാഗതം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് സാവോ പോളോയിലും സമീപ നഗരങ്ങളിലും നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യവ്യാപകമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ലോക കപ്പ് മത്സരങ്ങള്‍ക്ക് അടുത്തവര്‍ഷം വേദിയാകാനിരിക്കെ ബ്രസീലിന് പ്രക്ഷോഭം കടുത്ത തലവേദനയായിരിക്കുകയാണ്.
പ്രക്ഷോഭകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായി പ്രസിഡന്റ് രംഗത്തുവന്നെങ്കിലും പ്രക്ഷോഭത്തിന് ശമനമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രധാന നഗരമായ സാവോ പോളോയില്‍ ഇന്നലെയും ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭങ്ങള്‍ നടന്നു. പലയിടത്തും പ്രക്ഷോഭകരെ പോലീസ് നേരിട്ടു.
മെക്‌സിക്കോയും ജപ്പാനും തമ്മിലുള്ള കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മത്സരം നടക്കാനിരിക്കെയാണ് ബലോ ഹോറിസോന്‍ഡ് നഗരത്തില്‍ അക്രമാസക്തമായ പ്രക്ഷോഭം നടന്നത്. പ്രക്ഷോഭകര്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതാണ് ഏറ്റുമുട്ടലിനിടയായതെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു.
പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറാണെന്നും പ്രക്ഷോഭം അവസാനിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറാകണമെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചക്കുള്ള പ്രസിഡന്റിന്റെ ക്ഷണം സ്വീകരിക്കാന്‍ പ്രക്ഷോഭകര്‍ തയ്യാറായില്ല. പ്രക്ഷോഭം ശക്തമായാല്‍ ബ്രസീലില്‍ നിന്ന് ലോകകപ്പ് മത്സരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റുമെന്നുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്.