Connect with us

National

മുംബൈയില്‍ ഹാക്കിംഗിലൂടെ തട്ടിയത് 15.48 ലക്ഷം

Published

|

Last Updated

മുംബൈ: മുംബൈയില്‍ പതിനാല് പോലീസുകാരുടെയുള്‍പ്പെടെ 37 പേരുടെ ആക്‌സിസ് ബേങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് എ ടി എമ്മില്‍ നിന്ന് കവര്‍ന്നത് 15.48 ലക്ഷം. വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രഹസ്യ ഉപകരണം കോളാബയിലെ പോലീസ് ആസ്ഥാനത്തിന് സമീപമുള്ള എ ടി എമ്മിനുള്ളില്‍ നിക്ഷേപിച്ച് ഡെബിറ്റ് കാര്‍ഡുകളുടെ രഹസ്യ കോഡുകള്‍ കൈവശപ്പെടുത്തുകയും ഇതുപയോഗിച്ച് അനധികൃതമായി ഹാക്കര്‍മാര്‍ പണം കവര്‍ന്നതുമാകാമെന്നാണ് പോലീസ് നിഗമനം. രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ഉപകരണം കഴിഞ്ഞ ഏപ്രിലില്‍ എ ടി എമ്മിനുള്ളില്‍ ഘടിപ്പിച്ചിരുന്നെങ്കിലും ഈ ആഴ്ച മുതലാണ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആരംഭിച്ചത്. ചിലതില്‍ പണം പിന്‍വലിച്ചത് ഗ്രീസില്‍ നിന്നാണ്. ഇവിടെ നിന്ന് പിന്‍വലിച്ച യൂറോയുടെ കണക്ക് പോലീസും ബേങ്ക് അധികൃതരും ഇതുവരെ നിര്‍ണയിച്ചിട്ടില്ല.
ഈ മാസം പത്തിന് 9,500 രൂപ തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി ഒരു പോലീസ് കോണ്‍സ്റ്റബിളിന് മെസ്സേജ് വന്നിരുന്നു. തന്റെ കാര്‍ഡ് ഉപയോഗിച്ച് ഗ്രീസില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കാണിച്ച് ഒരു അറിയിപ്പും ലഭിച്ചു. സംഭവം സഹപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയതോടെയാണ് മറ്റുള്ളവരുടെ അക്കൗണ്ടില്‍ നിന്ന് സമാനമായ രീതിയില്‍ പണം പിന്‍വലിച്ച കാര്യം വ്യക്തമായത്. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പണം പിന്‍വലിച്ച ദിവസം കാര്‍ഡുടമകളാരും എ ടി എം കൗണ്ടറുകളിലെത്തിയിട്ടില്ലെന്ന് വ്യക്തമായി. പണം നഷ്ടപ്പെട്ട മുഴുവന്‍ ആളുകളുടെയും പേരും വിവരവും സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസുകാരുടെ അക്കൗണ്ടില്‍ നിന്ന് മാത്രം 2.5 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ചതായും പോലീസ് വെളിപ്പെടുത്തി.

Latest