Connect with us

Gulf

ആശ്വാസമായി എ കെ എം ജി, മര്‍കസ് മെഡിക്കല്‍ ക്യാമ്പ്‌

Published

|

Last Updated

ദുബൈ: എ കെ എം ജി, ദുബൈ മര്‍കസ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസമായി. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ വൈകുന്നേരം ആറു വരെ നടന്ന ക്യാമ്പില്‍ അറുപതില്‍ പരം ഡോക്ടര്‍മാര്‍ 2015 പരിശോധനകള്‍ നടത്തി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 1,450 പേര്‍ക്ക് പുറമെ ക്യാമ്പ് നടക്കുന്നതറിഞ്ഞ് എത്തിയവരെയും പരിശോധനാ വിധേയമാക്കി. സൗജന്യ മരുന്ന് വിതരണവും നടന്നു. ദുബൈയിലെ ഏതാനും ലേബര്‍ ക്യാമ്പുകളില്‍ നിന്നും ആളുകളെ എത്തിച്ച് പരിശോധിച്ചു.
ജനറല്‍ മെഡിസിന്‍, ഇ എന്‍ ടി, ഹൃദ്രോഗം, കണ്ണ്, ദന്തല്‍, എല്ല്, പ്രമേഹം, ചര്‍മം, ആമാശയം, മൂത്രാശയം തുടങ്ങിയ വിഭാഗങ്ങളിലാണ് മെഡിക്കല്‍ പരിശോധന നടന്നത്. ബ്ലഡ് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവയും പരിശോധനാ വിധേയമാക്കി. ഉഷ്ണകാലത്തെ ആരോഗ്യ സംരക്ഷണത്തെ കറിച്ചും മറ്റും ബോധവല്‍കരണവും നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം കോണ്‍സുല്‍ ഡോ. ടിജു തോമസ് നിര്‍വഹിച്ചു. എ കെ എം ജി പ്രസിഡന്റ് ഡോ. സതീഷ് അധ്യക്ഷത വഹിച്ചു. ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഓഫീസ് മേധാവി സാലിം മുഹമ്മദ് ബിന്‍ ലാഹജ് മുഖ്യാതിഥിയായിരുന്നു. സാധാരണക്കാരായ ആളുകള്‍ക്ക് വൈദ്യസഹായമൊരുക്കുന്ന എ കെ എം ജിയുടെയും മര്‍കസിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഡോ. ഇജാസ്, ഡോ. ആരിഫ്, അബൂബക്കര്‍ കേളോത്ത്, ശരീഫ് കാരശ്ശേരി, സലാം സഖാഫി എരഞ്ഞിമാവ് പ്രസംഗിച്ചു. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Latest