മുസ്ലിം വിവാഹം: സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കും

Posted on: June 23, 2013 12:11 am | Last updated: June 23, 2013 at 8:44 am
SHARE

weddingതിരുവനന്തപുരം: വിവാഹ പ്രായം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി പുതിയ സര്‍ക്കുലര്‍ ഇറക്കും. പതിനാറ് വയസ്സ് കഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ലെന്ന് കാണിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ രജിസ്‌ട്രേഷന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. നടന്ന വിവാഹങ്ങളുടെ രജിസ്‌ട്രേഷനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, 2006ലെ ശൈശവ വിവാഹ നിരോധ നിയമത്തിന് എതിരാണിതെന്ന വിമര്‍ശം ഉയര്‍ന്നതോടെ നേരത്തെ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കാതെ തന്നെ ശൈശവ വിവാഹം തടയണമെന്ന് നിര്‍ദേശിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കാനാണ് തീരുമാനം.
പതിനാറ് വയസ്സിന് മുകളില്‍ നടന്ന വിവാഹങ്ങള്‍ മതാധികാര സ്ഥാപനങ്ങള്‍, മഹല്ല് ജമാഅത്തുകള്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നായിരുന്നു തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഇറക്കിയ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് സര്‍ക്കുലറും ഇറക്കി. 2013 ഏപ്രില്‍ ആറിന് തന്നെ തദ്ദേശ വകുപ്പിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ ഇന്‍സ്റ്റിറ്റിയൂട്ടിന് (കില) നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതിനു ശേഷവും മുസ്‌ലിം വധുവിന് പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ലെന്ന കാരണത്താല്‍ പല തദ്ദേശ രജിസ്ട്രാര്‍മാരും വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നില്ല. 1957ലെ മുസ്‌ലിം വിവാഹ നിയമത്തില്‍ വിവാഹ സമയം പുരുഷന്മാര്‍ക്ക് ഇരുപത്തൊന്ന് വയസ്സും സ്ത്രീകള്‍ക്ക് പതിനെട്ട് വയസ്സും തികഞ്ഞിരിക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല. മാത്രമല്ല, 2006ലെ ശൈശവ വിവാഹ നിരോധ നിയമപ്രകാരം ഇരുപത്തൊന്ന് വയസ്സ് തികയാത്ത പുരുഷനും പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് പറഞ്ഞിട്ടുമില്ല. ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയത്.
പതിനെട്ട് വയസ്സ് തികഞ്ഞില്ലെന്ന കാരണത്താല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുന്നില്ലെന്ന പരാതി പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. യഥാസമയം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തത് മൂലം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും സര്‍ക്കാറില്‍ നിന്നുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്കും തടസ്സം നേരിട്ടിരുന്നു. നടപടിക്രമം അനുസരിച്ച് രജിസ്‌ട്രേഷന്‍ നടത്താന്‍ വിവാഹ തീയതിയില്‍ മാറ്റം വരുത്തിയാണ് പലരും തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നത്. കുട്ടികളുടെ ജനന തീയതിയും വിവാഹ തീയതിയും തമ്മില്‍ യോജിക്കാത്ത സാഹചര്യത്തിന് ഇത് ഇടയാക്കി. ഇത്തരം പ്രായോഗിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലര്‍.
പതിനാറ് വയസ്സ് തികഞ്ഞവരുടെ രജിസ്‌ട്രേഷന്‍ നടത്താമെന്ന ഉത്തരവ് ദുരുപയോഗം ചെയ്യുമെന്നും ശൈശവവിവാഹം പ്രോത്സാഹിപ്പിക്കുന്നതാണെന്നുമുള്ള വിമര്‍ശമാണ് പ്രധാനമായും ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ശൈശവ വിവാഹം തടയണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള പുതിയ സര്‍ക്കുലര്‍ നല്‍കാനാണ് തീരുമാനം.