സില റോഡില്‍ ട്രക്കുകളുടെ പരിശോധന കര്‍ശനമാക്കുന്നു

Posted on: June 23, 2013 7:37 pm | Last updated: June 23, 2013 at 7:37 pm
SHARE

traffic_jamഅബുദാബി: അപകടങ്ങളില്ലാത്ത വേനല്‍ക്കാലം എന്ന പ്രമേയവുമായി അബുദാബി ട്രാഫിക് വകുപ്പ് നടത്തുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അബുദാബി സില റോഡില്‍ ട്രക്കുകളുടെ പരിശോധന കര്‍ശനമാക്കി. വേനലവധി തുടങ്ങുന്നതിനാല്‍ സില റോഡ് വഴി രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വാഹനങ്ങളുടെ ഒഴുക്ക് വര്‍ധിക്കാനിടയുള്ളതിനാലാണിത്.
ടയറുകളുടെ സ്ഥിതി, വേഗത, ട്രക്കുകളിലുള്ള ലോഡിന്റെ അളവ്, രണ്ട് വാഹനങ്ങള്‍ക്കിടയില്‍ പാലിക്കേണ്ട ദൂരം എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധനക്കു വിധേയമാക്കുകയെന്ന് വെസ്‌റ്റേണ്‍ റീജിയന്‍ ട്രാഫിക് തലവന്‍ സുഹൈല്‍ സയ്യാഹ് അല്‍ മസ്‌റൂഇ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ നടന്ന ട്രാഫിക് അപകടങ്ങളില്‍ 11 ശതമാനവും ട്രക്കുകള്‍ കാരണമായി ഉണ്ടായതാണ്. ഇതിലധികവും വേഗ നിയന്ത്രണം പാലിക്കാത്തതിനാലാണ്. കാറുകള്‍ക്ക് അനുവദിച്ച പരമാവധി വേഗത 140 ട്രക്കുകള്‍ക്ക് 80 കിലോമീറ്ററുമാണ്. പലപ്പോഴും ഇത് ലംഘിക്കപ്പെടുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ടയറുകളുടെ സുരക്ഷയും അതിപ്രധാനമാണ്. കാലാവധി കഴിഞ്ഞ ടയറുകളും ഒറിജിനല്‍ അല്ലാത്തവയും അപകടങ്ങള്‍ വിളിച്ചുവരുത്തും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു ടയര്‍ ഉപയോഗിക്കരുതെന്ന് ട്രാഫിക് വകുപ്പിന്റെ നിയമം നിലവിലുണ്ട്.