ഭരണകൂടം ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കണം: കലക്ടര്‍

Posted on: June 21, 2013 8:06 am | Last updated: June 21, 2013 at 8:06 am
SHARE

നിലമ്പൂര്‍: ഭരണകൂടങ്ങള്‍ ജനങ്ങളിലേക്കിറങ്ങിച്ചെന്ന പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ബിജു പറഞ്ഞു. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ആദിവാസികളുടെ സമഗ്രക്ഷേമത്തിനായുള്ള പദ്ധതികള്‍ സമര്‍പ്പിക്കുവാനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് രൂപ വിവിധ സര്‍ക്കാരുകള്‍ ചെലവഴിക്കുമ്പോഴും പദ്ധതികള്‍ ആദിവാസികള്‍ക്ക് യോജിച്ച തരത്തില്‍ എത്തിക്കുവാന്‍ നമുക്കാകുന്നില്ലെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു. ആദിവാസികള്‍ക്ക് വേണ്ട പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയണം. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാകണം പദ്ധതികള്‍ തയ്യാറാക്കേണ്ടത്. ഇതിനായി നിയോജക മണ്ഡലം തലത്തില്‍ ഓരോ കോളനിയുടെയും വിവരശേഖരണം നടത്തണം. ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരു ദൗത്യമായി ഏറ്റെടുത്ത് നടപ്പിലാക്കണം. പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് വിശദീകരിച്ചു. ജില്ലയിലെ 13,000-ത്തോളം ആദിവാസികളില്‍ പതിനായിരത്തിലേറെപ്പേര്‍ നിലമ്പൂര്‍ മണ്ഡലത്തിലാണുള്ളതെന്ന് ഷൗക്കത്ത് പറഞ്ഞു. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും എാകോപനമില്ലായ്മയാണ് പ്രധാന പ്രശ്‌നമായി വരാറുള്ളത്. കോളനികള്‍ കേന്ദ്രീകരിച്ച് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആദിവാസികള്‍ക്കുള്ള വീടുകളില്‍ 60 ശതമാനവും താമസ യോഗ്യമല്ലെന്നും ഷൗക്കത്ത് പറഞ്ഞു. വിദ്യാഭ്യാസം, ഉപജീവന മാര്‍ഗം, മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍, ആരോഗ്യം, ഭക്ഷണം, വസ്ത്രം, വീട്, കുടിവെള്ളം, വൈദ്യുതി എന്നീ പ്രശ്‌നങ്ങളെയെല്ലാം തരംതിരിച്ചാണ് ചര്‍ച്ചക്ക് തുടക്കമിട്ടിരുന്നത്. ചര്‍ച്ചകളുടെ ഫലങ്ങള്‍ പഞ്ചായത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രശ്‌നങ്ങള്‍ കണ്ടെത്തി പദ്ധതികള്‍ അടുത്തമാസം എട്ടിന് സമര്‍പ്പിക്കും. വീണ്ടും 11-ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരും. അന്ന് പദ്ധതികള്‍ വേര്‍തിരിച്ച ജില്ലാ തല അനുമതി നല്‍കും.തുടര്‍ന്ന് 20-ന് അവസാന തല പദ്ധതി തയ്യാറാക്കും. യോഗത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.